എസ് പി – ബി എസ് പി സഹകരണം

Posted on: March 6, 2018 6:40 am | Last updated: March 5, 2018 at 11:20 pm

ഉത്തര്‍ പ്രദേശിലെ ഗോരഖ്പൂര്‍, ഫൂല്‍പൂര്‍ ഉപതിരഞ്ഞെടുപ്പുകളില്‍ രൂപപ്പെട്ട രാഷ്ട്രീയ സമവാക്യം ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമായിരിക്കുകയാണ്. രണ്ട് മണ്ഡലങ്ങളിലും ഈ മാസം 11ന് നടക്കുന്ന തിരഞ്ഞടുപ്പുകളില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികളെ പിന്തുണക്കാന്‍ തീരുമാനിച്ചിരിക്കയാണ് ബി എസ് പി. രണ്ടിടങ്ങളിലും പാര്‍ട്ടി സ്വന്തം സ്ഥാര്‍ഥികളെ നിര്‍ത്തില്ലെന്ന് പ്രഖ്യാപിച്ച മായാവതി രണ്ടിടത്തും എസ് പി സ്ഥാനാര്‍ഥികള്‍ക്ക് വോട്ടു ചെയ്യാന്‍ തീരുമാനിച്ചിരിക്കയാണ്. പൊതുശത്രുവായ ബി ജെ പിയെ പരാജയപ്പെടുത്താനാണ് മായാവതിയും അഖിലേഷ് യാദവും ഉപതിരഞ്ഞെടുപ്പുകളില്‍ കൈകോര്‍ക്കുന്നത്. ഗോരഖ്പൂര്‍ മണ്ഡലത്തില്‍ പ്രവീണ്‍ നിഷാദും, ഫൂല്‍പൂരില്‍ നാഗേന്ദ്ര സിംഗ്് പട്ടേലുമാണ് സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥികള്‍. യോഗി ആദിത്യനാഥ് യു പി മുഖ്യമന്ത്രിയും കേശവ പ്രസാദ് മൗര്യ ഉപമുഖ്യമന്ത്രിയുമായി അധികാരമേറ്റതിനെ തുടര്‍ന്നാണ് ഈ രണ്ട് പാര്‍ലിമെന്റ് മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

ത്രിപുരയില്‍ കാല്‍ നൂറ്റാണ്ട് ഭരിച്ച ഇടതു സര്‍ക്കാറിനെ പുറംതള്ളി ബി ജെ പി അധികാരത്തിലേറിയതോട, ബി ജെ പിക്കെതിരെ വിശാല സഖ്യം രൂപപ്പെട്ടു വരേണ്ടതിനെക്കുറിച്ചു ദേശീയ തലത്തില്‍ സജീവചര്‍ച്ച നടന്നുവരുന്നതിനിടെയാണ് മായാവതിയുടെ ഈ വിവേകപൂര്‍ണമായ തീരുമാനം. ഉപതിരഞ്ഞെടുപ്പില്‍ പരിമിതമാണ് സഖ്യമെന്നും അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുന്നത് സംബന്ധിച്ചു തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നും മായാവതി പറയുന്നുണ്ടെങ്കിലും ഭാവിയില്‍ യു പിയില്‍ മാത്രമല്ല, ദേശീയ തലത്തില്‍ തന്നെ രാഷ്ട്രീയ സമവാക്യങ്ങളുടെ മാറ്റത്തിന് ഇതു വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഭീഷണമായ അവസ്ഥയിലൂടെയാണ് രാജ്യം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ജനാധിപത്യവും മതേതരത്വവും അപകടത്തിലാണ്. ഫാസിസ്റ്റ് അജന്‍ഡകളാണ് മോദി സര്‍ക്കാര്‍ തുടരെത്തുടരെ നടപ്പാക്കുന്നത്. എന്‍ ഡി എയോ ബി ജെ പിയോ അല്ല ആര്‍ എസ് എസ് കേന്ദ്രത്തില്‍ നിന്നാണ് സര്‍ക്കാറിന്റെ നയപരിപാടികള്‍ രുപപ്പെടുത്തുന്നത്. കേന്ദ്രത്തിന്റെ രാഷ്ട്രീയ, സാമ്പത്തിക സ്വാധീനവും മതേതര കക്ഷികളുടെ ദൗര്‍ബല്യങ്ങളും അനൈക്യവും സമര്‍ഥമായി ഉപയോഗപ്പെടുത്തി സംസ്ഥാനങ്ങള്‍ ഒന്നൊന്നായി ബി ജെ പി കൈയടക്കുകാണ്. രാജ്യത്തെ 22 സംസ്ഥാനങ്ങളിലും ബി ജെ പി സര്‍ക്കാറോ ബി ജെ പി സഖ്യ സര്‍ക്കാറോ ആണ് ഇപ്പോള്‍ അധികാരത്തിലിരിക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ബി ജെ പി എം എല്‍ എമാരുടെ എണ്ണം 15 ഇരട്ടിയായി വര്‍ധിച്ചു. 2013ല്‍ മേഖലയിലെ എട്ട് സംസ്ഥാനങ്ങളില്‍ ബി ജെ പി നിയമസഭാ സാമാജികരുടെ എണ്ണം കേവലം ഒമ്പതായിരുന്നെങ്കില്‍ ത്രിപുര, നാഗാലാന്റ്, മേഘാലയ തിരഞ്ഞെടുപ്പിന് പിന്നാലെ അത് 140 ലേക്ക് കുതിച്ചുയര്‍ന്നു.

