ബിജെപി ഭരണംപിടിച്ചതിന് പിന്നാലെ ത്രിപുരയില്‍ വ്യാപക ആക്രമണം; നിരോധനാജ്ഞ

Posted on: March 6, 2018 9:09 am | Last updated: March 6, 2018 at 4:06 pm

അഗര്‍ത്തല: കാല്‍ നൂറ്റാണ്ട് നീണ്ട സിപിഎം ഭരണത്തിന് അന്ത്യം കുറിച്ച് ബിജെപി അധികാരത്തിലേറിയ ത്രിപുരയില്‍ വ്യാപക ആക്രമണം. സിപിഎം ഓഫീസുകള്‍ക്ക് നേരെയും പ്രവര്‍ത്തകര്‍ക്ക് നേരെയും ബിജെപി പ്രവര്‍ത്തകര്‍ വന്‍ ആക്രമണമാണ് അഴിച്ചുവിടുന്നത്. നിരവധി സ്ഥലങ്ങളില്‍ സിപിഎം ഓഫീസുകള്‍ അടിച്ചുതകര്‍ത്ത ബിജെപിക്കാര്‍ ബലോണിയയില്‍ സ്ഥാപിച്ചിരുന്ന ലെനിന്റെ പ്രതിമയും തകര്‍ത്തു. ബുള്‍ഡോസര്‍ ഉപയോഗിച്ചാണ് പ്രതിമ തകര്‍ത്തത്. സംഘര്‍ഷം വ്യാപിച്ചതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്നതിനിടയിലാണ് പ്രതിമക്ക് നേരെ ആക്രമണം നടന്നത്. ബലോണിയയിലെ കോളജ് സ്‌ക്വയറില്‍ അഞ്ച് വര്‍ഷം മുമ്പ് സ്ഥാപിച്ചതാണ് പ്രതിമ. പ്രതിമ മറിച്ചിട്ടി അക്രമികള്‍ തല മുറിച്ച് മാറ്റി കഷ്ണിക്കുകയും ചെയ്തു.

സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെ ശാരീരിക ആക്രമണവും നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. നിരവധി പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിക്കപ്പെട്ടതായി സിപിഎം സംസ്ഥാന സെക്രട്ടറി ബിജാന്‍ ധര്‍ ആരോപിച്ചു.