ബ്ലാസ്‌റ്റേഴ്‌സിനെ കൈവിട്ട് താരങ്ങള്‍; ജാക്കി ഗോവക്ക്; മിലന്‍ മുംബൈയില്‍

Posted on: March 5, 2018 2:13 pm | Last updated: March 5, 2018 at 3:37 pm

മുംബൈ: ഐഎസ്എല്ലില്‍ പ്ലേ ഓഫ് കാണാതെ പുറത്തായതിന് പിന്നാലെ കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ പ്രമുഖ താരങ്ങള്‍ കൈയൊഴിയുന്നു. ഇന്ത്യന്‍ താരങ്ങളായ ജാക്കിചന്ദ് സിംഗും മിലന്‍ സിംഗും ബ്ലാസ്‌റ്റേഴ്‌സ് വിട്ട് മറ്റ് ക്ലബ്ബുകളിലേക്ക് ചേക്കേറി. എഫ്‌സി ഗോവയിലേക്കാണ് ജാക്കിയുടെ പോക്ക്. 1.9 കോടി രൂപക്ക് രണ്ടുവര്‍ഷത്തെ കരാറില്‍ താരം ഒപ്പുവെച്ചു. അടുത്ത സീസണ്‍ മുതലാകും ജാക്കി ഗോവ ജേഴ്‌സിയില്‍ ഇറങ്ങുക.

സീസണില്‍ 17 മല്‍സരങ്ങളില്‍ ബ്ലാസ്‌റ്റേഴ്‌സിനായി ബൂട്ടണിഞ്ഞ താരം രണ്ട് ഗോളുകള്‍ നേടിയിട്ടുണ്ട്. മറ്റൊരു ബ്ലാസ്‌റ്റേഴ്‌സ് താരം മിലന്‍ സിംഗ് മുംബൈ സിറ്റിയുമായാണ് കരാര്‍ ഒപ്പുവെച്ചത്. നേരത്തെ, ബ്ലാസ്‌റ്റേഴ്‌സ് താരം മാര്‍ക് സിഫ്‌നിയോസ് ഗോവയിലേക്ക് പോയിരുന്നു.

അതേസമയം, നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് താരമായ സെമിന്‍ലെന്‍ ഡൗഗല്‍ അടുത്ത സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിനായി കളത്തിലിറങ്ങുമെന്ന് സ്‌പോര്‍ട്‌സ് കീഡ റിപ്പോര്‍ട്ട് ചെയ്യുന്നു. 2.4 കോടിക്ക് മൂന്ന് വര്‍ഷത്തേക്കാണ് കരാര്‍. നേരത്തെ, ബള്‍ഗേറിയന്‍ സൂപ്പര്‍ താരം ദിമിത്രോവ് ബെര്‍ബെറ്റോവും കോച്ച് ഡേവിഡ് ജെയിംസിനെ കണക്കറ്റ് വിമര്‍ശിച്ചിരുന്നു.

ബെര്‍ബെറ്റോവ് ഇനി ബ്ലാസ്‌റ്റേഴ്‌സിനായി കളിക്കില്ലെന്ന് വ്യക്തമായിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം പരിശീലകന്‍ ഡേവിഡ് ജെയിംസ് ബ്ലാസ്റ്റേഴ്‌സുമായി മൂന്ന് വര്‍ഷത്തെ കരാറില്‍ ഒപ്പുവെച്ചിരുന്നു.