കാര്‍ത്തിയുടെ അറസ്റ്റ്

Posted on: March 2, 2018 6:14 am | Last updated: March 2, 2018 at 12:15 am

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി അഴിമതിക്കേസില്‍ അറസ്റ്റിലായിരിക്കുകയാണ്. നിയമവിരുദ്ധമായി 305 കോടി രൂപയുടെ വിദേശനിക്ഷേപം നേടിയ ഐ എന്‍ എക്‌സ് മീഡിയ കമ്പനിക്കെതിരായ അന്വേഷണം ഒഴിവാക്കുന്നതിന് കാര്‍ത്തി ചിദംബരം 10 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിലാണ് അറസ്റ്റ്. കാര്‍ത്തിയുടെ ഓഡിറ്റര്‍ ഭാസ്‌കര രാമനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയഷക്ടറേറ്റ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 2007ല്‍ പി ചിദംബരം കേന്ദ്ര ധനമന്ത്രിയായിരുന്ന ഘട്ടത്തിലായിരുന്നു ഈ ക്രമക്കേട്. ഇതു സംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റും സി ബി ഐയും കേസെടുക്കുകയും ചിദംബരത്തിന്റെയും കാര്‍ത്തിയുടെയും ചെന്നൈയിലും ഡല്‍ഹിയിലുമുള്ള വീടുകളിലടക്കം റെയ്ഡ് നടത്തുകയും ചെയ്തിരുന്നു.

കാര്‍ത്തി ചിദംബരം അഴിമതി നടത്തിയിട്ടുണ്ടെങ്കില്‍ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുകയും മതിയായ ശിക്ഷ ലഭ്യമാക്കുകയും വേണം. ഉന്നതര്‍ അഴിമതിക്കേസുകളില്‍ അകപ്പെടുമ്പോള്‍ ഭരണകൂടവും നിയമവും നിയമ നടപടികള്‍ക്ക് മടിച്ചു നില്‍ക്കുന്നതാണ് രാജ്യത്ത് അഴിമതി വര്‍ധിക്കാന്‍ കാരണം. എന്നാല്‍ അഴിമതിയുടെ പേരിലുള്ള നിയമനടപടികള്‍ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കപ്പുറം ഈ ദുര്‍ഭൂതത്തെ തുടച്ചുനീക്കാനുള്ള ആത്മാര്‍ഥമായ നീക്കം ലക്ഷ്യമാക്കിയായിരിക്കണം. കാര്‍ത്തിക്കെതിരായ നടപടിയുടെ പിന്നിലെ താത്പര്യം ഇതാണോ? പൊതുമേഖലാ ബേങ്കുകളിലെ തട്ടിപ്പ്, നീരവ് മോദിയുടെ സമര്‍ഥമായ മുങ്ങല്‍ തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയമായി കടുത്ത പ്രതിസന്ധിയിലാണ്. പഞ്ചാബ് നാഷനല്‍ ബേങ്കിനെ കബളിപ്പിച്ച് നീരവ് മോദി 11,300 കോടി തട്ടിയത് ബന്ധപ്പെട്ടവര്‍ നേരത്തെ അറിഞ്ഞതായും പധാനമന്ത്രിയുടെ ഓഫീസിന് 2017 ജൂലൈയില്‍ പരാതി ലഭിച്ചിരുന്നുവെന്നുമാണ് വിവരം. എന്നിട്ടുമെന്തേ അന്ന് ഇതു സംബന്ധിച്ച നടപടികളുണ്ടാകാതിരുന്നത്? അഴിമതിക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നുവെന്നും അഴിമതിക്കാരെ രക്ഷപ്പെടാന്‍ സര്‍ക്കാര്‍ സഹായിക്കുന്നുവെന്നും ആരോപിച്ച് കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങളെ നേരിടാനാകാതെ വെള്ളം കുടിക്കുകയാണിപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍. അടുത്ത വാരത്തില്‍ സമ്മേളിക്കുന്ന പാര്‍ലിമെന്റ് സമ്മേളനത്തില്‍ പ്രതിപക്ഷം വിഷയം ഉന്നയിക്കുമ്പോള്‍ സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലാകും. അതിനെ നേരിടാന്‍ കാര്‍ത്തിയെ ഇരയാക്കുകയാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

