സിറിയയിലെ കൂട്ടക്കുരുതി; ഇന്ന് പ്രാര്‍ഥനാ ദിനം: കേരള മുസ്‌ലിം ജമാഅത്ത്

Posted on: March 2, 2018 9:47 am | Last updated: March 2, 2018 at 1:38 pm

കോഴിക്കോട്: ജനവാസ കേന്ദ്രങ്ങളില്‍ ബോംബ് വര്‍ഷിച്ച് സിവിലിയന്മാരെ കൊന്നൊടുക്കുന്ന സിറിയന്‍ ഭരണകൂടത്തിന്റെ നടപടിയെ യുദ്ധക്കുറ്റമായും ബശര്‍ അല്‍ അസദിനെ യുദ്ധക്കുറ്റവാളിയായും പ്രഖ്യാപിക്കാന്‍ ഐക്യരാഷ്ട്ര സഭ തയ്യാറാകണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് നേതാക്കള്‍ ആവശ്യപ്പെട്ടു.

സ്വന്തം പ്രജകളെ കൊന്നൊടുക്കുന്ന കിരാത പ്രവൃത്തിയുടെ പേരില്‍ അന്താരാഷ്ട്ര കോടതി അസദിനെ വിചാരണ ചെയ്യണം. ദിനംപ്രതി നൂറുകണക്കിന് പേരാണ് സിറിയയില്‍ കൊല്ലപ്പെടുന്നത്. അവരില്‍ പകുതിയോളം കുഞ്ഞുങ്ങളാണ്. യുദ്ധമുഖത്ത് നിന്ന് ഓടിപ്പോകാന്‍ പോലും പ്രായമായിട്ടില്ലാത്ത കുരുന്നുകളെ പോലും ബോംബിട്ട് കൊല്ലുന്ന ഭരണകൂട ഭീകരതയെ ആഗോള സമൂഹം ഒറ്റക്കെട്ടായി അപലപിക്കണം. സിറിയന്‍ ഭരണകൂടത്തിന് സാമ്പത്തിക പിന്തുണയും ആയുധവും നല്‍കി സഹായിക്കുന്ന രാജ്യങ്ങള്‍ നിലപാട് പുനഃപരിശോധിക്കണം. സിവിലിയന്മാര്‍ക്കെതിരായ യുദ്ധം അവസാനിപ്പിക്കാന്‍ അറബ് രാഷ്ട്രങ്ങള്‍ സിറിയന്‍ ഭരണാധികാരിയോട് ആവശ്യപ്പെടണം.

കുടിവെള്ളം പോലും ലഭിക്കാതെ പ്രതിസന്ധിയിലായ സിറിയന്‍ ജനതയെ സഹായിക്കാന്‍ ലോകത്തിന് ബാധ്യതയുണ്ട്. സിറിയയുടെ നിലവിളി ഇനിയും കേട്ടില്ലെന്നു നടിക്കുന്നത് ആഗോള മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ ഉള്ളടക്കത്തെ തന്നെ അപ്രസക്തമാക്കും. യുദ്ധഭൂമിയില്‍ നരകയാതന അനുഭവിക്കുന്ന സിറിയന്‍ ജനതയുടെ രക്ഷക്കും മോചനത്തിനുമായി ഇന്ന് ജുമുഅക്ക് ശേഷം പള്ളികളിലോ പള്ളിക്ക് പുറത്തോ പ്രസ്ഥാന കുടുംബം ഒന്നിച്ച് പ്രത്യേകം പ്രാര്‍ഥനാ സദസ്സുകള്‍ സംഘടിപ്പിക്കാനും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരും ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരിയും സംയുക്ത പ്രസ്താവനയില്‍ ആഹ്വാനം ചെയ്തു.

പ്രാര്‍ഥന നടത്തുക
കോഴിക്കോട്: ഇന്ന് ജുമുഅ നിസ്‌കാരത്തിനു ശേഷം പള്ളികളില്‍ ലോക സമാധാനത്തിന് വേണ്ടി, പ്രത്യേകിച്ച് സിറിയയിലെ കഷ്ടപ്പെടുന്ന ജനവിഭാഗങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥന നടത്താന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഒതുക്കുങ്ങല്‍, ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു.