Connect with us

Gulf

ത്രിമാന വിസ്മയ ചിത്രങ്ങള്‍ ആസ്വദിക്കാന്‍ ശൈഖ് മുഹമ്മദെത്തി

Published

|

Last Updated

ദുബൈ ക്യാന്‍വാസില്‍ കുട്ടികളുടെ ചിത്രരചന ആസ്വദിക്കുന്ന യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും
ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം

ദുബൈ: ഇമാറാത്തി പൈതൃകവും ആധുനിക സര്‍ഗാത്മകതയും സമന്വയിപ്പിച്ചുള്ള കലാസൃഷ്ടികള്‍ യു എ ഇയുടെ സാംസ്‌കാരിക മുഖം ശോഭനമാക്കുമെന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം. ബ്രാന്‍ഡ് ദുബൈയുടെ ആഭിമുഖ്യത്തില്‍ ജുമൈറ ലാമെറില്‍ നടക്കുന്ന ദുബൈ ക്യാന്‍വാസിലെ ത്രിമാന ചിത്രപ്രദര്‍ശനം കാണാനെത്തിയതായിരുന്നു ശൈഖ് മുഹമ്മദ്. കലാസൃഷ്ടികള്‍ ഭാഷകള്‍ക്കതീതമായ ആശയ വിനിമയ മാര്‍ഗമാണ്. സാംസ്‌കാരികാതിരുകളെ ഭേദിക്കുന്നതാണ്, ശൈഖ് മുഹമ്മദ് വ്യക്തമാക്കി.

ഈ മാസം ഏഴ് വരെ നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മുപ്പതിലധികം അന്താരാഷ്ട്ര ചിത്രകാരന്മാരാണ് പങ്കെടുക്കുന്നത്. ഇതില്‍ സായിദ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള വിദ്യാര്‍ഥിനികളുമുണ്ട്. തങ്ങളുടെ കഴിവുകള്‍ പരിപോഷിപ്പിക്കാനായി അന്താരാഷ്ട്ര വേദി ഒരുക്കി നല്‍കിയ ഭരണാധികാരിയോട് വിദ്യാര്‍ഥിനികള്‍ നന്ദി പ്രകടിപ്പിച്ചു. രാജ്യത്തെ വളര്‍ന്നുവരുന്ന കലാകാരന്മാരുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിന് വിവിധ ശില്‍പശാലകളും ദുബൈ ക്യാന്‍വാസില്‍ സംഘടിപ്പിച്ചുവരുന്നു.

കലാകാരന്മാരുമായി ശൈഖ് മുഹമ്മദ് ആശയവിനിമയം നടത്തി. ദുബൈ മീഡിയ ഓഫീസ് ഡയറക്ടര്‍ ജനറല്‍ മുന ഗാനിം അല്‍ മര്‍റി പ്രദര്‍ശനത്തിലെ വിവിധ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു നല്‍കി. കൊച്ചുകലാകാരന്മാരുടെ ചിത്രരചനയും ആസ്വദിച്ച ശേഷമാണ് ശൈഖ് മുഹമ്മദ് മടങ്ങിയത്. വൈകുന്നേരം നാലു മുതല്‍ രാത്രി 10 വരെയാണ് പ്രദര്‍ശനം. വാരാന്ത്യങ്ങളില്‍ സമയപരിധിയില്ല.

 

Latest