ഗൂതയിലേത് യുദ്ധക്കുറ്റം തന്നെ

Posted on: March 5, 2018 9:21 am | Last updated: March 5, 2018 at 9:21 am
SHARE

സിറിയയിലെ കിഴക്കന്‍ ഗൂതയില്‍ നടക്കുന്ന ആക്രമണം യുദ്ധക്കുറ്റത്തിന്റെ ഗണത്തില്‍പ്പെടുത്താവുന്നവയാണെന്ന് യു എന്‍ വ്യക്തമാക്കിയിരിക്കുന്നു. ഭരണകൂടം സിവലിയന്‍മാരെ ലക്ഷ്യം വെക്കുമ്പോള്‍ അത് സുരക്ഷിതത്വത്തിനായുള്ള സൈനിക നീക്കമായി ന്യായീകരിക്കാനാകില്ലെന്നും അന്താരാഷ്ട്ര സമൂഹം ഒന്നാകെ നേരിടേണ്ട കുറ്റമായി അത് കണക്കിലെടുക്കണമെന്നുമാണ് യു എന്‍ മനുഷ്യാവകാശ കമ്മീഷന്‍ മേധാവി സൈദ് റഅദ് അല്‍ ഹുസൈന്‍ പറഞ്ഞത്. സിറിയന്‍ ആഭ്യന്തര സംഘര്‍ഷത്തിന്റെ ഭീകരത വെളിവാക്കുന്നതാണ് അല്‍ ഹുസൈന്റെ പ്രതികരണം. ഒരര്‍ഥത്തില്‍ ഇത്രയും വര്‍ഷമായി ഈ പ്രതിസന്ധിയില്‍ ഫലപ്രദമായി ഇടപെടാന്‍ സാധിക്കാത്ത യു എന്നിനെ തന്നെയാണ് അദ്ദേഹം വിമര്‍ശിക്കുന്നത്. സിറിയയിലുടനീളം സാധാരണ മനുഷ്യര്‍ വേട്ടയാടപ്പെടുകയാണ്. സംഘര്‍ഷത്തിന്റെ എട്ടാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ 4,65,000 പേര്‍ മരിച്ചു വീണു കഴിഞ്ഞു. 1.2 കോടി മനുഷ്യര്‍ അഭയാര്‍ഥികളായി.

