കൊടിനാട്ടിയുള്ള സമരം അനാവശ്യം; ഏത് പാര്‍ട്ടിയായാലും നല്ലതിനല്ലെന്ന് മുഖ്യമന്ത്രി

Posted on: March 5, 2018 11:44 am | Last updated: March 5, 2018 at 2:54 pm

തിരുവനന്തപുരം: കൊടിനാട്ടിയുള്ള സമരം അനാവശ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ഓരോ പാര്‍ട്ടിയുടേയും വിലപ്പെട്ട സ്വത്താണ് അവരുടെ കൊടി. ഇത് എവിടെയെങ്കിലും കൊണ്ടുപോയി നാട്ടുന്നത് ശരിയല്ല. ഏത് പാര്‍ട്ടിയായാലും ഇത് നല്ലതിനല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാവരും എതിര്‍ത്തിട്ടും ഇപ്പോഴും നോക്കുകൂലിയുണ്ട്. വ്യവസായികള്‍ക്ക് വേണ്ടത് പിന്തുണയാണ്. വ്യവസായ സൗഹൃദ അന്തരീക്ഷം ഉറപ്പാക്കണം. ട്രേഡ് യൂനിയനുകളുടെ യോഗം വിളിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പുനലൂരിലെ വ്യവസായി സുഗതന്റെ ആത്മഹത്യയില്‍ ചര്‍ച്ച ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സുഗതന്റെ മരണം നിര്‍ഭാഗ്യകരമാണ്. എഐവൈഎഫ് എന്നുപറഞ്ഞ് ചിലരാണ് സുഗതന്റെ വര്‍ക്്‌ഷോപ്പില്‍ പ്രശ്‌നമുണ്ടാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമം കൈയിലെടുക്കാന്‍ ആരയും അനുവദിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. സുഗതനോട് സിപി.ഐ പണം വാങ്ങിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. വര്‍ക് ഷോപ്പ് പണിയാന്‍ സുഗതന്‍ വയല്‍ നികത്തിയെന്ന് മന്ത്രി കെ.രാജു പറഞ്ഞു.