കൊല്ലാനൊരുപാട് പേര്‍, മരിക്കാന്‍ സിറിയന്‍ ജനത

Posted on: March 6, 2018 6:20 am | Last updated: March 5, 2018 at 11:23 pm
SHARE

കിഴക്കന്‍ ഗൂതയിലെ കുഞ്ഞുങ്ങളുടെ ചുടുചോര സിറിയന്‍ നരനായാട്ടിലേക്ക് കണ്ണയക്കാന്‍ ലോകത്തെ നിര്‍ബന്ധിതമാക്കിയിരിക്കുന്നു. വിദേശപേജിലെ വെറും വാര്‍ത്തയായി സിറിയയിലെ അരുംകൊലകള്‍ മാറിക്കഴിഞ്ഞിട്ട് ഏഴ് വര്‍ഷം പിന്നിടുമ്പോഴാണ് അയ്‌ലാന്‍ കുര്‍ദിയെപ്പോലെ, ഗാസയിലെ കുഞ്ഞുങ്ങളെപ്പോലെ , ദമസ്‌കസിനടുത്ത ഈ പച്ചത്തുരുത്തിലെ കുട്ടികളുടെ ചിത്രങ്ങള്‍ ലോകത്തിന്റെ അലസതക്ക് മേല്‍ വന്നുപതിക്കുന്നത്. ഇപ്പോഴെങ്കിലും ലോകം ഒന്നു ഞെട്ടിയല്ലോ. ഒന്ന് അപലപിക്കപ്പെടാനും യു എന്നിന്റെ ഒരു പ്രമേയം പിറക്കാനും വന്‍ ശക്തികളുടെ ഒരു പതിവ് താക്കീതിനു പോലും നൂറ് കണക്കിന് കുഞ്ഞുങ്ങളുടെ മയ്യിത്തുകള്‍ തന്നെ വേണമെന്ന് വന്നിരിക്കുന്നു. ബോംബ് വര്‍ഷത്തില്‍ തല തകര്‍ന്ന കുഞ്ഞിനെ മാറോടടക്കി എങ്ങോട്ടെന്നില്ലാതെ പാഞ്ഞ് പോകുന്ന പിതാവ്. എല്ലാം പടച്ച റബ്ബിനോട് പറയുമെന്ന അവസാന മൊഴി ബാക്കിയാക്കി നക്ഷത്ര കണ്ണുകള്‍ എന്നെന്നേക്കുമായി അടയ്ക്കുന്ന കുഞ്ഞ്. കുഞ്ഞുങ്ങളുടെ ചലനമറ്റ ശരീരത്തിന് മുന്നില്‍ വിങ്ങിപ്പൊട്ടുന്ന അമ്മമാര്‍. ഇത്തിരി ആശ്വാസത്തിന് അഭയം തേടിയെത്തുന്ന ആശുപത്രിയില്‍ പോലും ബോംബ് വന്ന് പതിക്കുമ്പോള്‍ ഈ മനുഷ്യര്‍ എന്ത് ചെയ്യും? ഞാന്‍ മരിച്ചെങ്കില്‍ മരിക്കട്ടെ, എന്റെ കുഞ്ഞ്… എന്ന് വാക്കുകള്‍ മുറിഞ്ഞു പോകുന്ന ഗൂതയിലെ ഉമ്മമാരോട് എന്ത് മറുപടിയാണ് ലോകത്തിന് പറയാനുള്ളത്? സ്വന്തം ജനതക്ക് മേല്‍ മാരകമായ രാസായുധം പ്രയോഗിച്ച് അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കുന്ന ബശര്‍ അല്‍ അസദിന്റെ പിടിവാശിക്ക് കാവല്‍ നില്‍ക്കുന്ന വഌദ്മിര്‍ പുടിന് ഉത്തരമുണ്ടോ? അസദിനെ താഴെയിറക്കിയിട്ടേ വിശ്രമമുള്ളൂ എന്ന് ശഠിക്കുന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തിന് ഈ കുഞ്ഞുങ്ങളുടെ ചോരയില്‍ ചവിട്ടിനിന്നു കൊണ്ട് എന്ത് പറയാനുണ്ട്? അയല്‍ക്കാരെല്ലാം തങ്ങള്‍ക്ക് ഭീഷണിയാണെന്ന് സ്വയം സങ്കല്‍പ്പിച്ച് എല്ലാ തരത്തിലും കുത്തിത്തിരിപ്പുകള്‍ സൃഷ്ടിക്കുന്ന ജൂതരാഷ്ട്രത്തിന് എന്ത് മറുപടിയുണ്ട്? ആത്യന്തികമായി, പുറത്തു നിന്നുള്ളവരില്‍ നിന്ന് ആളും അര്‍ഥവും ആയുധവും വാങ്ങി സ്വന്തം നാട്ടില്‍ അരാജകത്വം വിതക്കുന്ന ഇസ്‌ലാമിസ്റ്റ്, വഹാബി, വിമത(തീവ്രവാദ)ഗ്രൂപ്പുകള്‍ ഏത് അറേബ്യന്‍ സുഗന്ധം പൂശി ഈ ചോര മണം മറച്ചുവെക്കും? വംശീയതയുടെ പേരില്‍ ഇറങ്ങിക്കളിക്കുന്ന ഇറാനും സ്വന്തം സുരക്ഷിതത്വത്തിന്റെ പേര് പറഞ്ഞ് അഫ്രിനില്‍ കുര്‍ദുകളെ മുച്ചൂടും മുടിക്കാനിറങ്ങിയ തുര്‍ക്കിക്കും ഈ നിലവിളിയുടെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മാറാനാകുമോ? ഭൂമിയിലെ നരകമായി മാറിയ സിറിയയെ ഒരൊറ്റ വാചകം കൊണ്ട് അടയാളപ്പെടുത്താം. കൊല്ലാനൊരുപാട് പേര്‍, മരിക്കാന്‍ സിറിയന്‍ ജനത.

സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ പലതും വ്യാജമാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. വൈറ്റ് ഹെല്‍മറ്റ് പോലുള്ള സന്നദ്ധ സംഘടനകളാണ് പ്രധാനമായും സിറിയന്‍ ദൃശ്യങ്ങള്‍ ലോകത്തിന് മുമ്പിലേക്ക് ഇട്ടു കൊടുക്കുന്നത്. ഇത്തരം ഗ്രൂപ്പുകള്‍ക്ക് നിക്ഷിപ്ത താത്പര്യങ്ങളുണ്ടെന്നാണ് സിറിയന്‍ വാര്‍ത്താ വിതരണ മന്ത്രി ഇമാദ് സാറ പറയുന്നത്. ഓസ്‌കാര്‍ നേടിയ ഡോക്യുമെന്ററിയില്‍ വൈറ്റ് ഹെല്‍മെറ്റ്‌സ് ഉപയോഗിച്ച, പിതാവിന്റെയും കുഞ്ഞിന്റെയും ചിത്രം ഇറാഖിലെ മൂസ്വിലില്‍ നിന്നുള്ളതായിരുന്നുവെന്ന് മന്ത്രി പറയുന്നു. ചിത്രങ്ങളുടെ കാര്യത്തില്‍ സാമൂഹിക മാധ്യമങ്ങള്‍ക്ക് സംഭവിക്കുന്ന അവധാനതയില്ലായ്മയും അതിവൈകാരിക തിരഞ്ഞെടുപ്പും ഇവിടെയും സംഭവിച്ചിരിക്കാം. അതിനര്‍ഥം ഗൂതയില്‍ കൂട്ടക്കുരുതി നടന്നിട്ടില്ല എന്നല്ല. ബശര്‍ ഭരണകൂടത്തെ അപകീര്‍ത്തിപ്പെടുത്താന്‍ പടച്ചുണ്ടാക്കിയ കഥയുമല്ല അത്. 13 ദിവസം കൊണ്ട് 674 പേര്‍ കൊല്ലപ്പെട്ടുവെന്നതും അതില്‍ നല്ലൊരു ശതമാനം കുഞ്ഞുങ്ങളാണ് എന്നതും അന്താരാഷ്ട്ര ഏജന്‍സികളെല്ലാം ശരി വെച്ച കാര്യമാണ്. ചിത്രങ്ങള്‍ക്ക് അപ്പുറത്താണ് യാഥാര്‍ഥ്യമെന്ന് ചുരുക്കം. കാര്‍ഷിക സമൃദ്ധിയുടെ പേരില്‍ പ്രസിദ്ധമായ ഗൂതയില്‍ അല്‍ ഖാഇദയോട് അടുപ്പമുള്ള ഗ്രൂപ്പുകളും അന്നുസ്‌റ, ജയ്‌ഷേ ഇസ്‌ലാം എന്നൊക്ക പേരുകളുള്ള സലഫി ഗ്രൂപ്പുകളും തമ്പടിച്ചിട്ട് ഏറെ വര്‍ഷങ്ങളായി. ഫ്രീ സിറിയന്‍ ആര്‍മി പോലുള്ള വിമത സായുധ ഗ്രുപ്പുകളും ഇവിടെയുണ്ട്. സാധാരണ മനുഷ്യരുടെ ജീവിതത്തിലേക്ക് ഇവ നുഴഞ്ഞ് കയറുകയായിരുന്നു. ഇസിലിനെ റഖയില്‍ മാത്രമായി ചുരുക്കിയെന്നും ഇനി ഗൂതയെ മോചിപ്പിക്കണമെന്നും തീരുമാനിച്ചുറച്ച് ബോംബ് വര്‍ഷിക്കാന്‍ അസദ് ഭരണകൂടം തീരുമാനിക്കുന്നത് ഈ സായുധ സംഘങ്ങളെ ചൂണ്ടിയാണ്. ഈ ന്യായത്തിന്റെ പുറത്താണ് സാധാരണ മനുഷ്യരെ കൊന്നു തള്ളാന്‍ ഏറ്റവും മുന്തിയ ആയുധങ്ങള്‍ തന്നെ റഷ്യ നല്‍കുന്നത്. എന്നാല്‍ ഇവിടെ മരിച്ചുവീഴുന്നത് നിരപരാധികളാണ്. ഭരണകൂടത്തിനും മനുഷ്യ കവചമായി സാധാരണക്കാരെ ഉപയോഗിക്കുന്ന തീവ്രവാദികള്‍ക്കും ഇക്കാര്യത്തില്‍ ഒരു മനസ്താപവുമില്ല.

