Connect with us

Ongoing News

കോപ്പലാശാന്റെ കുട്ടികളെ തകര്‍ത്ത് ഗോവ പ്ലേ ഓഫില്‍

Published

|

Last Updated

ന്യൂഡല്‍ഹി: നിര്‍ണായക മത്സരത്തില്‍ ജംഷഡ്പൂര്‍ എഫ്‌സിയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് എഫ്‌സി ഗോവ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പ്ലേ ഓഫില്‍ കടന്നു. ഫെറാന്‍ കോറോയുടെ ഇരട്ട ഗോളുകളുടെ (29,51) കരുത്തിലാണ് ഗോവ കോപ്പലാശാന്റെ കുട്ടികളെ തകര്‍ത്തുവിട്ടത്. ലാന്‍സറോട്ടെ (69) പട്ടിക പൂര്‍ത്തിയാക്കി.

മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ തന്നെ ഗോള്‍ കീപ്പര്‍ സുബ്രതോ പോള്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ പത്ത് പേരുമായാണ് ജംഷഡ്പൂര്‍ മത്സരം പൂര്‍ത്തിയാക്കിയത്. 74ാം മിനുട്ടില്‍ ഗോവന്‍ ഗോള്‍ കീപ്പര്‍ നവീന്‍ കൂമാറും ചുവപ്പ് കാര്‍ഡ് കണ്ടു.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ നാലാം സീസണിന്റെ പ്ലേ ഓഫിലെത്തുന്ന അവസാനത്തെ ടീമാണ് ഗോവ. ബെംഗളൂരു, പൂനെ, ചെന്നൈയിന്‍ തുടങ്ങിയ ടീമുകള്‍ നേരത്തെ തന്നെ പ്ലേ ഓഫില്‍ ഇടംനേടിയിരുന്നു.

ഒന്നാം സ്ഥാനക്കാരായ ബെംഗളൂരു എഫ്‌സിയും നാലാം സ്ഥാനക്കാരായ പുനെ എഫ്‌സിയും തമ്മിലാണ് ആദ്യ സെമി. ഈ മാസം ഏഴിന് രാത്രി എട്ടിന് പുനെയുടെ തട്ടകത്തിലാണ് ആദ്യപാദ മത്സരം. ഈ മാസം 11ന് ബെംഗളൂരുവില്‍ രണ്ടാം പാദം. രണ്ടാം സ്ഥാനക്കാരായ ചെന്നൈയിന്‍ എഫ്‌സിയാണ് എഫ്‌സി ഗോവയുടെ എതിരാളി. ഈ മാസം പത്തിന് രാത്രി എട്ടിന് ഗോവയുടെ തട്ടകത്തിലാണ് ആദ്യപാദം. രണ്ടാം പാദം 13ന് രാത്രി എട്ടിന് ചെന്നൈയില്‍ നടക്കും.

18 മത്സരങ്ങളില്‍ 13 ജയവും ഒരു സമനിലയും നാല് തോല്‍വികളുമായി 40 പോയിന്റുമായാണ് ബെംഗളൂരു ഒന്നാം സ്ഥാനത്തെത്തിയത്. ഒമ്പത് ജയവും അഞ്ച് സമനിലകളു നാല് തോല്‍വിയുമടക്കം 32 പോയിന്റുമായി ചെന്നൈയിന്‍ രണ്ടാം സ്ഥാനത്തെത്തി. ഒമ്പത് ജയവും മൂന്ന് സമനിലകളും ആറ് തോല്‍വികളുമായി 30 പോയിന്റുള്ള ഗോവയും പൂനെ സിറ്റിയും യഥാക്രമം മൂന്ന്, നാല് സ്ഥാനങ്ങള്‍ ഉറപ്പാക്കുകയായിരുന്നു.

ഐഎസ്എല്ലില്‍ നിന്നു പുറത്തായെങ്കിലും ടൂര്‍ണമെന്റിലെ അഞ്ചാം സ്ഥാനക്കാരെന്ന നിലയില്‍ ജംഷഡ്പൂരിന് സൂപ്പര്‍ കപ്പിലേക്ക് നേരിട്ട് പ്രവേശനം ലഭിച്ചു.

 

Latest