തരിശ്ശില്ലാത്ത ഉദ്ഘാടനങ്ങള്‍

Posted on: March 2, 2018 6:00 am | Last updated: March 2, 2018 at 12:17 am

കുറേ കാലമായി കേള്‍ക്കുന്നു. പ്രിയപ്പെട്ട നാട്ടുകാരേ, തരിശു ഭൂമിയില്‍ കൃഷിയിറക്കുന്നു. അന്യം നിന്നു പോയ കാര്‍ഷിക സംസ്‌കാരം തിരിച്ചു പിടിക്കലാണ് ലക്ഷ്യം. പഞ്ചായത്ത് ഇതിനായി മുന്നിട്ടിറങ്ങുകയാണ്. എല്ലാവരെയും ക്ഷണിക്കുന്നു, പാടത്തേക്ക്.

പദ്ധതിയുടെ പേര് പാടത്തേക്ക് വീണ്ടും. ഒന്നു കാണാമല്ലോ. പാടത്തും വരമ്പത്തുമായി കുറെ ആളുകള്‍. അലക്കിത്തേച്ച മുണ്ടും ഷര്‍ട്ടുമാണ് വേഷം. ഇടക്കിടെ സാരിയും ചുരിദാറും. ഇതുവരെ വയലെവിടെയെന്നറിയാത്തവരുമുണ്ട്, കൂട്ടത്തില്‍. എല്ലാവരും ഹാപ്പിയാണ്. എം.എല്‍.എ എത്തിയാല്‍ ഉദ്ഘാടനം തുടങ്ങും. അതിനായി കാത്തിരിക്കുകയാണ്. നാലേക്കറിലാണ് കൃഷി. അഞ്ചേക്കറില്‍ ചാനലുകാര്‍. നാട്ടുകാരുടെ കൂട്ടായ്മയാണ് നേതൃത്വം നല്‍കുന്നത്. അടുത്ത പഞ്ചായത്തിലുമുണ്ട്, കൃഷിയിറക്കല്‍. അവിടെ ജൈവകൃഷിയാണ്. അതിനാണിപ്പോള്‍ മാര്‍ക്കറ്റ്.
ഇതാ എം.എല്‍.എ എത്തി. ബൊക്ക കൊടുത്ത് സ്വീകരണം. പിന്നെ ഉദ്ഘാടനച്ചടങ്ങ്. സ്വാഗതക്കാരന്‍ കത്തിക്കയറി. അധ്യക്ഷനും വിട്ടു കൊടുത്തില്ല. ഉച്ചക്ക് ഉദ്ഘാടകനും അലറി. എല്ലാവരും പറഞ്ഞത് ഏകദേശം ഒന്നു തന്നെ. അന്യം നിന്നുപോയ കാര്‍ഷിക സംസ്‌കാരം തിരിച്ചു പിടിക്കാന്‍…പിറ്റേന്ന് കടലാസിലും കടലാസ് രഹിത മാധ്യമങ്ങളിലും വാര്‍ത്താണ്, പടമാണ്. നല്ല പോസില്‍ എം.എല്‍.എയും സംഘവും. അന്യം നിന്നു പോയ…

പിന്നെയെന്തായി എന്ന് ആരും അന്വേഷിച്ചില്ല. കൃഷി നടത്തിയവര്‍ സര്‍ക്കാരില്‍ നിന്ന് ആനുകൂല്യം കൈപ്പറ്റി. അതോടെ തീര്‍ന്നു. പിന്നെയെന്ത് അന്യം നിന്നുപോയ കാര്‍ഷിക സംസ്‌കാരം… ജൈവകൃഷിയുടെ സ്ഥിതിയും ഇതു തന്നെ.
പിന്നെ കരനെല്‍കൃഷി വന്നു. വിത്ത് വിതരണം ഉദ്ഘാടനം. വളം വിതരണം ഉദ്ഘാടനം. പത്രങ്ങളില്‍ വാര്‍ത്തകള്‍. ഭരണക്കാര്‍ക്ക് തൃപ്തിയായി. പിന്നെയോ? നെല്ല് പോയി, കര ബാക്കിയായി.
വരുന്നു, മുട്ട ഗ്രാമം പദ്ധതി. മുട്ടസ്വയംപര്യാപ്ത ഗ്രാമങ്ങളാണ് സ്വപ്‌നത്തില്‍. ഒരു കോഴി വര്‍ഷം 365 മുട്ട. പത്ത് കോഴി 3650 മുട്ടകള്‍. മുട്ടക്ഷാമം ഉണ്ടാവില്ല. നേരത്തെ പറഞ്ഞതു പോലെയാണ് ഉദ്ഘാടനം. കേമം, ബഹു കേമം. പിന്നെയോ? മുട്ടയുമില്ല, കോഴിയുമില്ല. ഇടവിള കൃഷിയുടെ കാര്യവും ഇതുതന്നെ.

ഒരു മുറം പച്ചക്കറിയുടെ കാര്യമോ? സ്‌കൂള്‍ കുട്ടികള്‍ക്ക് വിത്ത് നല്‍കുകയാണ്. വീട്ടില്‍ കൊണ്ടുപോയി നട്ടുവളര്‍ത്തണം. നല്ല ഐഡിയ. അതവസാനം പിച്ചക്കറിയായി. തുടങ്ങുമ്പോഴുള്ള ആവേശം പിന്നെ കണ്ടില്ല. പിന്നെ എന്ത് സംഭവിച്ചു എന്നതിനെ കുറിച്ച് ആരും അന്വേഷിക്കുന്നില്ല. മോണിറ്ററിങ് ഇല്ലെന്ന് ചുരുക്കം. ഇങ്ങനെ കോടികളാണ് പാഴാകുന്നത്. സര്‍ക്കാരിന്റെ കൈയില്‍ പണമില്ലെന്നാണ് പറയുന്നത്. എന്നാല്‍ കോടികള്‍ ഇങ്ങനെ പാഴാക്കുകയും ചെയ്യുന്നു.
ഇതൊക്കെ എല്ലാവര്‍ക്കും അറിയാം. എങ്കിലും പിറ്റേവര്‍ഷം അതാ വീണ്ടും കേള്‍ക്കുന്നു, അന്യം നിന്നു പോയ…!