ത്രിപുരയുടെ നോട്ടങ്ങള്‍

അസം, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, ത്രിപുര, നാഗാലാന്‍ഡ് എന്നിവിടങ്ങളിലൊക്കെ നേരിട്ടും അല്ലാതെയും സംഘ്പരിവാരം സ്വാധീനം ഉറപ്പിക്കുമ്പോള്‍ ആര്‍ എസ് എസ് മുന്നോട്ടുവെക്കുന്ന ദേശീയത കൂടിയാണ് സ്ഥാപിക്കപ്പെടുന്നത്. അങ്ങനെ സ്ഥാപിക്കപ്പെടുമ്പോള്‍ കോണ്‍ഗ്രസ് - ഇടത് മുക്ത ഭാരതമല്ല, പ്രതിപക്ഷമില്ലാത്ത ഭാരതമാണ് ലക്ഷ്യം. മോഹന്‍ ഭഗവത് പറയുന്നത് പോലെ, എല്ലാവരും എല്ലാ ദിവസവും ശാഖകളില്‍ പോകുന്ന, ബുദ്ധിമുട്ടുള്ളവര്‍ ആഴ്ചയിലൊരിക്കലെങ്കിലും ശാഖകളില്‍ പോകുന്ന ഭാരതം. അവിടേക്കുള്ള യാത്ര മുടക്കി ഇന്ത്യന്‍ യൂനിയനെ നിലനിര്‍ത്തുക എന്നതാണ് രാഷ്ട്രീയ ദൗത്യം. അതിന് തയ്യാറുണ്ടോ കോണ്‍ഗ്രസും ഇടതുപക്ഷവും മതനിരപേക്ഷതയില്‍ വിശ്വസിക്കുന്ന ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങളുമെന്ന ചോദ്യത്തിന്റെ വലുപ്പം വര്‍ധിപ്പിക്കുകയാണ് ത്രിപുര.
Posted on: March 5, 2018 9:12 am | Last updated: March 5, 2018 at 9:14 am

ഇടതുപക്ഷം ശക്തമായ ഇടങ്ങളിലാണ് വര്‍ഗീയശക്തികള്‍ക്ക് സ്വാധീനമുറപ്പിക്കാന്‍ സാധിക്കാത്തത്’ എന്നത് ഇക്കാലമത്രയും ഇടതുപക്ഷ നേതാക്കള്‍, വിശിഷ്യ സി പി എം നേതാക്കള്‍ ലോഭമില്ലാതെ പ്രകടിപ്പിച്ചിരുന്ന അഭിപ്രായമായിരുന്നു. കേരളവും പശ്ചിമ ബംഗാളും ത്രിപുരയും ചൂണ്ടിക്കാട്ടിയായിരുന്നു ഈ വീരവാദം. പശ്ചിമ ബംഗാളില്‍ ഇടത് മുന്നണി അധികാരത്തില്‍ നിന്ന് പുറത്തായതിന് ശേഷവും ബി ജെ പിക്ക് കാര്യമായ മുന്നേറ്റം ഉണ്ടാക്കാന്‍ ആയില്ലെന്നത് ഈ വാദങ്ങള്‍ക്ക് ബലമേകാനായി ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. അതിനൊക്കെ വിരാമമിടുകയാണ് ത്രിപുരയില്‍ ബി ജെ പി നേടിയ വിജയം. സി പി എം നേതൃത്വം നല്‍കിയ ഇടത് മുന്നണിയെ നേരിട്ട് എതിരിട്ട ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെ ഒറ്റക്ക് ഭൂരിപക്ഷവും സഖ്യകക്ഷിയായ ഇന്‍ഡിജിനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുരയുമായി (ഐ പി എഫ് ടി) ചേര്‍ന്ന് മൂന്നില്‍ രണ്ട് ഭൂരിപക്ഷവും നേടാന്‍ ബി ജെ പിക്ക് സാധിച്ചത് ത്രിപുരക്ക് പുറത്തും ഓളങ്ങളുണ്ടാക്കും.
