ത്രിപുര ഫലം: കര്‍ണാടകയില്‍ കളമൊരുങ്ങുന്നത് തീപാറും പോരാട്ടത്തിന്

Posted on: March 5, 2018 9:03 am | Last updated: March 5, 2018 at 11:45 am

ബെംഗളൂരു: ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ കളമൊരുങ്ങുന്നത് തീ പാറും പോരാട്ടത്തിന്. 25 വര്‍ഷത്തെ തുടര്‍ച്ചയായുള്ള സി പി എം ഭരണത്തിന് അന്ത്യം കുറിച്ച് ത്രിപുരയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ബി ജെ പി അധികാരത്തിലെത്തിയതോടെ കര്‍ണാടകയില്‍ ഭരണം പിടിച്ചെടുക്കാന്‍ ബി ജെ പിയും നിലനിര്‍ത്താന്‍ കോണ്‍ഗ്രസും ശക്തമായ പടയൊരുക്കമാണ് നടത്തുന്നത്.

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പാണ് അടുത്ത ലക്ഷ്യമെന്ന് ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ വ്യക്തമാക്കിയതോടെ ത്രിപുരയില്‍ നടത്തിയ പരീക്ഷണം കര്‍ണാടകയിലും ആവര്‍ത്തിക്കാനാണ് ദേശീയ നേതൃത്വത്തിന്റെ നീക്കം. ത്രിപുരയില്‍ നേടിയ ചരിത്ര വിജയം കര്‍ണാടകയിലും ആവര്‍ത്തിക്കുമെന്നാണ് ബി ജെ പി നേതൃത്വം അവകാശപ്പെടുന്നത്. കോണ്‍ഗ്രസില്‍ നിന്ന് ഏതു വിധേനയും അധികാരം പിടിച്ചെടുക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളാണ് പാര്‍ട്ടി നടത്തുന്നത്. ജാതിസമവാക്യങ്ങള്‍ വിധി നിര്‍ണയിക്കുന്ന കര്‍ണാടകയില്‍ ദളിത് വോട്ടുകള്‍ പരമാവധി തങ്ങള്‍ക്കനുകൂലമാക്കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം.
അതേസമയം, ത്രിപുര ഉള്‍പ്പടെ വടക്ക്- കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബി ജെ പി നേടിയ സ്വാധീനവും ആധിപത്യവും കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ ചങ്കിടിപ്പ് വര്‍ധിപ്പിച്ചിട്ടുണ്ട്. കാവേരി നദീജല തര്‍ക്കത്തില്‍ കര്‍ണാടകക്ക് അനുകൂലമായി വിധി സമ്പാദിക്കാന്‍ കഴിഞ്ഞതും ഒട്ടേറെ ജനക്ഷേമ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കാന്‍ സാധിച്ചതും വോട്ടായി മാറുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ശക്തമായ പ്രചാരണ തന്ത്രങ്ങളുമായി ബി ജെ പി മുന്നോട്ട് പോകുമ്പോള്‍ പ്രതിരോധം കഠിനമാകുമെന്ന് വിലയിരുത്തുന്നവരുമുണ്ട്.

എന്നാല്‍, ത്രിപുര ഫലം കര്‍ണാടകയുടെ തിരഞ്ഞെടുപ്പ് ഫലത്തെ ഒരു തരത്തിലും ബാധിക്കുകയില്ലെന്നും കോണ്‍ഗ്രസിന് ഭരണത്തുടര്‍ച്ച ഉറപ്പാണെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു. രാഹുല്‍ ഗാന്ധിയെ മുന്നില്‍ നിര്‍ത്തി പ്രചാരണം കൊഴുപ്പിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം.
ഗുജറാത്തില്‍ കോണ്‍ഗ്രസിന് മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞത് രാഹുലിന്റെ പ്രചാരണ തന്ത്രങ്ങള്‍ വഴിയായിരുന്നു. ഇതുതന്നെയാണ് കോണ്‍ഗ്രസ് കര്‍ണാടകയിലും പരീക്ഷിക്കുന്നത്. പ്രിയങ്കാ ഗാന്ധിയെയും പ്രചാരണത്തിനിറക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. ബി ജെ പിയും ആര്‍ എസ് എസും നടത്തുന്ന പ്രചാരണത്തെ ശക്തമായി പ്രതിരോധിക്കാന്‍ പ്രിയങ്കാ ഗാന്ധിക്ക് കഴിയുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാല്‍ പ്രചാരണത്തിന് നേതൃത്വം നല്‍കാന്‍ പ്രിയങ്കാ ഗാന്ധിക്ക് നിര്‍ദേശം നല്‍കണമെന്ന് സംസ്ഥാന നേതൃത്വം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ട് കഴിഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോടൊപ്പം പ്രിയങ്കാ ഗാന്ധി ഉത്തര കര്‍ണാടക ജില്ലകളില്‍ പ്രചാരണത്തിനിറങ്ങിയാല്‍ മെച്ചമുണ്ടാകുമെന്നാണ് നേതാക്കളുടെ അഭിപ്രായം. ഇക്കാര്യം സംസ്ഥാനത്ത് പാര്‍ട്ടിയുടെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ നേതാക്കള്‍ അറിയിച്ചതായാണ് വിവരം.

