Connect with us

National

ഭീകരതക്കെതിരെ താക്കീതായി ഇസ്‌ലാമിക പൈതൃക സംഗമം

Published

|

Last Updated

ന്യൂഡല്‍ഹി: ജോര്‍ദാന്‍ രാജാവ് പങ്കെടുത്ത ഇസ്‌ലാമിക പൈതൃക സംഗമം ഭീകരതക്കെതിരായ താക്കീതായി മാറി. വിശുദ്ധമതം സമാധാനത്തിനും സഹവര്‍തിത്വത്തിനും ബഹുസ്വരതക്കും നിലകൊള്ളുന്നുവെന്ന് സംഗമം പ്രഖ്യാപിച്ചു. പണ്ഡിതരും മതവിശ്വാസികളൊന്നാകെയും ഭീകരതയെ ശക്തമായി തള്ളിപ്പറയുന്നുവെന്ന് വ്യക്തമാക്കിയ സംഗമം, ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍ നേതൃത്വം നല്‍കുന്ന ഭീകരവിരുദ്ധ പോരാട്ടത്തെ പ്രകീര്‍ത്തിച്ചു. ഇന്ത്യ- ജോര്‍ദാന്‍ ബന്ധത്തിന്റെ ദൃഢത പ്രധാനമന്ത്രി നരേന്ദ്ര മോദി വരച്ചു കാട്ടി.

ഇന്ത്യന്‍ സംസ്‌കൃതിയുടെയും പാരമ്പര്യത്തിന്റെയും സൗകുമാര്യത വിവരിച്ച് താന്‍ എഴുതിയ കവിത സമ്മാനിച്ചാണ് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ജോര്‍ദാന്‍ രാജാവിന് സ്വാഗതമോതിയത്. ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ സംഘടിപ്പിച്ച രാജാവിന്റെ പ്രഭാഷണത്തിന് മുമ്പ് നടന്ന മത- രാഷ്ട്രീയ മേഖലയിലെ പ്രധാനപ്പെട്ടവരുമായി നടത്തിയ ചര്‍ച്ചയിലാണ് കാന്തപുരം കവിത ആലപിച്ചതും സമ്മാനിച്ചതും. അര മണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചയില്‍ അബ്ദുല്ല രണ്ടാമന്‍ രാജാവ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇരുരാജ്യങ്ങളിലെയും അംബാസിഡര്‍മാര്‍, എം എ യൂസുഫലി തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു.

അറബിയില്‍ കാന്തപുരം ആലപിച്ച കവിതയില്‍ വൈവിധ്യങ്ങളുടെ രാജ്യത്തേക്ക് ജോര്‍ദാന്‍ രാജാവിനെ ഹാര്‍ദമായി ക്ഷണിക്കുന്ന വരികളാണുള്ളത്. കവിതയുടെ ആശയം എം എ യൂസുഫലി പ്രധാനമന്ത്രിക്കും മറ്റു പ്രതിനിധികള്‍ക്കും വിവരിച്ചു നല്‍കി.
മതവിശ്വാസികള്‍ക്കിടയില്‍ നിലനില്‍ക്കേണ്ടത് ഐക്യത്തിന്റെയും പാരസ്പര്യത്തിന്റെയും സന്ദേശമാണെന്ന ബോധ്യത്തോടെ ധൈഷണികവും നയതന്ത്രപരവുമായ ഇടപെടലുകള്‍ നടത്തുന്ന അബ്ദുല്ല രാജാവിന്റെ പ്രവര്‍ത്തനങ്ങളെ കാന്തപുരം പ്രശംസിച്ചു. സിറിയയിലെ സംഘര്‍ഷങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ രാജാവിന്റെ നേതൃത്വത്തില്‍ ഇടപെടലുകള്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടപ്പോള്‍, എല്ലാ അര്‍ഥത്തിലും ശ്രമിക്കുന്നുണ്ടെന്നും മധ്യേഷ്യയില്‍ സമാധാനം പൂര്‍വാധികം ശക്തിപ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലോകത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സര്‍ഗാത്മകവും പണ്ഡിതോചിതവുമായ നിലപാടുകള്‍ രൂപപ്പെടുത്താനും വേണ്ടി ജോര്‍ദാന്‍ രാജാവിന്റെ കീഴില്‍ സ്ഥാപിച്ച ദി റോയല്‍ ആലുല്‍ ബൈത് ഇന്‍സ്റ്റിറ്റിയൂട്ടിലെ സജീവാംഗമാണ് കാന്തപുരം.

വിവിധ വര്‍ഷങ്ങളില്‍ ജോര്‍ദാനില്‍ നടന്ന അക്കാദമിക സെമിനാറുകളില്‍ കാന്തപുരം പങ്കെടുത്തിട്ടുണ്ട്.
സിറിയയിലെ പൗരന്മാരുടെ പ്രശ്‌നങ്ങള്‍ അബ്ദുല്ല രാജാവിനോട് നേരിട്ട് സംസാരിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹത്തിന്റെ ഇടപെടലുകള്‍ മധ്യേഷ്യയില്‍ സമാധാനം ശക്തിപ്പെടുത്തുന്നതിനു കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കാന്തപുരം പറഞ്ഞു. മര്‍കസ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഇന്തോ അറബ് കള്‍ച്ചറല്‍ മിഷന്‍ സെക്രട്ടറി അമീന്‍ ഹസന്‍ സഖാഫി കാന്തപുരത്തെ അനുഗമിച്ചു.