കേരളത്തിലും ത്രിപുരയിലും ശക്തമായ സാന്നിധ്യവും പശ്ചിമബംഗാളില്‍ ക്ഷീണിത സാന്നിധ്യവുമായ ഇടതുപക്ഷത്തിന്, ദേശീയ തലത്തില്‍ ബി ജെ പിയെ ഒറ്റക്ക് എതിര്‍ക്കുക അസാധ്യമാണ്. പക്ഷേ, രാഷ്ട്രീയ സ്വയം സേവക് സംഘും ബി ജെ പിയും നരേന്ദ്ര മോദി സര്‍ക്കാറും പിന്തുടരുന്ന തീവ്ര ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ, ആശയതലത്തില്‍ പ്രതിരോധിക്കുന്നതില്‍ ഇടതുപക്ഷം മുമ്പന്തിയിലുണ്ട്. രാജ്യം മതനിരപേക്ഷ സ്വഭാവത്തില്‍ തുടരണമെന്നും സാംസ്‌കാരിക വൈവിധ്യം നിലനില്‍ക്കണമെന്നും ആഗ്രഹിക്കുന്ന വിഭാഗങ്ങള്‍ക്ക്, അവര്‍ ഇടതുപക്ഷത്തോട് ആഭിമുഖ്യമുള്ളവരാണെങ്കിലും അല്ലെങ്കിലും, ആത്മവിശ്വാസം പകരുന്നതായിരുന്നു ഇടതിന്റെ ശക്തമായ നിലപാടുകള്‍. കാല്‍ നൂറ്റാണ്ടായി ഭരണം തുടരുന്ന പ്രദേശങ്ങളില്‍പ്പോലും അത്തരം നിലപാടുകള്‍ക്ക് പിന്തുണ നഷ്ടപ്പെടുന്നുവെന്ന പ്രചാരണം ഊര്‍ജിതമാക്കാന്‍ സംഘ്പരിവാരത്തിന് അവസരമുണ്ടാക്കുന്നതാണ് ത്രിപുരയിലെ ജനവിധി. അതാണ് ദേശീയ തലത്തില്‍ അതിന്റെ പ്രാധാന്യവും.

കേരളത്തെ സംബന്ധിച്ചും പ്രധാനമാണ് ഈ ഫലം. ഭൂമിശാസ്ത്രം, സാമ്പത്തിക – സമൂഹിക സാഹചര്യങ്ങള്‍ എന്നിവയില്‍ വലിയ ഭിന്നതയുണ്ടെങ്കിലും. വോട്ടെടുപ്പില്‍ ഇടത് – ഐക്യ മുന്നണികള്‍ക്കൊപ്പം നില്‍ക്കുമ്പോഴും മനസ്സില്‍ സംഘപരിവാറായും നരേന്ദ്ര മോദിയില്‍ അഭിരമിച്ചവരായും മാറിയ വലിയൊരു വിഭാഗം കേരളത്തിലുണ്ട്. തിരഞ്ഞെടുപ്പില്‍ കൂടി ഒപ്പം നില്‍ക്കുന്നവരായി അവരെ മാറ്റുന്നതിന്, ഊര്‍ജിത പ്രവര്‍ത്തനം ആര്‍ എസ് എസ് ആരംഭിക്കുകയും ബി ജെ പിക്ക് വിശ്വാസ്യതയുള്ള നേതൃനിര ഉണ്ടാകുകയും ചെയ്താല്‍ മാറ്റങ്ങള്‍ അസാധ്യമാണെന്ന് പറഞ്ഞുകൂടാ. ഇവിടെയെല്ലാം ഭദ്രമെന്നും ഞങ്ങളുടെ നിശ്ചയങ്ങള്‍ക്കപ്പുറം ഒന്നും നടക്കില്ലെന്നുമുള്ള മൂഢവിശ്വാസത്തിലാണ് ഇടത് – ഐക്യ മുന്നണികളും അതിന് നേതൃത്വം നല്‍കുന്ന സി പി എമ്മും കോണ്‍ഗ്രസുമെങ്കില്‍ ത്രിപുര അവര്‍ക്ക് കൂടിയുള്ള മുന്നറിയിപ്പാണ്.