ഉത്തരവാദിത്വത്തിന്റെ മുന പലരിലേക്ക് നീളുമ്പോഴും ഒന്നാം പ്രതിസ്ഥാനത്ത് ബശര്‍ അല്‍ അസദ് തന്നെയാണ് ഉള്ളത്. അദ്ദേഹത്തിന്റെ അധികാര സ്ഥാനം സംരക്ഷിച്ചുനിര്‍ത്താന്‍ വേണ്ടി തന്നെയാണ് മഹത്തായ പാരമ്പര്യമുള്ള ഈ രാജ്യത്തെ ഇങ്ങനെ വാസയോഗ്യമല്ലാത്ത ഇടമാക്കി മാറ്റിയത്. ഹുമയിലെ പ്രക്ഷോഭകരെ കൂട്ടക്കൊല ചെയ്ത പിതാവ് ഹാഫിസ് അസദിന്റെ ചോരയാണല്ലോ അസദിലും ഒഴുകുന്നത്. എന്നാല്‍ ഒരു സത്യം കൂടി ഇപ്പോള്‍ ലോകത്തെ തുറിച്ചു നോക്കുന്നുണ്ട്. അസദ് അധികാരമൊഴിഞ്ഞാലും സിറിയന്‍ ജനതയുടെ ദുരന്തം അവസാനിക്കില്ല എന്നതാണ് ഈ സത്യം. ലിബിയയെയും ഇറാഖിനെയും പോലെ സിറിയയും ശിഥിലമായിക്കഴിഞ്ഞിരിക്കുന്നു. നിരവധി അധികാരകേന്ദ്രങ്ങള്‍ പങ്കിട്ടെടുത്ത സിറിയയാണ് ഇപ്പോള്‍ അവശേഷിക്കുന്നത്. ഇതുവരെ ഫലപ്രദമായ ഒരു ഇടപെടലും നടത്താതെ കാഴ്ചക്കാരായി നിന്ന യു എന്നും അന്താരാഷ്ട്ര സമൂഹമെന്ന് വിളിക്കപ്പെടുന്ന വന്‍ ശക്തികളും ഇപ്പോള്‍ ഒരു മേശക്ക് ചുറ്റും ഇരുന്നേക്കാം. പ്രശ്‌ന പരിഹാരത്തിന് ചില ചെപ്പടി ഫോര്‍മുലകള്‍ രൂപപ്പെടുത്തിയേക്കാം. ഒരു മരുന്നും ഫലിക്കാത്ത ഘട്ടമെത്തിയ ശേഷം ഏത് സിദ്ധൗഷധം നല്‍കിയിട്ട് എന്തുണ്ട് കാര്യം?

