അവര്‍ നിശ്ശബ്ദരാക്കുക തന്നെയാണ്, മിതവാദ ശബ്ദങ്ങളെ

Posted on: March 6, 2018 6:23 am | Last updated: March 5, 2018 at 11:25 pm
SHARE

‘വര്‍ത്തമാന സാഹചര്യത്തില്‍ രാജ്യത്തിന് കനത്ത നഷ്ടമാണ് ഈ വിയോഗം വരുത്തിയത്’ – യമന്‍ പ്രസിഡന്റ് അബ്ദുര്‍റബ്ബ് മന്‍സൂര്‍ അല്‍ഹാദിയുടെ അനുസ്മരണത്തെ വിശദീകരിക്കുന്നുണ്ട് പ്രധാനമന്ത്രി അഹ്മദ് ഉബൈദ് ബിന്‍ ദാഗിറിന്റെ വാക്കുള്‍: ”സത്യസന്ധതയുടെയും ധാര്‍മിക ചിന്തയുടെയും കാര്യത്തില്‍ പേരുകേട്ട, രാജ്യത്തെ പ്രമുഖ മിതവാദി ശബ്ദങ്ങളില്‍ ഒരാളായിരുന്നു ഹബീബ് ഐദറൂസ്ബ്‌നു അബ്ദുല്ലാഹിബ്‌നു അലിയ്യുബ്‌നു സുമൈത്.”

ഇസ്‌ലാമിക ചരിത്രത്തിന്റെ വേരുകള്‍ ആഴ്ന്നുകിടക്കുന്ന, മുത്ത് നബി ഏറെ പുകഴ്ത്തിയ യമനിലെ ദക്ഷിണ സംസ്ഥാനമായ ഹളര്‍മൗത്തില്‍ നിന്നും പടര്‍ന്നു പന്തലിച്ച ബാഅലവി സൂഫിധാരയിലെ പ്രമുഖനും വലിയ പണ്ഡിതനുമായിരുന്നു ഹബീബ് ഐദറൂസ് ബ്‌നു സുമൈത്ത്. ഹളര്‍മൗത്ത് കേന്ദ്രീകരിച്ചുള്ള ആത്മീയ സദസ്സുകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിച്ചിരുന്ന മഹാന്‍.
തിരുനബിയുടെ സന്താനപരമ്പരയില്‍ പിറന്നവരുടെ പേരിനു മുന്നില്‍ നമ്മള്‍ സയ്യിദ് എന്ന് ചേര്‍ക്കുമ്പോള്‍ അവര്‍ ഹബീബ് എന്ന് ചേര്‍ത്താണ് വിളിക്കുക. അതാണ് ആ പേരിനു മുമ്പിലെ ‘ഹബീബ്.’
ഇസ്‌ലാമിക പൈതൃകം ഇന്നും അതിന്റെ തനിമയോടെ നിലനില്‍ക്കുന്ന ഹളര്‍മൗത്തിലെ തരീമിലാണ് ഹബീബ് ഐദറൂസ് ഹിജ്‌റ 1355ല്‍ ജനിച്ചത്. സാദാത്തുക്കളും പണ്ഡിതരും നിറഞ്ഞു നില്‍ക്കുന്ന തരീമിലെ ആത്മീയ അന്തരീക്ഷത്തില്‍ നന്മകള്‍ മാത്രം കണ്ടും കേട്ടും വളര്‍ന്ന ഹബീബ് ഭക്തിയും അറിവും വിനയവും സ്വായത്തമാക്കിയ ഒരു തികഞ്ഞ പണ്ഡിതനായി തീരുകയായിരുന്നു.

