കൊല്‍ക്കത്തയെ നയിക്കാന്‍ കാര്‍ത്തിക്

Posted on: March 5, 2018 9:31 am | Last updated: March 5, 2018 at 9:31 am

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐ പി എല്‍) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ദിനേഷ് കാര്‍ത്തിക് നയിക്കും. വിക്കറ്റ് കീപ്പര്‍- ബാറ്റ്‌സ്മാനായ കാര്‍ത്തിക്കിനെ ഐ പി എല്‍ ലേലത്തില്‍ 7.4 കോടി രൂപക്കാണ് കൊല്‍ക്കത്ത സ്വന്തമാക്കിയത്.

മുന്‍ ഐ പി എല്‍ സീസണുകളില്‍ ഗുജറാത്ത് ലയണ്‍സ്, കിംഗ്‌സ് ഇലവന്‍ പഞ്ചാബ്, മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നീ ടീമുകള്‍ക്ക് വേണ്ടി കളിച്ച അനുഭവ സമ്പത്താണ് കാര്‍ത്തിക്കിനുള്ളത്. രണ്ട് തവണ ഐ പി എല്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്തയുടെ ഏറ്റവും വിജയിച്ച ക്യാപ്റ്റന്‍ ഗൗതം ഗംഭീറിനെ ഇത്തവണ ഡെല്‍ഹി ഡെയര്‍ ഡെവിള്‍സ് സ്വന്തമാക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് പുതിയ ക്യാപ്റ്റന് വേണ്ടിയുള്ള അന്വേഷണം കൊല്‍ക്കത്ത നടത്തിയത്. റോബിന്‍ ഉത്തപ്പഉപനായകനാകും.

ടീമിനെ നയിക്കാനുള്ള ദൗത്യം ഏറ്റെടുക്കുമ്പോള്‍ താന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെ അനുകരിക്കാനാണ് ശ്രമിക്കുകയെന്ന് കാര്‍ത്തിക് പ്രതികരിച്ചു. വാക്കുകള്‍ക്കപ്പുറം പ്രവൃത്തിയിലൂടെ കാണിച്ചുതരുന്നതാണ് കോഹ്‌ലിയുടെ ശൈലിയെന്നും കാര്‍ത്തിക്ക് കൂട്ടിച്ചേര്‍ത്തു. ഏപ്രില്‍ എട്ടിന് ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെതിരെയാണ് നൈറ്റ് റൈഡേഴ്‌സിന്റെ ആദ്യ മത്സരം.