ഈ മൗഢ്യമാണ് 25 ആണ്ട് ഭരണത്തിലിരുന്നതിന് ശേഷം തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ ത്രിപുരയിലെ സി പി എമ്മിനും ഇടതു മുന്നണിക്കുമുണ്ടായിരുന്നത്. അതുകൊണ്ടാണ് കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കിടെ ആര്‍ എസ് എസ് നടത്തിയ പ്രവര്‍ത്തനങ്ങളും അത് ജനങ്ങളിലുണ്ടാക്കിയ മാറ്റവും മനസ്സിലാക്കി പ്രതിരോധിക്കാന്‍ അവര്‍ക്ക് സാധിക്കാതിരുന്നത്. മണിക് സര്‍ക്കാര്‍ എന്ന, അഴിമതിയേശാത്ത, 20 വര്‍ഷം മുഖ്യമന്ത്രിക്കസേരയിലിരുന്നിട്ടും ഒന്നും സമ്പാദിക്കാതിരുന്ന, തികഞ്ഞ സാധാരണക്കാരനായി ജീവച്ച നേതാവിന്റെ പ്രതിച്ഛായ തുണയുണ്ടെന്നും അതുമാത്രം മതി വിജയിക്കാനെന്നും അവര്‍ വിശ്വസിച്ചു. നേതാവ് സാധാരണക്കാരനായി തുടരുമ്പോഴും പാര്‍ട്ടി സംഘടന, തുടര്‍ച്ചയായ അധികാരത്തിന്റെ മത്തില്‍ ഏകാധിപത്യരീതിയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയെന്നത് നേതാക്കളും പ്രവര്‍ത്തകരും മനസ്സിലാക്കിയതേയില്ല. തുടര്‍ച്ചയായ ഭരണം ജനങ്ങളുടെ ആവശ്യങ്ങളെ ഏതളവില്‍ അഭിസംബോധന ചെയ്തുവെന്ന് പരിശോധിക്കാനോ വേണ്ട തിരുത്തലുകള്‍ വരുത്താനോ സി പി എമ്മിന് സാധിച്ചില്ല. ജനങ്ങളുമായുള്ള ബന്ധമെന്നത് പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മിലുള്ള ബന്ധം മാത്രമായി ചുരുങ്ങിയതോടെ ഭരണവിരുദ്ധ വികാരം വളരുന്നത് മനസ്സിലാക്കാന്‍ കഴിയാതെയുമായി. ഇവിടെയാണ് മാറ്റമെന്ന ബി ജെ പിയുടെ മുദ്രാവാക്യം ജനത്തിന് സ്വീകാര്യമാകുന്നത്.