കാര്‍ത്തിക്കെതിരെ കേസെടുക്കാനും അറസ്റ്റ് ചെയ്യാനും പ്രത്യേക താത്പര്യം കാണിക്കുന്ന സര്‍ക്കാറും അന്വേഷണ ഏജന്‍സികളും റാഫേല്‍ വിമാന ഇടപാടിലും അമിത് ഷായുടെ പുത്രന്‍ ജയ്ഷാക്കും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകന്‍ ശൗര്യ ഡോവലിനുമെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ നടപടിക്ക് വിമുഖത കാണിക്കുന്നുവെന്ന് മാത്രമല്ല, കുറ്റാരോപിതരെ രക്ഷിക്കാനുള്ള ശ്രമത്തിലുമാണ്. റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിന് യു പി എ ഭരണ കാലത്ത് ഒപ്പു വെച്ച കരാര്‍ പൊതുഖജനാവിന് കൂടുതല്‍ നഷ്ടം സംഭവിക്കുന്ന വിധം മോദി സര്‍ക്കാര്‍ മാറ്റങ്ങള്‍ വരുത്തിയത് റിലയന്‍സിന് വേണ്ടിയാണെന്ന് ആരോപണമുണ്ട്. പുതിയ കരാറിന്റെ ഗുണഭോക്താവ് മുകേഷ് അംബാനി മാത്രമാണ്. ജയ് ഷാക്കും ശൗര്യ ഡോവലിനുമെതിരെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ‘ദ വയര്‍’ ഉന്നയിച്ച ആരോപണങ്ങള്‍ ഗുരുതരമാണ്. രണ്ട് വര്‍ഷം കൊണ്ട് ജയ് ഷായുടെ കമ്പനിയായ ടെംപിള്‍ എന്റര്‍ പ്രൈസിന്റെ വിറ്റുവരവ് 16,000 മടങ്ങാണ് വര്‍ധിച്ചത്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായും അമിത് ഷാ പാര്‍ട്ടി അധ്യക്ഷനായും തിരഞ്ഞെടുക്കപ്പെട്ട ശേഷമാണ് ഈ വളര്‍ച്ച എന്നും പോര്‍ട്ടല്‍ ചൂണ്ടിക്കാണിക്കുന്നു. ശൗര്യ ഡോവല്‍ മുഖ്യനടത്തിപ്പുകാരനായ ഇന്ത്യ ഫൗണ്ടേഷനിലേക്ക് വിദേശ ആയുധ കമ്പനികളില്‍ നിന്നും വിമാനക്കമ്പനികളില്‍ നിന്നുമടക്കം കോടിക്കണക്കിന് രൂപയാണ് സംഭാവനയായി എത്തുന്നത്. സംഘടനക്ക് ലഭിക്കുന്ന വിദേശ സംഭാവനകളെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ശൗര്യഡോവല്‍ തയ്യാറാകുന്നില്ല. രാജ്യരക്ഷാ മന്ത്രിയടക്കമുള്ളവര്‍ ഡയരക്ടര്‍ ബോര്‍ഡ് അംഗങ്ങളാണെങ്കിലും ഇന്ത്യ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ അങ്ങേയറ്റം രഹസ്യസ്വഭാവത്തോടെയാണെന്നും വയര്‍ പറയുന്നു. ഇതെക്കുറിച്ചെല്ലാം അന്വേഷണം വേണമെന്ന് പല മേഖലകളില്‍ നിന്നും ആവശ്യമുയര്‍ന്നിട്ടും എന്തുകൊണ്ടാണ് സര്‍ക്കാര്‍ മടിച്ചുനില്‍ക്കുന്നത്?

സര്‍ക്കാറിന്റെ അഴിമതിവിരുദ്ധ നടപടികള്‍ക്കെപ്പോഴും ഒരേ മുഖമായിരിക്കണം. കുറ്റാരോപിതര്‍ ആരായാലും മുഖം നോക്കാതെ നടപടിയെടുക്കാന്‍ സന്നദ്ധമായെങ്കിലേ ഈ വിപത്ത് തുടച്ചുനീക്കാനും സര്‍ക്കാര്‍ നടപടിക്ക് ജനപിന്തുണയും വിശ്വാസവും ആര്‍ജിക്കാനും സാധിക്കുകയുള്ളൂ. കുറ്റാരോപിതര്‍ ഭരണപക്ഷക്കാരോ ബന്ധപ്പെട്ടവരോ ആകുമ്പോള്‍ പത്തിമടക്കുന്നതും അവരുമായി രാജിയാകുന്നതും ജനാധിപത്യത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ട് പുതുതലമുറ അരാജകവാദികളാകാന്‍ ഇടയാക്കും. ഏഷ്യയിലെ ഏറ്റവും അഴിമതി നിറഞ്ഞ രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്തുള്ളത് ഇന്ത്യയാണെന്നാണ് ട്രാന്‍സ്പറന്‍സി ഇന്റര്‍നാഷനലും (ടി ഐ) ആന്റി കറപ്ഷന്‍ഗ്ലോബല്‍ സിവില്‍ സൊസൈറ്റി ഓര്‍ഗനൈസേഷനും നടത്തിയ സര്‍വേയില്‍ വെളിപ്പെട്ടത്. ഈ ദുഷ്‌പേര് മാറ്റിയെടുക്കണമെങ്കില്‍ അഴിമതിക്കെതിരെ നിഷ്പക്ഷവും നീതിപൂര്‍വവുമായ നടപടി ആവശ്യമാണ്. കാര്‍ത്തി ചിദംബരത്തിനെതിരായ നിയമ നടപടികള്‍ മുറപോലെ നടക്കട്ടെ. അതേസമയം ഭരണപക്ഷത്തെ കുറ്റാരോപിതര്‍ക്കെതിരെയും നിയമം ചലിക്കണം. എങ്കിലേ അഴിമതിമുക്ത രാജ്യമെന്ന സ്വപ്‌നം യാഥാര്‍ഥ്യമാകൂ.