നെയ്മറില്ലാത്ത ലോകകപ്പോ? ഫുട്‌ബോള്‍ ലോകം ആശങ്കയില്‍

Posted on: March 2, 2018 9:22 am | Last updated: March 2, 2018 at 12:20 pm

റിയോ ഡി ജനീറോ: കാല്‍പ്പാദത്തിന് പരുക്കേറ്റ പി എസ് ജി സ്‌ട്രൈക്കര്‍ നെയ്മര്‍ ശസ്ത്രക്രിയക്കായി ബ്രസീലില്‍ എത്തി. സൂപ്പര്‍ താരത്തിന് മൂന്ന് മാസം വിശ്രമം വേണ്ടി വരും. ഇത് പി എസ് ജിയുടെ ചാമ്പ്യന്‍സ് ലീഗ് പ്രതീക്ഷകള്‍ മാത്രമല്ല, ബ്രസീലിന്റെ ലോകകപ്പ് സാധ്യതകളും തകിടം മറിക്കുന്നു.

ഫ്രാന്‍സില്‍ നിന്ന് റിയോഡി ജനീറോയിലെത്തിയ നെയ്മര്‍ വീല്‍ചെയറില്‍ പുറത്തേക്ക് പോകുന്ന ദൃശ്യങ്ങള്‍ ബ്രസീലിയന്‍ ഫുട്‌ബോള്‍ ആരാധകരെ കുറച്ചൊന്നുമല്ല വലയ്ക്കുന്നത്.
പി എസ് ജിക്കായി കളിക്കുമ്പോള്‍ പരുക്കേറ്റ നെയ്മറിനെ ബ്രസീല്‍ ദേശീയ ടീം ഇടപെട്ട് പെട്ടെന്ന് നാട്ടിലെത്തിക്കുകയായിരുന്നു.

ടീം സര്‍ജന്‍ റോഡ്രിഗോ ലാസ്മര്‍ ബെലോ ഹൊറിസോന്റെയിലെ ആശുപത്രിയില്‍ നെയ്മറിന്റെ ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കുന്നു. ജൂണ്‍ 14ന് റഷ്യയില്‍ ആരംഭിക്കുന്ന ലോകകപ്പിന് മുന്നോടിയായി നെയ്മറിന് തിരിച്ചുവരവ് സാധ്യമാകുമോ എന്നതാണ് ഫുട്‌ബോള്‍ ലോകം വരും ദിവസങ്ങളില്‍ ചര്‍ച്ച ചെയ്യുക.
പി എസ് ജിക്ക് വേണ്ടി സീസണില്‍ വിവിധ ചാമ്പ്യന്‍ഷിപ്പുകളിലായി 30 മത്സരങ്ങളില്‍ 28 ഗോളുകളാണ് നെയ്മര്‍ സ്‌കോര്‍ ചെയ്തത്.