ആത്മീയതയുടെ ഉന്നത പടവുകള്‍ താണ്ടിയ, ഭൗതികതാത്പര്യങ്ങളുടെ കറപുരളാത്ത ആ മഹത്ജീവിതം തന്റെ കനപ്പെട്ട സമയങ്ങള്‍ സമൂഹത്തിനായി നീക്കിവെച്ചതോടെ അദ്ദേഹം ഒരു ജനതയുടെ താങ്ങും തണലുമായി തീരുകയായിരുന്നു. തങ്ങളുടെ വേദനകളുടെയും വേവലാതികളുടെയും ഭാരങ്ങള്‍ ഇറക്കിവെക്കാന്‍ ഹളര്‍മൗത്ത് ഒന്നടങ്കം ആ സവിതത്തിലേക്ക് ഒഴുകിക്കൊണ്ടിരുന്നു. മാരകമായ രോഗങ്ങള്‍ക്ക് വരെ ആ സന്നിധിയില്‍ സാന്ത്വനമുണ്ടായിരുന്നു.
തരീമിലെ ദാറുല്‍ മുസ്തഫയില്‍ പഠിക്കുമ്പോള്‍ ആഗോള പണ്ഡിത ശ്രേഷ്ഠന്‍ ഹബീബ് ഉമര്‍ ബിന് ഹഫീളിനോട് വിദ്യാര്‍ഥികളായ ഞങ്ങള്‍ വിഷമങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ പലപ്പോഴും ഹബീബ് എദറൂസ്ബ്‌നു സുമൈത്തിനെ കാണാന്‍ നിര്‍ദേശിക്കുമായിരുന്നു. ഒരു മലയാളി സുഹൃത്തിന് രോഗം ബാധിച്ച് വല്ലാതെ പ്രയാസപ്പെട്ടപ്പോള്‍ ഹബീബ് ഉമറിന്റെ നിര്‍ദേശ പ്രകാരം ആ സന്നിധിയിലേക്ക് പോവുകയും അവിടുന്ന് അതിന് ശിഫ ലഭിക്കുകയും ചെയ്തതോര്‍ക്കുന്നു.
ഞങ്ങള്‍ മലയാളി വിദ്യാര്‍ഥികള്‍ പലപ്പോഴും ആ വീട്ടില്‍ പോവുകയും ആ മഹാത്മാവുമൊത്ത് ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യക്കാരാണെന്ന് പരിചയപ്പെടുത്തുമ്പോള്‍ വളരെ വലിയ സന്തോഷത്തോടെ ഞങ്ങളെ സ്വീകരിക്കുമായിരുന്നു.
ജാമിഉ തരീമില്‍ ജുമുഅക്ക് ശേഷം ജനങ്ങളൊന്നടങ്കം അദ്ദേഹത്തിന്റെ ചുറ്റും കൂടുകയും ആത്മീയ സായൂജ്യം നേടിതിരിച്ചു പോകുകയും ചെയ്യുന്നത് ഒരു പതിവു കാഴ്ചയായിരുന്നു. എല്ലാവരെയും തന്റെ വശ്യമായ പുഞ്ചിരിയോടെ അവിടുന്ന് പരിഗണിക്കുമായിരുന്നു. യമനിലെ പ്രസിദ്ധമായ മസ്ജിദുല്‍ മിഹഌാറിലെ ഇമാമും കൂടിയായിരുന്നു ആ വലിയ പണ്ഡിതന്‍. ആ മസ്ജിദിന്റെ തൊട്ടടുത്തുള്ള തന്റെ വീട്ടില്‍ നിന്ന് നിസ്‌കാരത്തിനായി വരുന്നതും മടങ്ങുന്നതും ഒരു വലിയ കോണി കയറിയിറങ്ങിയാണ്. പ്രായത്തിന്റെ അവശതകളേറെയുണ്ടായിട്ടും നടക്കാന്‍ വലിയ പ്രയാസമുണ്ടായിട്ടും എണ്‍പത് പിന്നിട്ട ഹബീബ് തന്റെ ഉത്തരവാദിത്വ നിര്‍വഹണത്തില്‍ കാണിക്കുന്ന ആത്മാര്‍ഥത ആശ്ചര്യത്തോടെ നോക്കിനിന്നിട്ടുണ്ട്.
ഒരു ഉറുമ്പിനെ പോലും നോവിക്കാതെ വിനയത്തിന്റെ പ്രതീകമായി തന്റെ ജീവിതകാലമത്രയും തന്നെ തേടി വരുന്നവര്‍ക്ക് പുഞ്ചിരി സമ്മാനിച്ച നബികുടുംബത്തില്‍ പിറന്ന ഹബീബിനെ വെള്ളിയാഴ്ച രാവിലെ വീട്ടിലെ നിസ്‌കാരത്തിനിടെ ഒരു തീവ്രവാദി വെടിവെച്ചു കൊന്നു എന്നാണ് അ

