Connect with us

Alappuzha

കലക്ടര്‍ അനുപമക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം; വിദ്യാര്‍ഥിയാണോ കലക്ടര്‍ കസേരയില്‍ ഇരിക്കുന്നതെന്ന് കോടതി

Published

|

Last Updated

കൊച്ചി: മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റ വിഷയത്തില്‍ ആലപ്പുഴ ജില്ലാ കലക്ടര്‍ ടിവി അനുപമക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. നിരുത്തരവാദപരമായ സമീപനമാണ് കലക്ടറുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് കോടതി വിമര്‍ശിച്ചു. എന്ത് ജോലിയാണ് കലക്ടര്‍ അവിടെയിരുന്ന് ചെയ്യുന്നതെന്നും വിദ്യാര്‍ഥിയാണോ കലക്ടര്‍ കസേരയില്‍ ഇരിക്കുന്നതെന്നും കോടതി ചോദിച്ചു. കലക്ടറുടെ കാര്യപ്രാപ്തിയിലും കോടതി സംശയം പ്രകടിപ്പിച്ചു.

തോമസ് ചാണ്ടിക്ക് കലക്ടര്‍ നല്‍കിയ രണ്ട് നോട്ടീസുകള്‍ റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി കലക്ടറെ വിമര്‍ശിച്ചത്. നോട്ടീസ് നല്‍കിയത് തെറ്റായ സര്‍വേ നമ്പറിലാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി നടപടി. സര്‍വേ നമ്പര്‍ തെറ്റിയകാര്യം കലക്ടറും അംഗീകരിച്ചു. വസ്തുതകള്‍ പരിശോധിച്ചില്ലെന്നും കലക്ടര്‍ കോടതിയെ അറിയിച്ചു. വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനി നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.

തോമസ് ചാണ്ടി റസിഡന്റ് ഡയറക്ടറായ വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനിക്കെതിരെ നിലം നികത്തല്‍ ആരോപണത്തില്‍ ഫെബ്രുവരി 23ന് നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നായിരുന്നു നോട്ടീസ്. ഈ നോട്ടിസില്‍ ബ്ലോക്ക് നമ്പരും സര്‍വേ നമ്പരും തെറ്റായിട്ടാണ് രേഖപ്പെടുത്തിയിരുന്നത്. ഇതു തിരിച്ചറിഞ്ഞപ്പോള്‍ തിരുത്തല്‍ നോട്ടീസും കലക്ടര്‍ അയച്ചിരുന്നു. കോടതിയില്‍ ഇക്കാര്യം കലക്ടര്‍ അറിയിച്ചു. ഇരു നോട്ടീസുകളും പിന്‍വലിക്കുകയോ റദ്ദാക്കുകയോ ചെയ്യാമെന്നും കലക്ടര്‍ പറഞ്ഞു. ഇതേത്തുടര്‍ന്നാണ് ഹൈക്കോടതി നോട്ടീസ് റദ്ദാക്കിയത്.

തോമസ് ചാണ്ടിയുടെ ആലപ്പുഴയിലെ കൈയേറ്റം സ്ഥിരീകരിച്ച് കലക്ടര്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പിന്നീട് താമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവെക്കുകയും ചെയ്തു.

Latest