നിലപാടിലുറച്ച് നഴ്‌സുമാര്‍; നാളെ മുതല്‍ അവധിയെടുത്ത് സമരം

Posted on: March 5, 2018 9:07 am | Last updated: March 5, 2018 at 10:15 am
SHARE

തിരുവനന്തപുരം: ആശുപത്രി മാനേജ്‌മെന്റുകളുമായി നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ നാളെ മുതല്‍ അവധിയെടുത്ത് അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്ന നിലപാടിലുറച്ച് സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍. ശനിയാഴ്ച ലേബര്‍ കമ്മീഷണര്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചക്ക് വിളിച്ചിരുന്നെങ്കിലും മാനേജ്‌മെന്റ് പ്രതിനിധികള്‍ എത്താത്തതിനാല്‍ സമരത്തിന് മുമ്പുള്ള അവസാന ശ്രമവും പാളി.

നാളെ ഉച്ചക്ക് ശേഷം വീണ്ടും ചര്‍ച്ചക്ക് തീരുമാനിച്ചിട്ടുണ്ടെങ്കിലും അന്ന് മുതല്‍ അവധിയെടുത്ത് പ്രതിഷേധിക്കാന്‍ യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യു എന്‍ എ) തീരുമാനിച്ചു. അതേസമയം, അവധിയെടുത്ത് പ്രതിഷേധിക്കുമെന്ന നഴ്‌സുമാരുടെ പ്രഖ്യാപനം അനാവശ്യമെന്ന് തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു.
ചേര്‍ത്തല കെ വി എം ആശുപത്രിയിലെ സമരം ഒത്തുതീര്‍പ്പാക്കുക, ശമ്പളപരിഷ്‌കരണം അടിയന്തരമായി നടപ്പാക്കുക, അടിസ്ഥാന ശമ്പളം 20,000 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് യു എന്‍ എ നേതൃത്വത്തില്‍ നഴ്‌സുമാര്‍ നാളെ മുതല്‍ അവധിയെടുത്ത് പ്രതിഷേധിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. പിരിച്ചുവിട്ട നടപടിയില്‍ പ്രതിഷേധിച്ച് ചേര്‍ത്തല കെ വി എം ആശുപത്രിക്ക് മുന്നില്‍ നഴ്‌സുമാര്‍ കുറെകാലമായി സമരത്തിലാണ്.
അനിശ്ചിതമായി നീളുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് യു എന്‍ എ ആവശ്യപ്പെട്ടു. നഴ്‌സുമാര്‍ നടത്തിവരുന്ന സമരങ്ങളുടെ ഭാഗമായി ഇന്ന് മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഹൈക്കോടതി ഇടപെട്ട് താത്കാലികമായി വിലക്കി. തുടര്‍ന്നാണ് നാളെ മുതല്‍ അവധിയെടുത്ത് പ്രതിഷേധിക്കാന്‍ തൃശൂരില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചത്.

നഴ്‌സുമാരുടെ സമരം വീണ്ടും ആശുപത്രികളുടെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് മുന്നില്‍ കണ്ടാണ് ലേബര്‍ കമ്മീഷണര്‍ എ അലക്‌സാണ്ടറുടെ നേതൃത്വത്തില്‍ ശനിയാഴ്ച തിരുവനന്തപുരത്ത് ചര്‍ച്ചക്ക് തീരുമാനിച്ചത്. ചര്‍ച്ചക്ക് ലേബര്‍ കമ്മീഷണര്‍ ഉള്‍പ്പെടെ യു എന്‍ എ പ്രതിനിധികളും എത്തിയെങ്കിലും ചേര്‍ത്തല കെ വി എം ആശുപത്രി പ്രതിനിധികള്‍ ആരും എത്തിയിരുന്നില്ല. ഇതോടെയാണ് ചര്‍ച്ച മുടങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here