ഹാദിയ മുസ്ലിമായി ജീവിക്കുന്നതിനെ എതിര്‍ക്കില്ലെന്ന് പിതാവ് അശോകന്‍ സുപ്രീം കോടതിയില്‍

Posted on: March 6, 2018 1:52 pm | Last updated: March 6, 2018 at 6:57 pm

ന്യൂഡല്‍ഹി: ഹാദിയ മുസ്ലിമായി ജീവിക്കുന്നതിനെ എതിര്‍ക്കില്ലെന്ന് പിതാവ് അശോകന്‍ സുപ്രിം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. താന്‍ നിരീശ്വരവാദിയാണ്. തനിക്ക് ഹിന്ദുമതത്തിലോ ഇസ്ലാമിലോ വിശ്വാസമില്ല. ഭാര്യ ഹിന്ദുമതത്തില്‍ വിശ്വസിക്കുന്നതിനെയും മകള്‍ ഇസ്ലാം മതത്തില്‍ വിശ്വസിക്കുന്നതിനെയും എതിര്‍ക്കില്ലെന്നും അദ്ദേഹം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

അതേസമയം, മകളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും തീവ്രവാദി നിയന്ത്രണത്തിലുള്ള സ്ഥലങ്ങളില്‍ കൊണ്ടുപോയി ലൈംഗിക അടിമയോ മനുഷ്യ ബോംബോ ആക്കുകയും ചെയ്യുന്നതിന് മൂകസാക്ഷിയാകാന്‍ തനിക്ക് കഴിയില്ലെന്നും അശോകന്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.

ഹാദിയയുടെ സുഹൃത്ത് അമ്പിളി പിന്തിരിപ്പിച്ചിട്ടില്ലായിരുന്നുവെങ്കില്‍ ഫാസില്‍ മുസ്തഫയുടെ രണ്ടാം ഭാര്യയായി അവള്‍ യമനില്‍ എത്തുമായിരുന്നു. ഫാസില്‍ മുസ്തഫ ഷെറിന്‍ ഷഹാന ദമ്പതികളുമായുള്ള ഹാദിയയുടെ ബന്ധം എന്‍ഐഎ പരിശോദിക്കണമെന്നും അശോകന്‍ ആവശ്യപ്പെട്ടു.