ഇസ്മാഈലിനെതിരായ റിപ്പോര്‍ട്ടിന് സംസ്ഥാന സമ്മേളനത്തിന്റെ അംഗീകാരം

Posted on: March 3, 2018 7:58 pm | Last updated: March 4, 2018 at 1:37 pm

മലപ്പുറം: ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ ഇ ഇസ്മാഈലിനെതിരെ വിമര്‍ശനമുന്നയിക്കുന്ന കണ്‍ട്രോള്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സിപിഐ സംസ്ഥാന സമ്മേളനം അംഗീകരിച്ചു. കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഇടപെടില്ലെന്നും പരാതിയുള്ളവര്‍ക്ക് കേന്ദ്ര നേതൃത്വത്തെ സമീപിക്കാമെന്നും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. റിപ്പോര്‍ട്ട് ചോര്‍ന്നതിന്റെ പൂര്‍ണഉത്തരവാദിത്വം പ്രതിനിധികള്‍ക്കാണെന്നും കാനം പറഞ്ഞു. റിപ്പോര്‍ട്ടിനെതിരെ കെ ഇ ഇസ്മാഈല്‍ കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയിരിന്നു. തന്നെ ഒറ്റപ്പെടുത്തി വേട്ടയാടുകയാണെന്നും ഇത് തുടര്‍ന്നാല്‍ രാഷ്ട്രീയം അവസാനിപ്പിക്കുമെന്നും ഈസ്മാഈല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കണ്‍ട്രോള്‍ കമ്മീഷന് ലഭിച്ച പരാതി അതേപടി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയത് അനുചിതമാണെന്നാണ് ഇസ്മാഈലിന്റെ നിലപാട്.

