നഴ്‌സുമാരുടെ സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍

Posted on: March 5, 2018 3:36 pm | Last updated: March 5, 2018 at 6:37 pm

തിരുവനന്തപുരം: ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് നാളെ മുതല്‍ നഴ്‌സുമാര്‍ നടത്താനിരുന്ന സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍. ശമ്പളപരിഷ്‌ക്കരണത്തിനുളള ഉത്തരവ് ഈ മാസം 31നകം പുറത്തിറക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഉറപ്പ് നല്‍കിയതായി യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യുഎന്‍എ) അറിയിച്ചു. സംഘടനാപ്രതിനിധികള്‍ നാളെ മുഖ്യമന്ത്രിയെ കാണും. അതേസമയം സമരം അവസാനിപ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശപ്രകാരമുള്ള മധ്യസ്ഥ ചര്‍ച്ചയും പുരോഗമിക്കുകയാണ്.

ആശുപത്രി മാനേജ്‌മെന്റുകളുമായി നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെയാണ് നാളെ മുതല്‍ അവധിയെടുത്ത് അനിശ്ചിതകാല സമരം നടത്താന്‍ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ തീരുമാനിച്ചത്.. ശനിയാഴ്ച ലേബര്‍ കമ്മീഷണര്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചക്ക് വിളിച്ചിരുന്നെങ്കിലും മാനേജ്‌മെന്റ് പ്രതിനിധികള്‍ എത്താത്തതിനാല്‍ ചര്‍ച്ച മുടങ്ങിയിരുന്നു. നാളെ ഉച്ചക്ക് ശേഷം വീണ്ടും ചര്‍ച്ചക്ക് തീരുമാനിച്ചിട്ടുണ്ടെങ്കിലും അന്ന് മുതല്‍ അവധിയെടുത്ത് പ്രതിഷേധിക്കാന്‍ യു എന്‍ എ തീരുമാനമെടുക്കുകയായിരുന്നു.

ചേര്‍ത്തല കെ വി എം ആശുപത്രിയിലെ സമരം ഒത്തുതീര്‍പ്പാക്കുക, ശമ്പളപരിഷ്‌കരണം അടിയന്തരമായി നടപ്പാക്കുക, അടിസ്ഥാന ശമ്പളം 20,000 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് യു എന്‍ എ നേതൃത്വത്തില്‍ നഴ്‌സുമാര്‍ നാളെ മുതല്‍ അവധിയെടുത്ത് പ്രതിഷേധിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.