ചെറുകക്ഷികള്‍ മൊത്തം ബിജെപിയുടെ ചാക്കില്‍ കയറി; കോണ്‍റാഡ് തങ്കമ്മക്ക് വിജയാശംസകള്‍….!!

Posted on: March 5, 2018 10:40 am | Last updated: March 5, 2018 at 2:13 pm
SHARE

തിരുവനന്തപുരം: 2012ല്‍ പ്രണബ് മുഖര്‍ജിക്കെതിരെ എന്‍ഡിഎ സ്ഥാനാര്‍ഥിയായി രാഷ്ട്രപതി സ്ഥാനത്തേക്കു മത്സരിച്ചയാളാണ് പി എ സാങ്മയെന്നും ആ നിലക്ക്, മകന്‍ കോണ്‍റാഡ് സാങ്മയെ മേഘാലയ മുഖ്യമന്ത്രിയാക്കാന്‍ ബിജെപിക്കു ധാര്‍മികമായ ബാധ്യതയുണ്ടെന്നും രാഷ്ടീയ നിരീക്ഷകന്‍ അഡ്വ. എ ജയശങ്കര്‍.

മണിപ്പൂരും ഗോവയും മേഘാലയയില്‍ ആവര്‍ത്തിക്കരുത് എന്ന വാശിയോടെയാണ് കോണ്‍ഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേലും കമല്‍നാഥും ഷില്ലോംഗിലേക്കു പറന്നത്. എന്നാല്‍, ഒരു സ്വതന്ത്രനെപ്പോലും ചാക്കിലാക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ലെന്നു മാത്രമല്ല ചെറുകക്ഷികള്‍ മൊത്തം ബിജെപിയുടെ ചാക്കില്‍ കയറുകയും ചെയ്‌തെന്ന് ജയശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ജയശങ്കറിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം….

60അംഗ മേഘാലയ നിയമസഭയില്‍ ബിജെപിക്കു കിട്ടിയത് രണ്ടു സീറ്റാണ്, കോണ്‍ഗ്രസിന് ഇരുപത്തൊന്നും.

മേഘാലയയില്‍ മണിപ്പൂരും ഗോവയും ആവര്‍ത്തിക്കരുത് എന്ന വാശിയോടെയാണ് അഹമ്മദ് പട്ടേലും കമല്‍നാഥും ഷില്ലോംഗിലേക്കു പറന്നത്. കിം ഫലം? ഒരു സ്വതന്ത്രനെ പോലും ചാക്കിലാക്കാന്‍ കഴിഞ്ഞില്ല. ചെറുകക്ഷികള്‍ മൊത്തം ബിജെപിയുടെ ചാക്കില്‍ കയറി. ഗവര്‍ണര്‍ക്കുമില്ല സംശയം.അങ്ങനെ എന്‍പിപി നേതാവ് കോണ്‍റാഡ് സാങ്മ മുഖ്യമന്ത്രി പദമേല്ക്കുകയാണ്.

കേന്ദ്രമന്ത്രിയും ലോക്‌സഭാ സ്പീക്കറുമായിരുന്ന പിഎ സാങ്മയുടെ മകനാണ് കോണ്‍റാഡ്. 1999ല്‍ സോണിയാഗാന്ധിയുടെ വിദേശ ജനന പ്രശ്‌നമുയര്‍ത്തി എന്‍സിപി രൂപീകരിച്ച, 2012ല്‍ പ്രണബ് മുഖര്‍ജിയ്‌ക്കെതിരെ എന്‍ഡിഎ സ്ഥാനാര്‍ഥിയായി രാഷ്ട്രപതി സ്ഥാനത്തേക്കു മത്സരിച്ചയാളാണ് സാങ്മ. ആ നിലയ്ക്ക്, കോണ്‍റാഡിനെ മുഖ്യമന്ത്രിയാക്കാന്‍ ബിജെപിക്കു ധാര്‍മികമായ ബാധ്യതയുണ്ട്.

കേന്ദ്രമന്ത്രിയായിരുന്ന കാലത്ത് സാങ്മയെ നമ്മുടെ നായനാര്‍ സഖാവ് സ്ഥിരമായി ‘തങ്കമ്മ’ എന്നാണ് പരാമര്‍ശിച്ചിരുന്നത്.

കോണ്‍റാഡ് തങ്കമ്മയ്ക്ക് വിജയാശംസകള്‍ നേരുന്നു. ജനാധിപത്യം പൂത്തുലയട്ടെ.

 

 

LEAVE A REPLY

Please enter your comment!
Please enter your name here