ഉത്തര- ദക്ഷിണ കര്‍ണാടക ജില്ലകളില്‍ ആധിപത്യം സ്ഥാപിക്കാന്‍ കഴിഞ്ഞാല്‍ പാര്‍ട്ടിക്ക് വീണ്ടും അധികാരത്തിലെത്താന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് നടത്തിയ സര്‍വേയില്‍ കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം ഈ രണ്ട്‌മേഖലകളിലും മേധാവിത്വം നേടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നു. ദക്ഷിണ കര്‍ണാടകയിലെ 13 സീറ്റില്‍ 11 എണ്ണത്തിലും വിജയിച്ചത് കോണ്‍ഗ്രസാണ്. ഉത്തര കര്‍ണാടകയിലെ 13 ജില്ലകളില്‍ ലിംഗായത്ത് വോട്ടുകള്‍ നിര്‍ണായകമാണ്. ലിംഗായത്ത് സമുദായത്തിന്റെ പിന്തുണ നേടാന്‍ കഴിഞ്ഞാല്‍ വിജയം സുനിശ്ചിതമാണെന്നാണ് കണക്കുകൂട്ടല്‍. ഇത് മുന്നില്‍ക്കണ്ടാണ് ലിംഗായത്തിന് പ്രത്യേക മതപദവി നല്‍കണമെന്ന ആവശ്യം കോണ്‍ഗ്രസിലെ ഒരു വിഭാഗം മുന്നോട്ടുവെച്ചത്. സമുദായ നേതാവായ എസ് ആര്‍ പാട്ടീലിനെ കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റായി നിയമിച്ചതും തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ്. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തുമെന്ന പ്രീ- പോള്‍ സര്‍വേയും നേതൃത്വത്തിന് ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്. 120 മുതല്‍ 140 വരെ സീറ്റുകള്‍ നേടി കോണ്‍ഗ്രസ് ഭരണത്തുടര്‍ച്ച നേടുമെന്നാണ് സര്‍വേയില്‍ പറയുന്നത്.
പരമ്പരാഗതമായി ലിംഗായത്ത് പിന്തുണ ബി ജെ പിക്കാണ് ലഭിച്ചിരുന്നതെങ്കിലും 2013ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഉത്തര കര്‍ണാടക ഇവര്‍ക്ക് നല്‍കിയത് തിരിച്ചടിയാണ്. ബി എസ് യെദ്യൂരപ്പ ബി ജെ പി വിട്ട് പുതിയ പാര്‍ട്ടി രൂപവത്കരിച്ചതും ഇതിന് കാരണമാണ്.

ഉത്തര കര്‍ണാടക ജില്ലകളില്‍ 96 നിയമസഭാ മണ്ഡലങ്ങളാണുള്ളത്. ഇതില്‍ 56 എണ്ണത്തിലും വിജയം നേടിയത് കോണ്‍ഗ്രസാണ്. ബി ജെ പിക്ക് 22 സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ജനതാദള്‍ എസിന് ആറ് സീറ്റ് ലഭിച്ചു. 2013ലെ സാഹചര്യം ബി ജെ പിക്ക് എതിരായിരുന്നു. പാര്‍ട്ടിയിലെ ശക്തനായ യെദ്യൂരപ്പ പുറത്തായി. മാത്രമല്ല ബി ജെ പിക്കെതിരെ ഭരണവിരുദ്ധ വികാരവും ശക്തമായിരുന്നു. എന്നാല്‍ ഇത്തവണ ലിംഗായത്ത് നേതാവായ യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചുകൊണ്ടാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. സംസ്ഥാന ഭരണം കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുക്കാന്‍ സാധിക്കുമെന്നും രാഷ്ട്രീയ കാലാവസ്ഥ തങ്ങള്‍ക്ക് അനുകൂലമാണെന്നുമാണ് ബി ജെ പിയുടെ കണക്കുകൂട്ടല്‍.
കര്‍ണാടകയില്‍ സി പി എം 26 മണ്ഡലങ്ങളിലാണ് തനിച്ച് മത്സരിക്കുന്നത്. സംസ്ഥാനത്തെ അവസാന മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഒരു ശതമാനത്തിലും താഴെ വോട്ടുകള്‍ മാത്രമാണ് സി പി എമ്മിന് നേടാനായത്. 2004ല്‍ ചിക്കബല്ലപുരയിലും 1994ല്‍ ബഗേപല്ലിയിലും ജി വി ശ്രീരാമ റെഡ്ഡിയെ വിജയിപ്പിക്കാന്‍ സി പി എമ്മിനു കഴിഞ്ഞിരുന്നു.