മൊത്തം ജനസംഖ്യയുടെ പകുതിയും ഭവനരഹിതരായിരിക്കുന്നു. വാസയോഗ്യമല്ലാത്ത ഇടമായി ഈ രാജ്യം അധഃപതിച്ചു. എല്ലാ തീവ്രവാദ ഗ്രൂപ്പുകളും പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിക്കുന്നു. ചരിത്ര ശേഷിപ്പുകള്‍ മുഴുവന്‍ തുടച്ചു നീക്കുന്നു. ഇസ്‌ലാമിക നാഗരികതയുടെ ശേഷിപ്പുകളാല്‍ സമ്പന്നമായ അലെപ്പോ, ദമസ്‌കസ്, ഇദ്‌ലിബ്, റഖ, ദേര്‍അസൂര്‍, ഹംസ്, ഹമ, ഗൂത തുടങ്ങി സിറിയയിലെ നഗരങ്ങളും ഗ്രാമങ്ങളും കരളലിയിപ്പിക്കുന്ന ദുരന്തങ്ങളുടെ പര്യായമായിരിക്കുകയാണ്. സിറിയന്‍ ജനതക്ക് സ്വന്തം മണ്ണില്‍ ഇടമില്ലാതായിരിക്കുന്നു. അവര്‍ അയല്‍ രാജ്യങ്ങളുടെ ഔദാര്യങ്ങളിലേക്ക് പലായനം ചെയ്യുകയാണ്.
ദമസ്‌കസിനടുത്തെ ഫലഭൂയിഷ്ടമായ പ്രദേശമാണ് ഗൂത. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇവിടേക്ക് മനുഷ്യര്‍ പലായനം ചെയ്ത് എത്തിയിട്ടുണ്ട്. ഈ പ്രദേശത്ത് കഴിഞ്ഞ മൂന്നാഴ്ചയായി സൈന്യം ശക്തമായ ബോംബിംഗ് നടത്തുകയാണ്. റഷ്യയുടെ പിന്തുണയോടെയാണ് ഈ ക്രൂരത അരങ്ങേറുന്നത്. ഇതിനകം 647 പേര്‍ ഇവിടെ മരിച്ചു വീണുവെന്നാണ് ഔദ്യോഗിക ഏജന്‍സികളുടെ കണക്ക്. അവരിലേറെയും കുട്ടികളാണ്. അവിടെ നിന്നുള്ള ദൃശ്യങ്ങള്‍ വൈറ്റ്‌ഹെല്‍മറ്റ്‌സ് പോലുള്ള സംഘടനകള്‍ പുറത്തു വിട്ടപ്പോള്‍ ലോകത്തിന് അങ്ങോട്ട് നോക്കാതിരിക്കാനാകില്ലെന്ന നില വന്നു. ആവര്‍ത്തനം കൊണ്ട് നിസ്സാരവത്കരിക്കപ്പെട്ടു കഴിഞ്ഞ സിറിയന്‍ കൂട്ടക്കൊലയിലേക്ക് വൈകാരികമായി ശ്രദ്ധ തിരിയാന്‍ ഗൂതയിലെ ചോരയൊലിച്ച് നില്‍ക്കുന്ന കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ കാരണമായി. ആശുപത്രികളും സ്‌കൂളുകളും ബോംബിട്ട് തകര്‍ത്തും രാസായുധം പ്രയോഗിച്ചും സ്വന്തം ജനതയെ ഉന്‍മൂലനം ചെയ്യുന്ന ബശര്‍ അല്‍ അസദ് ഭരണകൂടത്തിന് നേരെ ലോകത്തിന്റെയാകെ പ്രതിഷേധം ആളിക്കത്തിക്കാന്‍ ആ കുഞ്ഞുങ്ങളുടെ രക്തസാക്ഷിത്വത്തിന് സാധിച്ചു. അയ്‌ലാന്‍ കുര്‍ദി അഭാര്‍ഥി പ്രവാഹത്തിന്റെ ദുരന്തങ്ങളിലേക്ക് ലോകമനസ്സാക്ഷിയെ വലിച്ചടുപ്പിച്ച പോലുള്ള ദൗത്യമാണ് ഗൂതയിലെ കുഞ്ഞുങ്ങളുടെ ചോര നിര്‍വഹിച്ചിരിക്കുന്നത്.

ബശര്‍ അല്‍ അസദിനും കൂട്ടാളികള്‍ക്കും ന്യായീകരണങ്ങള്‍ ഉണ്ട്. സിവിലിയന്‍മാരെ മനുഷ്യകവചമാക്കി അന്നുസ്‌റ ഫ്രണ്ട്, അല്‍ ഖാഇദ, ഇസില്‍ തുടങ്ങിയ സലഫീ ഗ്രൂപ്പുകള്‍ ഗൗതയില്‍ തമ്പടിച്ചിരിക്കുകയാണെന്ന് സര്‍ക്കാര്‍ കുറ്റപ്പെടുത്തുന്നു. ഫ്രീ സിറിയന്‍ ആര്‍മി പോലുള്ള വിമത ഗ്രൂപ്പുകളും കൂട്ടത്തിലുണ്ട്. ഇത്തരക്കാരെ തുരത്താനുള്ള ബാധ്യത സര്‍ക്കാറിനുണ്ട്; അത് നിര്‍വഹിക്കുകയാണത്രേ ചെയ്യുന്നത്. ഗൂതയില്‍ നിന്നെന്ന് പറഞ്ഞ് പുറത്ത് വരുന്ന ചിത്രങ്ങള്‍ പലതും വ്യാജമാണെന്നും ഇറാഖിലെ മൂസ്വിലില്‍ നിന്നും ഫലസ്തീനിലെ ഗാസയില്‍ നിന്നുമൊക്കെ എടുത്ത ചിത്രങ്ങളാണ് പ്രചരിക്കുന്നതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. രണ്ടിലും വസ്തുതയുടെ അംശം ഉണ്ടെന്ന് വേണമെങ്കില്‍ സമ്മതിക്കാവുന്നതാണ്. സലഫീ, ഇസ്‌ലാമിസ്റ്റ് ഗ്രൂപ്പുകള്‍ വിദേശദത്തമായ ആയുധങ്ങളുമായി ജനങ്ങള്‍ക്കിടയില്‍ നുഴഞ്ഞ് കയറിയിട്ടുണ്ട് എന്നത് വസ്തുതയാണ്. എന്നാല്‍ ഇവരെ വകവരുത്താന്‍ മനുഷ്യരെ ഇങ്ങനെ കൊന്നേ തീരൂ എന്ന് ശഠിക്കുന്ന സര്‍ക്കാറിനെ ഒരു സര്‍ക്കാറെന്ന് വിളിക്കാമോ? സ്വന്തം ജനതയെ കൊന്നു തള്ളുന്നത് ഏത് സാഹചര്യത്തിലായാലും അംഗീകരിക്കാനാകില്ല. തീവ്രവാദികളെ ജനങ്ങളുടെ കൂടി സഹകരണത്തോടെയാണ് പിടികൂടേണ്ടത്. അതിന് അങ്ങേയറ്റം വിശ്വാസമാര്‍ജിച്ച ഭരണകൂടത്തിനേ സാധിക്കൂ. ഇവിടെ ബശര്‍ അല്‍ അസദ് അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കുകയാണെന്ന് സിറിയക്കാര്‍ ഉറച്ച് വിശ്വസിക്കുന്നു. അത്‌കൊണ്ട് വിധ്വംസക പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ വിമത, തീവ്രവാദ ശക്തികള്‍ക്ക് സാധിക്കുന്നു.