സിറിയ ശിഥിലമാകേണ്ടത് ഇസ്‌റാഈലിന്റെ ആവശ്യമായിരുന്നു. ജോര്‍ദാനും ഈജിപ്തും ഇപ്പോള്‍ ഇസ്‌റാഈലുമായി നല്ല ബന്ധത്തിലാണ്. ജൂലാന്‍ കുന്നിനെച്ചൊല്ലി സിറിയയുമായും ആണവായുധത്തെച്ചൊല്ലി ഇറാനുമായും കൊമ്പു കോര്‍ത്തു നില്‍ക്കുന്ന ജൂതരാഷ്ട്രം അരക്ഷിതാവസ്ഥയുടെ കളവ് ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയായിരുന്നു. മേഖലയില്‍ മേധാവിത്വം ഉറപ്പിക്കാന്‍ സിറിയ അരാജകമാകണം. ഈ ക്വട്ടേഷനാണ് അമേരിക്കക്ക് ഇസ്‌റാഈല്‍ നല്‍കിയത്. എല്ലാവരും കൂടി അത് നിവര്‍ത്തിച്ചു നല്‍കിയിരിക്കുന്നു. ഇനി വെടിനിര്‍ത്തല്‍ വരും. അസദിനോട് തത്കാലം താഴെയിറങ്ങാന്‍ പറഞ്ഞേക്കാം. അതിന് പുടിനും ട്രംപും ഒന്ന് സംസാരിക്കേണ്ട താമസമേയുള്ളൂ. അത് കഴിഞ്ഞാല്‍ എല്ലാവരും പിന്‍വാങ്ങും. അടങ്ങാത്ത ആഭ്യന്തര സംഘര്‍ഷത്തിന്റെ മറ്റൊരു താളവട്ടത്തിലേക്ക് സിറിയ എടുത്തെറിയപ്പെടും.
ബശര്‍ അല്‍ അസദിനെ താഴെയിറക്കാന്‍ 2011ലാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. അതിനെ ജനാധിപത്യ പ്രക്ഷോഭമെന്നും മുല്ലപ്പൂ വിപ്ലവത്തിന്റെ ഭാഗമെന്നും വിളിക്കുന്നത് നിരുത്തരവാദപരമായ അപദാനമാണെന്ന് പിന്നീട് അരങ്ങേറിയ സംഭവവികാസങ്ങള്‍ തെളിയിച്ചു. കലാപത്തില്‍ അമേരിക്കയാണ് ആദ്യം കക്ഷി ചേര്‍ന്നത്. അതോടെ ജനാധിപത്യ പ്രക്ഷോഭത്തിന്റെ പരിമിതമായ ഉള്ളടക്കം പോലും അപ്രത്യക്ഷമാകുകയും ശത്രുതാപരമായ സായുധ കലാപത്തിലേക്ക് ഭീകരരൂപം കൈവരിക്കുകയും ചെയ്തു. വിമതഗ്രൂപ്പുകള്‍ക്ക് അമേരിക്ക തരാതരം ആയുധം എത്തിച്ചുകൊടുത്തു.

