Connect with us

Eranakulam

വൈദികനെ കുത്തിക്കൊന്ന മുന്‍ കപ്യാര്‍ പിടിയില്‍

Published

|

Last Updated

കൊച്ചി: മലയാറ്റൂര്‍ കുരിശുമുടി റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ടിനെ (52) കുത്തിക്കൊന്ന സംഭവത്തില്‍ പ്രതി പിടിയില്‍. മുന്‍ കപ്യാരായ ജോണി വട്ടേക്കാടന്‍ ആണ് പിടിയിലായത്. കാട്ടില്‍ അവശനിലയില്‍ കണ്ടെത്തിയ ഇയാളെ പോലീസ് സംഘം ചോദ്യം ചെയ്തുവരുന്നു. പെരുമ്പാവൂര്‍ ഡിവൈഎസ്പിയുട നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.

ഇന്നലെ ഉച്ചക്ക് പന്ത്രണ്ടോടെ കുരിശുമുടിയിലെ ആറാം സ്ഥലത്ത് വെച്ചായിരുന്നു സംഭവം. 30 വര്‍ഷത്തോളം മലയാറ്റൂര്‍ കുരിശുമുടിയുടെ കപ്യാരുടെ ചുമതലയിലുണ്ടായിരുന്ന ജോണി ഫാ. തേലക്കാട്ടിനെ തടഞ്ഞുനിര്‍ത്തി കത്തിയുപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

പ്രതി ജോണിയെ സ്വഭാവ ദൂഷ്യത്തിന്റെ പേരില്‍ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് കപ്യാര്‍ ജോലിയില്‍ നിന്ന് താത്കാലികമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇന്നലെ ചര്‍ച്ചക്കായി എത്താന്‍ ജോണിയോട് ഫാ. തേലക്കാട്ട് ആവശ്യപ്പെട്ടിരുന്നതായും ദേവാലയ അധികൃതര്‍ അറിയിച്ചു. ഇതിനിടെയാണ് അതിദാരുണമായ സംഭവം നടന്നത്. കുരിശുമുടിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ച് താഴേക്ക് ഇറങ്ങുന്നതിനിടെ ആറാം സ്ഥലത്ത് കാത്ത് നിന്നിരുന്ന പ്രതി വൈദികനുമായി വക്കേറ്റം ഉണ്ടാവുകയും കൈയിലുരുന്ന കത്തിയെടുത്ത് കുത്തുകയുമായിരുന്നുവത്രെ. ഇടത് കാലിലും തുടയിലുമാണ് കുത്തേറ്റത്. കൂടെയുണ്ടായിരുന്ന നാലുപേര്‍ ചുമന്ന് വൈദികനെ താഴെ എത്തിച്ചതിനു ശേഷമാണ് ആംബുലന്‍സില്‍ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് മരണം സംഭവിച്ചിരുന്നു. രക്തം വാര്‍ന്നാണ് മരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Latest