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം ഈ തിരഞ്ഞെടുപ്പില്‍ മുഖ്യ പ്രചാരണ വിഷയമായിരുന്നു. ഇതര സംസ്ഥാനങ്ങളില്‍ ഏതാണ്ടെല്ലാറ്റിലും ഏഴാം ശമ്പളക്കമ്മീഷന്‍ ശിപാര്‍ശകള്‍ നടപ്പാക്കിയിട്ടുണ്ട്. ത്രിപുരയില്‍ നടപ്പുള്ളത് നാലാം ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ടാണ്. ഏഴാം ശമ്പളക്കമ്മീഷന്‍ ശിപാര്‍ശയനുസരിച്ച് ഇതര സംസ്ഥാനങ്ങളിലുള്ള ആനുകൂല്യങ്ങള്‍ക്ക് തുല്യമായത് ബി ജെ പി വാഗ്ദാനം ചെയ്യുമ്പോള്‍ ജീവനക്കാരും കുടുംബാംഗങ്ങളും മാറ്റത്തിന് വോട്ടുചെയ്യുമെന്ന് ഉറപ്പ്. ഈ വാഗ്ദാനം ബി ജെ പി മുന്നോട്ടുവെക്കുമ്പോള്‍ മണിപ്പൂരില്‍ ഇപ്പോഴും നാലാം ശമ്പളക്കമ്മീഷനാണ് നടപ്പെന്ന് മണിക് സര്‍ക്കാര്‍ പറഞ്ഞാല്‍ അത് ദുര്‍ബലമായ പ്രതിരോധം പോലുമാകില്ല. ത്രിപുരയിലെ ആദിവാസി മേഖലയില്‍ നിന്ന് നിയമസഭയിലേക്ക് എത്തുന്നത് 20 അംഗങ്ങളാണ്. കഴിഞ്ഞ അഞ്ച് തിരഞ്ഞെടുപ്പുകളില്‍ ഈ ഇരുപതില്‍ പതിനെട്ട് പേരെങ്കിലും സി പി എമ്മുകാരായിരുന്നു. ഇക്കുറി അത് രണ്ടായി ചുരുങ്ങി. എക്കാലവും സി പി എമ്മിനോ ഇടത് മുന്നണിക്കോ ഒപ്പം നിന്ന ആദിവാസി വിഭാഗങ്ങള്‍ അവരെ കൈവിടുമ്പോള്‍ അവരിലുണ്ടായ അതൃപ്തി എത്രത്തോളമായിരിക്കും?
കോടിക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും, കാര്‍ഷികോത്പന്നങ്ങള്‍ക്ക് ന്യായ വില ഉറപ്പാക്കും, അടിസ്ഥാന സൗകര്യ വികസനം വേഗത്തിലാക്കും എന്നിങ്ങനെ 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്ന് രാജ്യത്തെ ഇതര ഭാഗങ്ങളിലുള്ളവര്‍ മനസ്സിലാക്കുന്ന കാലമെത്തുമ്പോഴും ബി ജെ പിയുടെ വാഗ്ദാനങ്ങളില്‍ ത്രിപുരയിലെ ജനം വിശ്വസിക്കുന്ന അവസ്ഥയുണ്ടെങ്കില്‍ അവിടെ നിലനിന്ന ഭരണവിരുദ്ധ വികാരം അത്രത്തോളം ശക്തമായിരുന്നുവെന്നാണ് അര്‍ത്ഥം. അതിന് ഒഴുകിപ്പോകാനുള്ള ചാലായി ബി ജെ പി മാറിയത്, കോണ്‍ഗ്രസിന്റെ കൂടി പരാജയമാണ്. 2013ല്‍ 36 ശതമാനത്തോളം വോട്ടുണ്ടായിരുന്ന കോണ്‍ഗ്രസിന് ജനത്തിനൊപ്പം പ്രവര്‍ത്തിച്ച് വിശ്വാസം നേടിയെടുക്കാന്‍ സാധിക്കാതിരുന്നത് കൊണ്ടുകൂടിയാണ് സംഘപരിവാറിന് വഴി തുറന്നുകിട്ടിയത്. കോണ്‍ഗ്രസിന്റെ വോട്ട് ശതമാനം ഇക്കുറി രണ്ട് ശതമാനത്തില്‍ താഴെയാണെന്നത് കൂടി ഓര്‍ക്കണം.

