ഖത്വറില്‍ നോര്‍കയുടെ സാറ്റലൈറ്റ് ഓഫീസ് ആരംഭിക്കുമെന്ന് എൽ കെ എസ് അംഗങ്ങൾ

കാസിം എ ഖാദർ
Posted on: March 3, 2018 11:17 pm | Last updated: April 26, 2018 at 9:34 pm

ദോഹ: ഖത്വറില്‍ നോര്‍ക്ക റൂട്ട്‌സിന്റ സാറ്റലൈറ്റ് നോഡല്‍ ഓഫീസ് പ്രവര്‍ത്തനം തുടങ്ങുമെന്ന് നോര്‍ക്ക റൂട്ട് വൈസ് ചെയര്‍മാന്‍ സി കെ മേനോന്‍ അറിയിച്ചു. ലോക കേരള സഭയില്‍ പങ്കടുത്ത ഖത്വര്‍ പ്രതിനിധികള്‍ ഇതുസംബന്ധിച്ച് കാര്യങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ ഇന്ത്യക്ക് പുറത്ത് ബഹ്‌റൈനില്‍ മാത്രമാണ് നോര്‍ക്കയുടെ സാറ്റലൈറ്റ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാന സര്‍ക്കാറിന്റെ പ്രവാസി ക്ഷേമ നിധിയിലേക്കുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ പുരോഗമിക്കുകയാണന്നും, സര്‍ക്കാര്‍ സഹകരണത്തോടെ ഖത്വറില്‍ നിയമ സഹായ സെല്‍ രൂപവത്കരിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും ഇന്‍കെല്‍ ഡയറക്ടര്‍ കൂടിയായ അദ്ദേഹം പറഞ്ഞു.
ലോക കേരള സഭയില്‍ ഖത്വറിനെ പ്രതിനിധീകരിച്ച് പങ്കടുത്ത തങ്ങള്‍ പ്രവാസികളുടെ അടിസ്ഥാന വിഷയങ്ങളുള്‍പ്പടെ സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പടുത്തിയിട്ടുണ്ട്. ഇതിനോടുള്ള സര്‍ക്കാറിന്റെ പ്രതികരണം അനുകൂലമാണെന്നത് പ്രതീക്ഷ നല്‍കുന്നുണ്ട്. ലോക കേരള സഭ ശാശവ ദശയിലാണ്. ഇനിയും ഏറെ മുന്നോട്ടുപോകാനുണ്ട്. തുടക്കത്തിലുണ്ടായ ചെറിയ വീഴ്ചകള്‍ പരിഹരിച്ച് മുന്നോട്ടുപോകുമന്നാണ് കരുതുന്നത്. സഭയില്‍ സ്വീകരിച്ച നിലപാടുകളും തീരുമാനങ്ങളും നടപ്പിലാക്കുന്നത് സംബന്ധിച്ച പ്രതീക്ഷകള്‍ക്ക് ബലമേകുന്നതാണ് ബജറ്റില്‍ ഇതിന് തുക വിലയിരുത്തിയന്നത്. ലോക കേരള സഭയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് 19.5 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. യോഗ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിന് വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റികള്‍, പ്രവാസികള്‍ക്കിടയില്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് നിക്ഷേപ നിധി, ഇതിനായി ഏകജാലക സംവിധാനം തുടങ്ങിയവയാണ് ആദ്യഘട്ടത്തില്‍ നടപ്പിലാക്കുന്നത്.
ഓരോ പദ്ധതികളും നടപ്പിലാക്കുന്നതിനുള്ള സ്റ്റാന്‍ഡിംഗ് കമ്മിറ്റികളോട് ആറുമാസത്തിനകം ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. പ്രവാസികളുടെ സഭയെന്ന നിലയില്‍ വേര്‍തിരിവില്ലാതെ മുഴുവന്‍ പ്രവാസികളെയും ഉള്‍ക്കൊള്ളുന്ന സഭ തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസമുള്‍പ്പെടെ ചര്‍ച്ച ചെയ്തിരുന്നു. പ്രവാസ കാലത്ത് സംസ്ഥാന സര്‍ക്കാറിന്റെ മേല്‍നോട്ടത്തിലുള്ള പ്രവാസി സംരംഭങ്ങളില്‍ ഓഹരിയെടുക്കുന്നവര്‍ തിരിച്ചെത്തുമ്പോള്‍ ഇത്തരം സംരംഭങ്ങളില്‍ ജോലി നല്‍കുന്നതുള്‍പ്പെടെയുള്ള പുനരധിവാസ പരിപാടികളാണ് കേരള സഭ ചര്‍ച്ച ചെയ്തത്. തൊഴില്‍ പ്രശ്‌നങ്ങളും പുനരധിവാസവും ഉള്‍പ്പടെ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും ഏറ്റെടുക്കുന്നതിലും പ്രവാസി സംഘടനകളുട ഏകോപനമുണ്ടാക്കാനും സഭ നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു. ഒപ്പം മലയാളം വിഷന്‍ പദ്ധതി അടുത്ത മാസത്തോടെ ആരംഭിക്കുമെന്നും ഇവര്‍ അറിയിച്ചു.
കേരളത്തില്‍ നിന്നുള്ള പ്രവാസികളുടെ ശരിയായ വിവരങ്ങള്‍ ശേഖരിച്ച് പട്ടിക തയ്യാറാക്കുക, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ നോര്‍ക്ക റൂട്ട്‌സിന്റെയും പ്രവാസി ക്ഷേമ നിധിയുടെയും ഓഫീസുകള്‍ ആരംഭിക്കുക, വിദ്യാഭ്യാസ-ആരോഗ്യ- ടൂറിസം മേഖലകള ബന്ധിപ്പിച്ച് പ്രവാസി സോണുകള്‍ പ്രഖ്യാപിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ വിശദമായി തന്നെ സര്‍ക്കാറിന് മുന്നില്‍ ഖത്വറില്‍ നിന്നുള്ള പ്രതിനിധികള്‍ സമര്‍പ്പിച്ചുട്ടുണ്ടന്നും ഇവര്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ സഭാ പ്രതിനിധികളായ നോര്‍ക്ക റൂട്ട് ഡയറക്ടര്‍ സി വി റപ്പായി, കേരള പ്രവാസി ക്ഷേമ നിധി ബോര്‍ഡ് ഡയറക്ടര്‍ കെ കെ ശങ്കരന്‍, കെ എം സി സി പ്രസിഡന്റ്എസ് എം എ ബഷീര്‍, ഐ സി ബി എഫ് വൈസ് പ്രസിഡന്റ് പി എന്‍ ബാബുരാജന്‍, ഇന്‍കാസ് പ്രസിഡന്റ് ജോണ്‍ ഗില്‍ബര്‍ട്ട് പങ്കെടുത്തു.