ചര്‍ച്ച പരാജയം; ചൊവ്വാഴ്ച മുതല്‍ നഴ്‌സുമാര്‍ സമരത്തിലേക്ക്

Posted on: March 3, 2018 12:43 pm | Last updated: March 3, 2018 at 4:29 pm

തിരുവനന്തപുരം: ശമ്പള വര്‍ധനവ് നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ പ്രഖ്യാപിച്ച സമരം ഒത്തുതീര്‍പ്പാക്കാന്‍ ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ച പരാജയം. ചൊവ്വാഴ്ച മുതല്‍ നിശ്ചയിച്ച സമരപരിപാടിയുമായി മുന്നോട്ട് പോകുമെന്ന് നഴ്‌സുമാരുടെ സംഘടനയായ യുഎന്‍എ അറിയിച്ചു. അനിശ്ചിത കാല അവധിയില്‍ പ്രവേശിക്കാനാണ് നഴ്‌സുമാരുടെ സംഘടനയുടെ തീരുമാനം. നഴ്‌സുമാരുടെ പണിമുടക്ക് നേരത്തെ ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് കൂട്ടമായി ലീവെടുത്ത് പ്രതിഷേധിക്കാന്‍ നഴ്‌സുമാര്‍ തീരുമാനിച്ചത്.

നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 20,000 രൂപയായി നിജപ്പെടുത്തിയത് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ശമ്പള വര്‍ധന നടപ്പാക്കിയ ആശുപത്രികളിലെ നഴ്‌സുമാര്‍ മാനേജ്‌മെന്റുകളുമായി സഹകരിക്കുമെന്ന് യുഎന്‍എ നേരത്തെ അറിയിച്ചിട്ടുണ്ട്.