കോണ്‍റാഡ് സാങ്മ മേഘാലയ മുഖ്യമന്ത്രി; സത്യപ്രതിജ്ഞ ചൊവ്വാഴ്ച

Posted on: March 4, 2018 5:25 pm | Last updated: March 4, 2018 at 9:53 pm

ഷിംല്ലോംഗ്: 21 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിനെ മറികടന്ന് വെറും രണ്ട് സീറ്റുകള്‍ മാത്രമുള്ള ബിജെപി സഖ്യം മേഘാലയയില്‍ ഭരണം പിടിച്ചു. മുന്‍ ലോക്‌സഭാ സ്പീക്കര്‍ പിഎ സാങ്മയുടെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി) ഉള്‍പ്പെടെ അഞ്ച് പാര്‍ട്ടികളുടെ വിശാല മുന്നണി രൂപവത്കരിച്ചാണ് സര്‍ക്കാര്‍ രൂപവത്കരണം. 17 സീറ്റുകള്‍ ലഭിച്ച എന്‍പിപിയാകും മുന്നണിക്ക് നേതൃത്വം നല്‍കുക. രണ്ട് സീറ്റുകളുള്ള ബിജെപിയെ കൂടാതെ ആറ് സീറ്റുകളുള്ള യുഡിപിയും ഇവരെ പിന്തുണക്കും. ഒരു സ്വതന്ത്ര എംഎല്‍എയും പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്‍പിപി അധ്യക്ഷനും ലോക്‌സഭാംഗവുമായ കോണ്‍റാഡ് സാങ്മ അടുത്ത മുഖ്യമന്ത്രിയാകും. ചൊവ്വാഴ്ചയാണ് സത്യപ്രതിജ്ഞ.

സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ച് കോണ്‍ഗ്രസ് ശനിയാഴ്ച രാത്രി വൈകി ഗവര്‍ണര്‍ ഗംഗ പ്രസാദിനെ കണ്ടിരുന്നു. ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയില്‍ സര്‍ക്കാറുണ്ടാക്കാനുള്ള അവകാശം തങ്ങള്‍ക്കാണെന്ന് ഗവര്‍ണറെ അറിയിച്ചതായി മുതിര്‍ന്ന നേതാവ് കമല്‍നാഥ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍, രണ്ട് സീറ്റുകള്‍ മാത്രം നേടിയിട്ടും സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ബിജെപി നടത്തിയ നീക്കങ്ങള്‍ ലക്ഷ്യം കാണുകയായിരുന്നു.

ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത മേഘാലയയില്‍, ഒമ്പത് വര്‍ഷമായി ഭരണത്തിലുള്ള കോണ്‍ഗ്രസ് 21 സീറ്റുമായാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. എന്‍പിപിക്ക് 19 സീറ്റ് ലഭിച്ചു. യുനൈറ്റഡ് ഡമോക്രാറ്റിക് പാര്‍ട്ടിക്ക് (യുഡിപി) ആറും ബിജെപിക്ക് രണ്ടും പീപ്പിള്‍സ് ഡമോക്രാറ്റിക് ഫ്രണ്ടിന് നാലും സീറ്റുകള്‍ ലഭിച്ചപ്പോള്‍ മൂന്ന് സീറ്റുകള്‍ സ്വതന്ത്രര്‍ക്കൊപ്പം നിന്നു. യുഡിപിയുമായി സഖ്യമുണ്ടായിരുന്ന എച്ച്എസ്പിഡിപിക്ക് രണ്ട് സീറ്റുണ്ട്.