രോഗിയുടെ കൈയിലെ ടാഗ് മാറി; ആളുമാറി തലക്ക് ശസ്ത്രക്രിയ

Posted on: March 3, 2018 2:31 pm | Last updated: March 3, 2018 at 2:31 pm

നെയ്‌റോബി: രോഗിയുടെ കൈയില്‍ കെട്ടിയ ടാഗ് മാറിയതിനെ തുടര്‍ന്ന് ആളുമാറി ശസ്ത്രക്രിയ ചെയ്തു. കെനിയാറ്റ നാഷണല്‍ ആശുപത്രിയിലാണ് സംഭവം. കഴിഞ്ഞ മാസം നടന്ന സംഭവം ഇപ്പോഴാണ് പുറത്തറിയുന്നത്. രോഗികളില്‍ ഒരാള്‍ക്ക് തലയ്ക്കുള്ളില്‍ രക്തം കട്ടപിടിച്ചതിനും മറ്റൊരാള്‍ക്ക് തലയിലെ മുഴ നീക്കം ചെയ്യാനുമാണ് ശസ്ത്രക്രിയ തീരുമാനിച്ചിരുന്നത്. എന്നാല്‍ മണിക്കൂറുകളോളം ശസ്ത്രക്രിയ നടത്തിയിട്ടും രോഗിയില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്താനാകാത്തതിനെ തുടര്‍ന്നാണ് ആളുമാറിയ വിവരം അറിയുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് നാലു മെഡിക്കല്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതായി കെനിയാറ്റ ആശുപത്രി സിഇഒ ലിലി കൊറോസ് അറിയിച്ചു. ന്യൂറോ സര്‍ജന്‍, വാര്‍ഡ് നഴ്‌സ്, തിയറ്റര്‍ നഴ്‌സ്, അനസ്തീഷ്യസ്റ്റ് എന്നിവരെയാണു സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

സംഭവം വാര്‍ത്തയായതോടെ ആശുപത്രിക്കുനേരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ആശുപത്രി മാനേജ്‌മെന്റ് രാജിവെയ്ക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.