മുഖ്യമന്ത്രിയുടെ വ്യക്തിശുദ്ധിയും ആദര്‍ശ നിഷ്ഠയുമൊക്കെ നല്ലതാണെന്ന അഭിപ്രായമുണ്ടായിരിക്കെ തന്നെ, സ്വന്തം ജീവിത നിലവാരം വര്‍ധിക്കണമെന്ന് ആഗ്രഹിക്കാത്തവരല്ലല്ലോ ജനം. അതിന് വഴിയൊരുങ്ങുമെന്ന തോന്നല്‍ സൃഷ്ടിച്ചെടുത്തതാണ് ബി ജെ പി നേടിയ വിജയത്തിന്റെ അടിസ്ഥാനം. കോണ്‍ഗ്രസില്‍ നിന്ന് തൃണമൂലിലെത്തിയ എം എല്‍ എമാരെ വിലക്കെടുത്ത്, അവരുടെ അണികളെ സ്വന്തം പാളയത്തിലെത്തിച്ച് കോണ്‍ഗ്രസിന്റെ വോട്ട് നിക്ഷേപത്തെ ഏതാണ്ട് പൂര്‍ണമായും തങ്ങളുടെ അക്കൗണ്ടിലാക്കാന്‍ ബി ജെ പിക്ക് സാധിച്ചു. അതിന് പണമൊഴുക്കുകയോ വാഗ്ദാനപ്രളയം സൃഷ്ടിക്കുകയോ ഭീഷണിമുഴക്കുകയോ ഒക്കെ ചെയ്തിട്ടുണ്ടാകാം. അതിന്റെ നെല്ലും പതിരും വരുംകാലത്ത് മാത്രമേ തിരിച്ചറിയൂ. അപ്പോഴേക്കും ഇപ്പോള്‍ 43 ശതമാനത്തോളം വോട്ട് നിലനിര്‍ത്തിയ സി പി മ്മിനെ പല വഴികളിലൂടെ കൂടുതല്‍ ദുര്‍ബലമാക്കാന്‍ അവര്‍ക്ക് സാധിച്ചേക്കും. കാല്‍ നൂറ്റാണ്ട് ഭരണത്തിന്റെ സൗകര്യം അനുഭവിച്ച പ്രവര്‍ത്തകര്‍ക്കും അനുയായികള്‍ക്കും ആ സൗകര്യം ഇല്ലാതാകുന്ന അവസ്ഥ അത്രയെളുപ്പം ദഹിക്കാനിടയില്ല. അതുകൊണ്ട് തന്നെ പശ്ചിമ ബംഗാളില്‍ തൃണമൂലിലേക്കുണ്ടായതുപോലൊരു ഒഴുക്ക് തൃപുരയിലെ സി പി മ്മില്‍ നിന്ന് ബി ജെ പിയിലേക്കുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അത്തരമൊരു സ്ഥിതിയുണ്ടാകാതിരിക്കണമെങ്കില്‍ അത്ര വലിയ യത്‌നം നടത്തേണ്ടി വരും സി പി എം. അതിനുള്ള ത്രാണി ആ പാര്‍ട്ടിക്കും അതിന്റെ നേതാക്കള്‍ക്കുമുണ്ടാകുമോ എന്ന് സംശയം.

ആദിവാസി മേഖലകള്‍ കൂട്ടിച്ചേര്‍ത്ത് പ്രത്യേക സംസ്ഥാനമെന്ന വാദം ഉയര്‍ത്തുന്നവരാണ് ഐ പി എഫ് ടി. ത്രിപുരയെ വിഭജിക്കണമെന്ന് ആവശ്യപ്പെടുന്ന ഇക്കൂട്ടരുമായി സഖ്യമുണ്ടാക്കാന്‍ ബി ജെ പിക്ക് യാതൊരു ബുദ്ധിമുട്ടുമുണ്ടായില്ല. ഇതേ ആവശ്യമുയര്‍ത്തി മുന്‍കാലത്തുണ്ടായ സായുധ സമരങ്ങളുള്‍പ്പെടെ അനുഭവം മുന്നില്‍ നില്‍ക്കെ, പ്രത്യേക സംസ്ഥാനമെന്ന വാദത്തിന് പ്രാമുഖ്യം ലഭിക്കുന്നത് സംഘര്‍ഷാന്തരീക്ഷം