മറുപുറത്ത് ബശര്‍ ഭരണകൂടം അതിക്രൂരമായാണ് ഈ സായുധ സംഘങ്ങളെ നേരിട്ടത്. രാസായുധങ്ങളടക്കം എല്ലാ തരം നിഗ്രഹോപാധികളും അദ്ദേഹം സ്വന്തം ജനതക്ക് മേല്‍ പ്രയോഗിച്ചു. സ്വകാര്യ സേനകളെയും തന്റെ കൂടെ നില്‍ക്കാന്‍ തയ്യാറുള്ള ഗോത്രവര്‍ഗ വിഭാഗങ്ങളെയും ബശര്‍ അല്‍ അസദ് ഉപയോഗിച്ചു. തന്റെ പിതാവിന്റെ കാലത്ത് നടന്ന ഹുമ കൂട്ടക്കൊലയുടെ ചെറുപതിപ്പുകള്‍ രാജ്യത്തുടനീളം ആവര്‍ത്തിക്കുകയാണ് ബശര്‍ അല്‍ അസദ് ചെയ്തത്. അമേരിക്കന്‍ ചേരിയുടെ ഇടപെടലാണ് ഈ നിലയിലേക്ക് കാര്യങ്ങള്‍ വഷളാക്കിയത്. തന്നെ സ്ഥാനഭ്രഷ്ടനാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അന്താരാഷ്ട്ര ബന്ധം സാധ്യമാകുകയും അവര്‍ ആയുധവത്കരിക്കപ്പടുകയും ചെയ്തപ്പോള്‍ ബശര്‍ അല്‍ അസദ് കൂടുതല്‍ അക്രമാസക്തനാകുകയായിരുന്നു. അലവൈറ്റ് ശിയാ വിഭാഗക്കാരനായ ബശറിന്റെ ഓരം ചേര്‍ന്ന് ഇറാനും ലബനാനും വന്നതോടെ വംശീയതയുടെ തലം കൂടി കൈവന്നു. ഈ ഘട്ടത്തില്‍ യു എന്നില്‍ സിറിയ വിഷയമാകുകയും അന്താരാഷ്ട്ര സൈന്യം സിറിയന്‍ ആകാശത്തും മണ്ണിലിമിറങ്ങുമെന്ന് വരികയും ചെയ്തപ്പോഴാണ് റഷ്യ നേരിട്ടെത്തിയത്. രാസായുധങ്ങള്‍ നശിപ്പിക്കാമെന്ന വ്യവസ്ഥയില്‍ ഒപ്പുവെപ്പിച്ച് ബശറിനെ റഷ്യ രക്ഷിച്ചെടുത്തു. ഇസില്‍ തീവ്രവാദികളുടെ വ്യാപനത്തോടെ പ്രതിസന്ധിയുടെ പുതിയ ഒരു ഘട്ടത്തിലേക്ക് സിറിയ പ്രവേശിക്കുകയായിരുന്നു. ഇസില്‍വിരുദ്ധ ദൗത്യത്തിന്റെ ഭാഗമായി അമേരിക്കന്‍ ചേരിയും സിറിയയില്‍ നേരിട്ടെത്തി. ഇതേ ലക്ഷ്യം തന്നെയാണ് വ്യോമാക്രമണം തുടങ്ങിയപ്പോള്‍ റഷ്യയും പറഞ്ഞത്. എന്നാല്‍ അവരുടെ യഥാര്‍ഥ ലക്ഷ്യം ബശര്‍വിരുദ്ധ വിമത ഗ്രൂപ്പുകളായിരുന്നു.
എട്ടാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ 4,65,000 പേര്‍ മരിച്ചു വീണിരിക്കുന്നു. 1.2 കോടി മനുഷ്യര്‍ അഭയാര്‍ഥികളായി. മൊത്തം ജനസംഖ്യയുടെ പകുതിയും ഭവനരഹിതരായിരിക്കുന്നു. വാസയോഗ്യമല്ലാത്ത ഇടമായി ഈ രാജ്യം അധഃപതിച്ചു. എല്ലാ തീവ്രവാദ ഗ്രൂപ്പുകളും പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിക്കുന്നു. ചരിത്ര ശേഷിപ്പുകള്‍ മുഴുവന്‍ തുടച്ചു നീക്കുന്നു. ഇസ്‌ലാമിക നാഗരികതയുടെ ചരിത്രശേഷിപ്പുകളാല്‍ സമ്പന്നമായ അലെപ്പോ, ദമസ്‌കസ്, ഇദ്‌ലിബ്, റഖ, ദേര്‍അസൂര്‍, ഹംസ്, ഹമ, ഗൂത തുടങ്ങി സിറിയയിലെ നഗരങ്ങളും ഗ്രാമങ്ങളും കരളലിയിപ്പിക്കുന്ന ദുരന്തങ്ങളുടെ പര്യായമായിരിക്കുകയാണ്. സിറിയന്‍ ജനതക്ക് സ്വന്തം മണ്ണില്‍ ഇടമില്ലാതായിരിക്കുന്നു. അവര്‍ അയല്‍ രാജ്യങ്ങളുടെ ഔദാര്യങ്ങളിലേക്ക് പലായനം ചെയ്യുകയാണ്.