സത്യത്തില്‍ അസദ് താഴെയിറങ്ങിയാലും തീരാത്ത പ്രശ്‌നങ്ങള്‍ക്ക് നടുവിലാണ് സിറിയ ഇപ്പോള്‍ അകപ്പെട്ടിരിക്കുന്നത്. ഇസ്‌റാഈലിന്റെ കരുനീക്കങ്ങള്‍ വിജയിക്കുകയാണുണ്ടായത്. ഇറാനും ലബനാനും നിര്‍ണായക സ്വാധീനമുള്ള സിറിയ ശിഥിലമാകണമെന്നത് ജൂതരാഷ്ട്രത്തിന്റെ താത്പര്യമായിരുന്നു. അസദിനെതിരെ 2011ല്‍ ഉയര്‍ന്ന പ്രക്ഷോഭത്തെ സായുധവത്കരിച്ച് അമേരിക്ക അതിന് കളമൊരുക്കി. ഇറാന്‍ മറുപുറം നിന്ന് വംശീയതയുടെ സാധ്യതയും സൃഷ്ടിച്ചു. ഇസില്‍ തീവ്രവാദികള്‍ പിടിമുറുക്കിയതോടെ റഷ്യക്കും നേരിട്ട് ഇറങ്ങാന്‍ സാധിച്ചു. റഷ്യ സത്യത്തില്‍ അസദിന്റെ കാവലിനാണ് വന്നത്. കുര്‍ദുകളുടെ പേര് പറഞ്ഞ് തുര്‍ക്കിയും തുടങ്ങി ആക്രമണം. ഇസ്‌റാഈല്‍ ബോംബാക്രമണം വേറെയും. എല്ലാവരും കൂടി പങ്കിട്ടെടുത്ത നിലയിലാണ് ഇന്ന് സിറിയ. അസദ് സര്‍ക്കാറിന് കുറഞ്ഞയിടങ്ങളില്‍ മാത്രമാണ് മേല്‍ക്കൈ ഉള്ളത്. ഈ സാഹചര്യത്തില്‍ അസദ് ഒഴിഞ്ഞാലും ഇല്ലെങ്കിലും കടുത്ത അരാജകത്വമാണ് സിറിയയെ കാത്തിരിക്കുന്നത്. ഈ രാജ്യത്തെ ഈ നിലയിലെത്തിച്ച വന്‍ശക്തികളെ ഒരു മേശക്ക് ചുറ്റും ഇരുത്താനും യഥാര്‍ഥ രാഷ്ട്രീയ പരിഹാരം ഉണ്ടാക്കാനും യു എന്നിന് ത്രാണിയുണ്ടോ എന്നതാണ് ചോദ്യം.