ജി എസ് ടി വില കുറക്കാത്തത് എന്തുകൊണ്ട്?

ജി എസ് ടി നടപ്പാക്കിയപ്പോള്‍ കാര്യമായ മുന്നൊരുക്കങ്ങള്‍ക്ക് തയ്യാറാകുകയോ ഉദ്യോഗസ്ഥര്‍ക്കോ വാണിജ്യ വ്യവസായ ലോകത്തിനോ പരിശീലനങ്ങള്‍ നല്‍കുകയോ ചെയ്തില്ല. നടപ്പാക്കിയപ്പോള്‍ ഉണ്ടായ പ്രായോഗിക പ്രയാസങ്ങള്‍ പല സംസ്ഥാനങ്ങളില്‍ നിന്നും ചൂണ്ടിക്കാണിക്കപ്പെടുമ്പോള്‍ പല തരത്തിലുള്ള മാറ്റങ്ങളും വ്യതിയാനങ്ങളും നിയമങ്ങളിലും ചട്ടങ്ങളിലും നികുതി നിരക്കുകളിലും നടപ്പിലാക്കുകയും ചെയ്യുന്നു. വേറൊരു പോരായ്മ റിട്ടേണുകളുടെ സങ്കീര്‍ണതയാണ്.
Posted on: March 2, 2018 6:11 am | Last updated: March 2, 2018 at 12:13 am

2017 ജൂലൈ ഒന്നാം തീയതി പരോക്ഷ നികുതി സംവിധാനം ഉടച്ചുവാര്‍ത്ത് കൊണ്ട് ചരക്ക് സേവന നികുതി എന്ന സമൂലനികുതി സമ്പ്രദായം രാജ്യത്ത് നടപ്പാക്കി കഴിഞ്ഞല്ലോ. ഈ നികുതി സമ്പ്രദായം നടപ്പിലാക്കുമ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട ഗുണഗണങ്ങളായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത് രാജ്യത്ത് ഒട്ടാകെ വില ഗണ്യമായി കുറയുമെന്നും ഉപഭോഗ സംസ്ഥാനങ്ങളുടെ നികുതി വരുമാനത്തില്‍ വമ്പിച്ച കുതിച്ചുചാട്ടം ഉണ്ടാകുമെന്നുമായിരുന്നു. ചരക്ക് സേവന നികുതി നടപ്പിലാക്കി എട്ട് മാസം കഴിഞ്ഞിട്ടും മേല്‍പറഞ്ഞ രണ്ട് നേട്ടങ്ങളും ഇന്ത്യന്‍ ജനതക്ക് അനുഭവിക്കാന്‍ സാധിക്കാത്തത് വലിയ പോരായ്മയായി വാണിജ്യ വ്യവസായ ലോകം കുറ്റപ്പെടുത്തുന്നു.

കേരളത്തില്‍ ജി എസ് ടി വരുമാനത്തില്‍ അതിഭീമമായ ഇടിച്ചിലുണ്ടായി എന്ന് ധനമന്ത്രി വിലപിക്കുന്നു. ഇതിനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങള്‍ വിശകലനം ചെയ്‌തേ പറ്റൂ. ഏറ്റവും പ്രധാനപ്പെട്ട ഒരു പോരായ്മ ജി എസ് ടി നടപ്പാക്കിയപ്പോള്‍ കാര്യമായ മുന്നൊരുക്കങ്ങള്‍ക്ക് തയ്യാറാകുകയോ ഉദ്യോഗസ്ഥര്‍ക്കോ വാണിജ്യ വ്യവസായ ലോകത്തിനോ പരിശീലനങ്ങള്‍ നല്‍കുകയോ ചെയ്തില്ല എന്നതാണ്. ജി എസ് ടി നടപ്പിലാക്കിയപ്പോള്‍ ഉദ്യോഗസ്ഥര്‍ നട്ടം തിരിഞ്ഞു.

ഇതുവരെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും റോഡുകളിലും തടഞ്ഞുനിര്‍ത്തി പരിശോധന നടത്തിയിരുന്ന സമ്പ്രദായം ജി എസ് ടി നടപ്പായതോടെ ഇല്ലാതായി. ഈ അവസരം മുതലെടുത്ത് സ്റ്റേറ്റുകളിലേക്കും പുറത്തേക്കും സാധനങ്ങള്‍ യഥേഷ്ടം ഒഴുകി. ജി എസ് ടി സംബന്ധിച്ചുള്ള ഏന്തെങ്കിലും സംശയങ്ങള്‍ ദൂരീകരിക്കാന്‍ ആധികാരികമായ ഒരു സംവിധാനവും നിലവിലുണ്ടായിരുന്നില്ല. മറ്റൊരു അപാകത ജി എസ് ടി നിയമങ്ങളും ചട്ടങ്ങളും നടപ്പാക്കിയപ്പോള്‍ ഉണ്ടായ പ്രായോഗിക പ്രയാസങ്ങള്‍ പല സംസ്ഥാനങ്ങളില്‍ നിന്നും ചൂണ്ടിക്കാണിക്കപ്പെടുമ്പോള്‍ പല തരത്തിലുള്ള മാറ്റങ്ങളും വ്യതിയാനങ്ങളും നിയമങ്ങളിലും ചട്ടങ്ങളിലും നികുതി നിരക്കുകളിലും നടപ്പിലാക്കുന്നു എന്നതാണ്.

വേറൊരു പോരായ്മ ജി എസ് ടി റിട്ടേണുകളുടെ സങ്കീര്‍ണതയാണ്. കേരളത്തിലെ റിട്ടേണുകളുടെ സ്ഥിതി തന്നെ ഒന്ന് പരിശോധിക്കാം. വാറ്റ് നിയമത്തിന് മാസത്തില്‍ ഒരു റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് പകരം ജി എസ് ടി നിയമം നടപ്പാക്കിയപ്പോള്‍ അഞ്ചും ആറും റിട്ടേണുകളും സമര്‍പ്പിക്കാന്‍ വ്യാപാരി സമൂഹം നെട്ടോട്ടമോടുന്ന കാഴ്ച അതിദയനീയമാണ്. ഇവിടെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വ്യാപാരികളുടെ എണ്ണം 3.13 ലക്ഷം ആളുകള്‍ എന്നാണ് ഔദ്യോഗിക കണക്ക്. ഇതില്‍ 83, 642 പേര്‍ ചരക്ക് സേവന നികുതി റിട്ടേണ്‍ ഇനിയും സമര്‍പ്പിച്ചിട്ടില്ല. ഇങ്ങനെ നോക്കുമ്പോള്‍ നല്‍കാത്തവര്‍ മൊത്തം വ്യാപാരികളുടെ മുപ്പത്തിയൊന്ന് ശതമാനത്തോളം വരും. ജി എസ് ടി ആര്‍ ഒന്ന് സമര്‍പ്പിക്കാത്തത് പൊതു വിഭാഗത്തില്‍ 2. 66 ലക്ഷത്തോളമാണ്. ബാക്കിയുള്ളവര്‍ കോംമ്പോസിഷന്‍ വിഭാഗത്തില്‍ പെടുന്ന വ്യാപാരികളാണ്. ഇത് പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ മാത്രം.

ജി എസ് ടി നടപ്പിലാക്കിയപ്പോള്‍ തുടക്കത്തില്‍ ഉണ്ടായിരുന്ന അരിഷ്ടതകളും പോരായ്മകളും എത്രയും പെട്ടെന്ന് പരിഹരിക്കാനുള്ള നടപടികള്‍ വിവിധ വകുപ്പുകള്‍ താമസംവിനാ സ്വീകരിക്കേണ്ടതുണ്ട്. എങ്കിലേ കൊട്ടിഘോഷിച്ച വിലക്കുറവും വരുമാന വര്‍ധനയും അനുഭവഭേദ്യമാകൂ.

(കമേഷ്യല്‍ ടാക്‌സ് ഡിപ്പാര്‍ട്‌മെന്റിലെ
റിട്ട. ഡെപ്യൂട്ടി കമ്മീഷനറാണ് ലേഖകന്‍)