പള്ളിയില്‍ ദര്‍സ് നടത്തുകയായിരുന്ന ആഗോള പ്രശസ്ത പണ്ഡിതന്‍ റമളാന്‍ ബൂത്തിയെ ബോംബിട്ട് കൊല്ലുക വഴി സലഫീ തീവ്രവാദ ഗ്രൂപ്പുകള്‍ അവരുടെ പ്രത്യയശായ്ത്ര ദൗത്യം കൂടി നിവര്‍ത്തുന്നുണ്ട് ഇതിനിടയില്‍ എന്ന് തെളിയിച്ചിരിക്കുന്നു. നാട്ടില്‍ സമാധാനമാഗ്രഹിക്കുകയും ഈ കൂട്ടുക്കുഴപ്പങ്ങള്‍ക്കിടയില്‍ ജനങ്ങള്‍ക്ക് ആത്മീയ ആശ്വാസത്തിന്റെ ചെറു തീരം സമ്മാനിക്കുകയും ചെയ്യുന്ന പണ്ഡിതരെ കൊന്നു തള്ളൂമ്പോള്‍ വഹാബി ഭീകരതയുടെ നാളുകളാണ് തീവ്രവാദികള്‍ തിരികെ കൊണ്ടുവരുന്നത്. സാത്വികരായ ഈ മനുഷ്യര്‍ എന്ത് തെറ്റ് ചെയ്തു? അവര്‍ നിരായുധരാണ്. നിസ്സംഗരാണ്. അവര്‍ക്ക് അധികാരം വേണ്ട. സമ്പത്തും. വഹാബി ഭീകരതയുടെ പാറ്റേണ്‍ അപ്പടി സിറിയയിലും പുലരുന്നത് കാണാനാകും. അധികാരക്കൊതിയുടെയും പാരമ്പര്യ നിഷേധത്തിന്റെയും മിശ്രിതമായിരുന്നുവല്ലോ ഇബ്‌നു അബ്ദുല്‍ വഹാബിന്റെ പ്രത്യയശാസ്ത്രം. സിറിയയില്‍ അസദിനെ ലക്ഷ്യം വെക്കുമ്പോള്‍ തന്നെ പാരമ്പര്യ വിശ്വാസത്തിന്റെ അടയാളങ്ങളെയും സാത്വികരെയും കൂടി ഉന്‍മൂലനം ചെയ്യുന്നത് അതുകൊണ്ടാണ്.
ഔദ്യോഗിക സൈനികന്റെ മൃതദേഹം തുരന്ന് ഹൃദയമെടുത്ത് തിന്നുന്ന വിമത സൈനികന്റെ ദൃശ്യം മാധ്യമങ്ങള്‍ പുറത്ത് വിട്ടിരുന്നു. ഒരു തരം ഭ്രാന്തമായ പകയിലേക്ക് കാര്യങ്ങള്‍ കൈവിട്ട് പോയിരിക്കുന്നു. ഒരു ഭാഗത്ത് അസദ് വീഴാന്‍ ഖുനൂത്ത് ഓതുന്ന അറബ് ലോകം. തക്കം പാര്‍ത്തിരിക്കുന്ന ഇസ്‌റാഈല്‍. എല്ലാം നിയന്ത്രിക്കുന്ന അമേരിക്ക. അവരുടെ താത്പര്യമനുസരിച്ച് നീങ്ങുന്ന യു എന്‍. മറുഭാഗത്ത് അസദിനെ പിന്തുണക്കുന്ന റഷ്യ, ചൈന, ഇറാന്‍, ലബനന്‍.
ഇനി തുര്‍ക്കി കൂടി വരാന്‍ പോകുകയാണത്രേ. ഉര്‍ദുഗാനെ രക്ഷകനായി കാണുന്നവരുണ്ട്. അസദ് താഴെയിറങ്ങി ‘സ്വതന്ത്രമാ’കുന്ന സിറിയയില്‍ കുര്‍ദുകള്‍ക്ക് അധികാരത്തിന്റെ ഒരു കഷ്ണം കിട്ടുമെന്ന ഭയം കൊണ്ട് നിസ്സംഗമായി നോക്കി നിന്നയാളാണ് ഉര്‍ദുഗാന്‍. കുര്‍ദ് സ്വതന്ത്ര മേഖലക്കായി ഇസ്‌റാഈലും യു എസും നീക്കം ശക്തമാക്കുമ്പോള്‍ മാത്രമാണ് ഉര്‍ദുഗാന്‍ ഇറങ്ങുന്നത്. അവസാന നിമിഷം തുടങ്ങുന്ന ഈ വ്യോമ ഇടപെടല്‍ സിറിയന്‍ ജനതക്ക് മേല്‍ കൂടുതല്‍ ബോംബ് വീഴുന്നതിന് മാത്രമേ ഉപകരിക്കൂ. ഒരു ബോംബും ജീവിതം സൃഷ്ടിച്ച ചരിത്രമില്ലല്ലോ.

 

 

LEAVE A REPLY

Please enter your comment!
Please enter your name here