Connect with us

International

നിസ്‌കാരത്തിനിടെ സൂഫി പണ്ഡിതനെ വെടിവെച്ച് കൊന്നു

Published

|

Last Updated

സന്‍അ: യമനിലെ പ്രമുഖ സൂഫി പണ്ഡിതനെ വെടിവെച്ച് കൊന്നു. ഹളര്‍മൗത് കേന്ദ്രീകരിച്ചുള്ള ആത്മീയ സദസ്സുകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിച്ചിരുന്ന ശൈഖ് ഐദ്രൂസ് ബിന്‍ അബ്ദുല്ല അല്‍ സുമൈത്താണ് കൊല്ലപ്പെട്ടത്. നിസ്‌കരിച്ചുകൊണ്ടിരിക്കെ അക്രമി പിന്നില്‍ നിന്ന് വെടിവെക്കുകയായിരുന്നു. ആക്രമണത്തിന് പിന്നില്‍ സലഫി തീവ്രവാദികളാണെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ആരോപിച്ചു.

ജനങ്ങള്‍ക്ക് ആത്മീയ ഉപദേശം നല്‍കിയിരുന്ന പണ്ഡിതന്റെ അടുക്കല്‍ വിശ്വാസിയായി ചമഞ്ഞെത്തിയ അക്രമിയാണ് നിറയൊഴിച്ചത്. ആത്മീയ ഉപദേശത്തിനെന്ന പേരില്‍ വീട്ടിലെത്തിയ അക്രമിയോട് നിസ്‌കരിച്ച ശേഷം സംസാരിക്കാമെന്ന് പറഞ്ഞ സുമൈത്തിന് നേരെ നിറയൊഴിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം പ്രതി രക്ഷപ്പെട്ടു. ഹളര്‍മൗത്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സുമൈത്തടക്കമുള്ള സൂഫി പണ്ഡിതന്മാര്‍ക്ക് നേരത്തെ അല്‍ഖാഇദ, ഇസില്‍ എന്നീ സലഫി തീവ്രവാദികളുടെ വധഭീഷണിയുണ്ടായിരുന്നു. ലോകപ്രശസ്ത പണ്ഡിതനായ ശൈഖ് ഹബീബ് ഉമറിന്റെ വാഹനം ആയുധധാരികളായ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയിരുന്നു. പണ്ഡിതര്‍ക്കും അവരുടെ വീടുകള്‍ക്കും നേരെ യമനില്‍ വ്യാപകമായി ആക്രമണങ്ങള്‍ നടക്കാറുണ്ട്.

അല്‍ഖാഇദ, ഇസില്‍ തുടങ്ങി സലഫി തീവ്രവാദികള്‍ക്ക് സ്വാധീനമുള്ള ഹളര്‍മൗതിന് സമീപത്തെ ശഅ്‌റ് മുസല്ല കേന്ദ്രീകരിച്ചാണ് പണ്ഡിതന്മാര്‍ക്കെതിരായ ആക്രമണങ്ങളുടെ ആസൂത്രണം നടക്കാറുള്ളത്.