തത്വാധിഷ്ഠിത രാഷ്ട്രീയം കൈവെടിഞ്ഞു ഏത് വിധേനയും രാജ്യത്തുടനീളം സര്‍ക്കാറുകളെ വാഴിക്കുകയെന്നതാണ് ബി ജെ പിയുടെ നിലപാട്. പല സംസ്ഥാനങ്ങളിലും മതേതര കക്ഷികള്‍ക്കിടയിലെ അനൈക്യം അവര്‍ക്ക് സഹായകമാവുകയാണ്. ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ തിരഞ്ഞടുപ്പില്‍ എസ് പിയും ബി എസ് പിയും വേറിട്ടു മത്സരിച്ചതാണ് ബി ജെ പിക്ക് മൃഗീയ ഭൂരിപക്ഷത്തിന് വഴിയൊരുക്കിയതെന്നാണ് വിലയിരുത്തല്‍. ഗുജറാത്തില്‍ എന്‍ സി പി കൂടി കോണ്‍ഗ്രസുമായി സഹകരിച്ചിരുന്നെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നു. സീറ്റ് വിഭജനത്തില്‍ തെറ്റിപ്പിരിഞ്ഞു എന്‍ സി പി അവിടെ ഒറ്റക്ക് മത്സരിക്കുകയാണുണ്ടായത്. ബി ജെ പിയുടെ മുന്നേറ്റം തടഞ്ഞു നിര്‍ത്തണമെങ്കില്‍ ഒന്നിച്ചു നില്‍ക്കുന്നതിനെക്കുറിച്ചു മതേതര കക്ഷികള്‍ ഗൗരവ പൂര്‍വം ചിന്തിക്കേണ്ടതുണ്ട്. പലപ്പോഴും പ്രാദേശിക തലത്തിലുള്ള ഭിന്നതകളോ രാഷ്ട്രീയ സാഹചര്യങ്ങളോ ആണ് വിശാല സഖ്യങ്ങള്‍ക്ക് തടസ്സമാകുന്നത്. യു പിയില്‍ തന്നെ എസ് പിയും ബി എസ് പിയും കൈകോര്‍ക്കുമ്പോള്‍ കോണ്‍ഗ്രസ് വേറിട്ടു നില്‍ക്കുകയാണ്. ഗോരഖ്പൂരില്‍ സുചിത്ര ചാറ്റര്‍ജിയും ഫൂല്‍പൂരില്‍ മനീഷ മിശ്രയും കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സര രംഗത്തുണ്ട്. ബി ജെ പിക്ക് ഗുണം ചെയ്യുമെന്നല്ലാതെ കോണ്‍ഗ്രസിന് ഇതുകൊണ്ട് ഒന്നും നേടാനാകില്ല.
ദേശീയതലത്തിലോ സംസ്ഥാന തലത്തിലോ ഒരു മതേതര കക്ഷിക്കും ഒറ്റക്ക് മത്സരിക്കാനുള്ള ശേഷി നിലവിലില്ല. നേരത്തെ ബംഗാള്‍, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളില്‍ ശക്തമായിരുന്ന ഇടതുപക്ഷവും കേരളത്തിലൊഴിച്ചു ദുര്‍ബലപ്പെട്ടു. ഈ സത്യം ഉള്‍ക്കൊള്ളാന്‍ ഇടതു പക്ഷവും മതേതര ജനാധിപത്യത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ ഇടതുപക്ഷത്തിന്റെ ഇടം കണ്ടറിയാന്‍ മറ്റു കക്ഷികളും സന്നദ്ധമാകേണ്ടതുണ്ട്. 31 ശതമാനം പേരുടെ വോട്ടുമായാണ് മോദി സര്‍ക്കാര്‍ രാജ്യം ഭരിക്കുന്നത്. മൂന്നില്‍ രണ്ടിലേറെ ഭൂരിപക്ഷത്തിന് പിടിച്ചെടുത്ത ത്രിപുരയില്‍ ബി ജെ പി സഖ്യം നേടിയത് 43 ശതമാനം വോട്ടാണ്. ഇതില്‍ തന്നെ നല്ലൊരു ഭാഗം ഗോത്രവര്‍ഗക്കാരുടെ മതേതര വോട്ടുകളും. ഇടതു പക്ഷത്തിന് ഇവിടെ ബി ജെ പി സഖ്യത്തേക്കാള്‍ ഒരു ശതമാനത്തില്‍ താഴെ വോട്ടിന്റെ കുറവേയുള്ളുവെന്നതും ശ്രദ്ധേയം. ഈ സാഹചര്യത്തില്‍ ഗോരഖ്പൂര്‍, ഫൂല്‍പുര്‍ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളില്‍ മായാവതിയും അഖിലേഷും സ്വീകരിച്ച തന്ത്രം ആസന്നമായ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലും അടുത്ത വര്‍ഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും രാജ്യത്തെ ബി ജെ പി ഇതര കക്ഷികള്‍ക്ക് മാതൃകയാകേണ്ടതാണ്.