റിയന്‍ കഴിഞ്ഞത്. ആക്രമണത്തിന് പിന്നില്‍ സലഫി തീവ്രവാദികളാണെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. സുമൈത്തടക്കമുള്ള സൂഫി പണ്ഡിതന്മാര്‍ക്ക് നേരത്തെ അല്‍ഖാഇദ, ഇസില്‍ എന്നീ സലഫി തീവ്രവാദികളുടെ വധഭീഷണിയുണ്ടായിരുന്നു. ലോകപ്രശസ്ത പണ്ഡിതനായ ശൈഖ് ഹബീബ് ഉമറിന്റെ വാഹനം ആയുധധാരികളായ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയതും വാര്‍ത്തയായിരുന്നു. സിറിയയിലെ സൂഫീ സുന്നീ പണ്ഡിതന്‍ റമളാന്‍ ബൂത്തിയെ വിദ്യാര്‍ഥികള്‍ക്ക് ദര്‍സ് നടത്തിക്കൊണ്ടിരിക്കെയാണല്ലോ തീവ്രവാദികള്‍ വധിച്ചത്.
എന്തുകൊണ്ടാണ് ഹബീബ് ഐദറൂസ്ബ്‌നു അബ്ദുല്ലാഹിബ്‌നു അലിയ്യുബ്‌നു സുമൈത്തിനെ പോലുള്ള സാത്വികരായ സൂഫി പണ്ഡിതന്മാര്‍ അവര്‍ വയോധികരായിട്ട് പോലും തീവ്രവാദികളുടെ ഇരയാകുന്നത്? സമാധാനത്തിന്റെ ശബ്ദം പോലും തീവ്രവാദികള്‍ക്ക് അസഹ്യമാകുകയാണോ? സമാധാനത്തിന്റെ മറുപക്ഷത്ത് നില്‍ക്കുന്ന ആശയ ധാരകളെ ആശയപരമായി നേരിടണമൊണ് ഓരോ അതിക്രമവും പറഞ്ഞുകൊണ്ടിരിക്കുന്നത്.
യമനിലെ ചില ഭാഗങ്ങളിലെല്ലാം യുദ്ധം നടക്കുന്നുണ്ടെങ്കിലും അതിന്റെ അലയൊലികളൊന്നും അത്ര എത്തി നോക്കാത്ത, ഇസ്‌ലാമിന്റെ തനിമ കാത്തു സൂക്ഷിച്ച്, ആത്മീയതയുടെ സൗരഭ്യം പരത്തി ശാന്തമായി ഒഴുകുന്ന തരീമിനെയും തച്ചുടക്കാനും ശത്രുക്കള്‍ലക്ഷ്യം വെച്ചുതുടങ്ങി എന്നാണ് ഹബീബ് സാലിം ശാത്വിരിയുടെ വിയോഗത്തിന്റെ വേദനയില്‍ നിന്ന് മുക്തമാവും മുമ്പേയുള്ള ഹബീബ് ഐദറൂസ്ബ്‌നു സുമൈത്തിന്റെ വേര്‍പാട് വ്യക്തമാക്കുന്നത്.