അധോലോക കള്ളക്കടത്ത് സംഘത്തലവന്‍ ബിഷു ഷെയ്ക്ക് അറസ്റ്റില്‍

Posted on: March 6, 2018 1:12 pm | Last updated: March 6, 2018 at 4:33 pm

കൊച്ചി: അധോലോക കള്ളക്കടത്ത് സംഘത്തലവന്‍ ബിഷു ഷെയ്ക്കിനെ സിബിഐ അറസ്റ്റ് ചെയ്തു. കൊച്ചിയില്‍ നിന്നുള്ള സിബിഐ സംഘം കൊല്‍ക്കത്തയില്‍ വെച്ച് അതിസാഹസികമായാണ് ഇയാളെ പിടികൂടിയത്. ആലപ്പുഴ സ്വദേശിയായ ബിഎസ്എഫ് ജവാന്‍ ജിബു ഡി മാത്യു കള്ളക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കേസിന്റെ അന്വേഷണമാണ് ബിഷു ഷെയ്ക്കിലേക്ക് എത്തിയത്. ഇന്തോ – ബംഗ്ലാ അതിര്‍ത്തി വഴി കോടിക്കണക്കിന് രൂപയുടെ കള്ളക്കടത്ത് നടത്തുന്ന സംഘത്തിന്റെ തലവനാണ് ഇയാള്‍.

അന്താരാഷ്ട്ര കള്ളക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഐഎ അന്വേഷിക്കുന്നയാള്‍ കൂടിയാണ് ബിഷു ഷെയ്ക്ക്. സദാ സമയവും അംഗരക്ഷകരുടെ കൂടെയാണ് ഇയാള്‍ കഴിഞ്ഞിരുന്നത്. കൊല്‍ക്കത്തയില്‍ നിന്ന് കൊച്ചയില്‍ എത്തിച്ച ഇയാളെ കോടതിയില്‍ ഹാജരാക്കുന്നതിനായി തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി.

കള്ളക്കടത്തും മയക്കുമരുന്നും കടത്തുന്നതിനായി ജിബു ഡി മാത്യുവിന് വന്‍തുക പ്രതിഫലം നല്‍കിയിരുന്നതായി ബിഷു സിബിഐക്ക് മൊഴി നല്‍കി. കഴിഞ്ഞ ജനുവരി 30നാണ് ട്രെയിനില്‍ സഞ്ചരിക്കവെ 45 ലക്ഷം രൂപയുമായി ജിബു അറസ്റ്റിലായത്.