മെസി കിക്കില്‍ ബാഴ്‌സ

Posted on: March 5, 2018 9:34 am | Last updated: March 5, 2018 at 9:34 am
SHARE

ബാഴ്‌സിലോണ: സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ ഒന്നും രണ്ടും സ്ഥാനക്കാര്‍ തമ്മിലുള്ള പോരാട്ടത്തില്‍ ബാഴ്‌സലോണക്ക് ജയം. അത്‌ലറ്റിക്കോ മാഡ്രിഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി. കളിയുടെ 26ാം മിനുട്ടിലാണ് ബാഴ്‌സലോണ ലക്ഷ്യം കണ്ടത്. ഗോള്‍ പോസ്റ്റിന് 25 വാര അകലെ നിന്ന് ലഭിച്ച ഫ്രീക്കിക്ക് മെസ്സി ഗോളാക്കി മാറ്റുകയായിരുന്നു.

കളി അവസാനിക്കാനിരിക്കെ 90ാം മിനുട്ടില്‍ മറ്റൊരു ഫ്രീക്കിക്ക് കൂടി ബാഴ്‌സക്ക് ലഭിച്ചെങ്കിലും ഗോളായില്ല. ഇന്നലത്തെ വിജയ ഗോളോടെ പ്രൊഫഷണല്‍ ഫുട്‌ബോളര്‍ എന്ന നിലയില്‍ മെസ്സിയുടെ ഗോള്‍വേട്ട 600 തൊട്ടു. അര്‍ജന്റീനക്കും ബാഴ്‌സക്കുമായാണ് മെസ്സി 600 ഗോളുകള്‍ നേടിയത്.

ഈ വിജയത്തോടെ ബാഴ്‌സ കപ്പിനോട് അടുക്കുകയാണ്. 27 മത്സരങ്ങളില്‍ നിന്നായി ബാഴ്‌സക്ക് 69 പോയന്റുണ്ട്. രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡിന് 61 പോയന്റാണ്.