സൃഷ്ടിക്കാനിടയുണ്ടെന്ന വീണ്ടുവിചാരം തത്കാലം വേണ്ടെന്നുവെച്ചു രാജ്യസ്‌നേഹികളുടെ/ദേശീയതയുടെ പാര്‍ട്ടി. ഏറെ മുമ്പേ തന്നെ ഐ പി എഫ് ടിയുമായി സഖ്യമുണ്ടാക്കിയ ബി ജെ പി, തിരഞ്ഞെടുപ്പ് സമയത്ത് പ്രത്യേക സംസ്ഥാനമെന്ന ആവശ്യം തള്ളിക്കളഞ്ഞ് ഭൂരിപക്ഷം വരുന്ന ബംഗാളികളുടെ അതൃപ്തി ഒഴിവാക്കി. സഖ്യകക്ഷികളിലൂടെ സ്വാധാനമുറപ്പിക്കുക എന്ന മഹാരാഷ്ട്രയിലും ബീഹാറിലും ഒഡിഷയിലുമൊക്കെ പയറ്റി വിജയിച്ച തന്ത്രം ത്രിപുരയില്‍ ആദ്യഘട്ടത്തില്‍ തന്നെ അവര്‍ സാധിച്ചെടുത്തു. ഉയിര്‍കൊണ്ട കാലം മുതല്‍ ഭിന്നാഭിപ്രായങ്ങളില്‍ ഉഴന്ന്, പിളര്‍ന്നു വളര്‍ന്ന ഐ പി എഫ് ടിയുടെ പ്രസക്തി തന്നെ വൈകാതെ ഇല്ലാതാകും. അതിന് പാകത്തിലാകും ഇനിയുള്ള സംഘ തന്ത്രങ്ങള്‍. അതിലൂടെ പ്രത്യേക സംസ്ഥാനമെന്ന വാദമില്ലാതാക്കാനാകുമെന്നും ആര്‍ എസ് എസ് കണക്കുകൂട്ടുന്നുണ്ടാകണം.

സ്വയം ഭരണമോ ഇന്ത്യന്‍ യൂനിയനില്‍ നിന്നുള്ള സ്വാതന്ത്ര്യമോ ഒക്കെ ആവശ്യപ്പെട്ട് സായുധവും അല്ലാത്തതുമായ സമരങ്ങള്‍ നിരവധി അരങ്ങേറിയ, തുടരുന്ന മേഖലയാണ് വടക്കു കിഴക്ക്. അസം, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, ത്രിപുര, നാഗാലാന്‍ഡ് എന്നിവിടങ്ങളിലൊക്കെ നേരിട്ടും അല്ലാതെയും സംഘ്പരിവാരം സ്വാധീനം ഉറപ്പിക്കുമ്പോള്‍ ആര്‍ എസ് എസ് മുന്നോട്ടുവെക്കുന്ന ദേശീയത കൂടിയാണ് സ്ഥാപിക്കപ്പെടുന്നത്. അങ്ങനെ സ്ഥാപിക്കപ്പെടുമ്പോള്‍ കോണ്‍ഗ്രസ് – ഇടത് മുക്ത ഭാരതമല്ല, പ്രതിപക്ഷമില്ലാത്ത ഭാരതമാണ് ലക്ഷ്യം. മോഹന്‍ ഭഗവത് പറയുന്നത് പോലെ, എല്ലാവരും എല്ലാ ദിവസവും ശാഖകളില്‍ പോകുന്ന, ബുദ്ധിമുട്ടുള്ളവര്‍ ആഴ്ചയിലൊരിക്കലെങ്കിലും ശാഖകളില്‍ പോകുന്ന ഭാരതം. അവിടേക്കുള്ള യാത്ര മുടക്കി ഇന്ത്യന്‍ യൂനിയനെ നിലനിര്‍ത്തുക എന്നതാണ് രാഷ്ട്രീയ ദൗത്യം. അതിന് തയ്യാറുണ്ടോ കോണ്‍ഗ്രസും ഇടതുപക്ഷവും മതനിരപേക്ഷതയില്‍ വിശ്വസിക്കുന്ന ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങളുമെന്ന ചോദ്യത്തിന്റെ വലുപ്പം വര്‍ധിപ്പിക്കുകയാണ് ത്രിപുര.