ഇസ്മാഈലിനെതിരെ സമ്മേളന റിപ്പോര്‍ട്ടില്‍ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. പാര്‍ട്ടി അറിയാതെ ഗള്‍ഫില്‍ ഫണ്ട് പിരിവ് നടത്തിയതായും പാര്‍ട്ടി നേതാക്കള്‍ക്ക് നിരക്കാത്ത വിധത്തില്‍ ആഡംബര ഹോട്ടലില്‍ താമസിച്ചുവെന്നും റിപ്പോര്‍ട്ടില്‍ ആക്ഷേപമുണ്ട്. യു എ ഇയിലെ പാര്‍ട്ടി ബ്രാഞ്ചുകളുടെ കോഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ പി എം പ്രകാശന്‍ കേന്ദ്ര കണ്‍ട്രോള്‍ കമ്മീഷന് നല്‍കിയ പരാതിയാണ് വിമര്‍ശമായി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പാര്‍ട്ടി അറിയാതെ വിദേശയാത്ര നടത്തി, പാര്‍ട്ടി തീരുമാനത്തെ തള്ളിപ്പറഞ്ഞു, പാര്‍ട്ടി ഘടകങ്ങളെ അറിയിക്കാതെയും അവരെ ബന്ധപ്പെടുത്താതെയും പിരിവ് നടത്തി, വിദേശത്തെ പാര്‍ട്ടി പ്രതിനിധികളുടെ ഗ്രൂപ്പ് യോഗത്തില്‍ വിമര്‍ശം ഉയര്‍ത്തിയവരെ പൊതുചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അനുവദിച്ചില്ല തുടങ്ങിയവയാണ് പരാതിയിലെ പ്രധാന ആക്ഷേപങ്ങള്‍. പരാതിയിലെ വസ്തുതകള്‍ അറിയാന്‍ കണ്‍ട്രോള്‍ കമ്മീഷന്‍ പലതവണ സംസ്ഥാന സെക്രട്ടറിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടെങ്കിലും വിവരം നല്‍കിയില്ലെന്നും ആക്ഷേപമുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും പാര്‍ട്ടി നേതാവിനും നിരക്കാത്ത പ്രവൃത്തികള്‍ ഇസ്മാഈല്‍ നടത്തിയതായി കണ്‍ട്രോള്‍ കമ്മീഷന് ബോധ്യപ്പെട്ടിട്ടുണ്ട്. 2013 ജൂണ്‍ 20ന് അന്നത്തെ പാര്‍ട്ടി സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍, അസി. സെക്രട്ടറി സി എന്‍ ചന്ദ്രന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ എറണാകുളത്ത് ചേര്‍ന്ന വിദേശ രാജ്യങ്ങളിലെ ബ്രാഞ്ച് സെക്രട്ടറിമാരുടെ യോഗപ്രകാരം ഒന്നിലധികം ബ്രാഞ്ചുകളുള്ള വിദേശ രാജ്യങ്ങളില്‍ പാര്‍ട്ടിയുടെ കോഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപവത്കരിക്കുകയുണ്ടായി. ആ വര്‍ഷം യു എ ഇയിലെത്തിയ കെ ഇ ഇസ്മാഈല്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയെയോ കണ്‍വീനറെയോ അറിയിക്കാതെ ചില ബ്രാഞ്ചുകളുടെ യോഗം വിളിച്ച് കോര്‍ഡിനേഷനെ തള്ളിപ്പറയുകയും ബ്രാഞ്ചുകള്‍ സ്വതന്ത്രമായി പ്രവര്‍ത്തിച്ചാല്‍ മതിയെന്ന് നിര്‍ദേശിക്കുകയും ചെയ്തു. ഇത് പാര്‍ട്ടി തീരുമാനത്തിന്റെ ലംഘനമാണ്. കോഓര്‍ഡിനേഷന്‍ രൂപവത്കരിച്ചത് ശരിയല്ലെന്ന് ബോധ്യപ്പെടുത്താന്‍ പാര്‍ട്ടി സര്‍ക്കുലറിന്റെ താഴെയുള്ള വരികള്‍ ഒഴിവാക്കി സെക്രട്ടറിയുടെ ഒപ്പില്ലാത്ത സര്‍ക്കുലറാണ് അവിടെയുള്ള ഘടകങ്ങള്‍ക്ക് നല്‍കിയത്. ഇത് ഗുരുതരമായ തെറ്റാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കോട്ടയത്തെ സംസ്ഥാന സമ്മേളനത്തിലേക്കും 22ാം പാര്‍ട്ടി കോണ്‍ഗ്രസിലേക്കും വിദേശ രാജ്യങ്ങളിലെ പാര്‍ട്ടി ഘടകങ്ങളില്‍ നിന്ന് പ്രതിനിധികളെ തിരഞ്ഞെടുത്തതും സംഘടനാരീതിക്ക് വിരുദ്ധമായിട്ടാണ്. വിദേശ രാജ്യങ്ങളിലെ ഒരു പാര്‍ട്ടി ഘടകത്തിലും അംഗങ്ങള്‍ അല്ലാതിരുന്ന മലപ്പുറത്ത് നിന്നുള്ള പാലോളി അബ്ദുര്‍റഹ്മാനെയും കൊല്ലം ചടയമംഗലത്തെ സുലൈമാനെയും വിദേശ രാജ്യങ്ങളിലെ ഘടകങ്ങളില്‍ നിന്നുള്ള പ്രതിനിധികളായി തിരഞ്ഞെടുത്ത് പങ്കെടുപ്പിച്ചതായും ഇസ്മാഈലിനെതിരെയുള്ള പരാതിയായി പറയുന്നു. തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റ കേസില്‍ ഹൈക്കോടതി വിധി വന്നതിന് ശേഷവും അദ്ദേഹം മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തതിനെ സി പി ഐ വിമര്‍ശിച്ചിരുന്നു. എന്നാല്‍, പാര്‍ട്ടി തീരുമാനത്തിന് വിപരീതമായി കെ ഇ ഇസ്മാഈല്‍ നടത്തിയ പ്രതികരണം ശരിയായില്ല തുടങ്ങിയ വിമര്‍ശനങ്ങളുമുണ്ട്.