Connect with us

Articles

രാഷ്ട്രീയം: ചില പുനരാലോചനകള്‍

Published

|

Last Updated

രാഷ്ട്രത്തിന്റെ പുനര്‍നിര്‍മാണവും ജനക്ഷേമവും വികസനവും ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനമാണ് രാഷ്ട്രീയം കൊണ്ടുദ്ദേശിക്കുന്നത്. സംഘടിത രാഷ്ട്രീയ പാര്‍ട്ടികളുടെയും ഒരു പാര്‍ട്ടിയിലും അംഗമാകാതെയും രാഷ്ട്രീയ പ്രവര്‍ത്തനം നടത്താം. എസ് വൈ എസ് അടക്കമുള്ള മതസാമുദായിക സംഘടനകള്‍ നടത്തുന്ന സാന്ത്വന സംരംഭങ്ങള്‍, വളണ്ടിയര്‍ സേവനം, പാലിയേറ്റീവ്, ട്രോമാ കെയര്‍ പ്രവര്‍ത്തനങ്ങള്‍, ഭവന നിര്‍മാണം എല്ലാം ശരിയായ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളാണ്.

രാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്ന് നടത്തുന്നത് യഥാര്‍ഥ രാഷ്ട്രീയ പ്രവര്‍ത്തനം തന്നെയാണോ എന്ന ഒരു പുനര്‍വിചിന്തനം നടത്തേണ്ടതുണ്ട്. പാര്‍ട്ടികള്‍ സങ്കുചിത കക്ഷിരാഷ്ട്രീയത്തിലേക്കും പ്രവര്‍ത്തകര്‍ പാര്‍ട്ടി ജീവനക്കാരനും കൂലിത്തല്ലുകാരനുമായി തരം മാറുന്നുണ്ടോ എന്നും തോന്നിപ്പോകുന്നു. ഭരണപ്രതിപക്ഷങ്ങള്‍ മാറിമാറി വരുന്ന നാടാണ് നമ്മുടെ കേരളം. ഭരണപക്ഷം കൊണ്ടുവരുന്ന ഒരു പദ്ധതിയും പ്രതിപക്ഷത്തുള്ളവര്‍ അംഗീകരിക്കുന്നതായോ പിന്തുണക്കുന്നതായോ നാം കാണാറില്ല. അന്തമായ എതിര്‍പ്പാണോ യഥാര്‍ഥ പ്രതിപക്ഷത്തിന്റെ റോള്‍? ക്രിയാത്മക പ്രതിപക്ഷമാണെങ്കില്‍, നല്ലതിനെ പിന്തുണക്കുകയും അപകടകരമായതിനെ തിരുത്താന്‍ ശ്രമിക്കുകയുമല്ലേ വേണ്ടത്? ആര് തന്നെ പ്രതിപക്ഷത്തിരുന്നാലും ഇത് നാം കാണാറില്ല. ഉദ്യോഗസ്ഥ സംഘടനകളും ട്രേഡ് യൂനിയനുകളും വിദ്യാര്‍ഥി സംഘടനകളുമെല്ലാം അരാഷ്ട്രീയവത്കരിക്കപ്പെട്ടിരിക്കുകയാണ്. തങ്ങളുടെ യജമാനന്മാര്‍ നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ക്ക് വേണ്ടി സംഹാരാത്മക സമരം നടത്തുക എന്നത് രാഷ്ട്രീയമല്ല. രാഷ്ട്ര നശീകരണമാണ്.

എതിര്‍പാര്‍ട്ടിയിലുള്ളവരെ തല്ലിയൊടിച്ചിടാനും വേണ്ടിവന്നാല്‍ ഇല്ലായ്മ ചെയ്യാനുമുള്ള കൂലിത്തല്ലുകാരെ പാര്‍ട്ടികള്‍ തന്നെ ചോറ് കൊടുത്ത് പോറ്റിപ്പോരുന്നുണ്ട്. ഇതില്‍ ഒരു പാര്‍ട്ടിക്കാരും നഗ്നരല്ലാതല്ല. അവരവര്‍ക്കാകുന്ന പോലെ എല്ലാവരും പോറ്റിപ്പോരുന്നു. ഹര്‍ത്താലുകളിലും രാഷ്ട്രീയ കലാപങ്ങളിലും നശിപ്പിക്കപ്പെടുന്ന പൊതുമുതലുകളുടെ കണക്കെടുത്താല്‍ ശതകോടികള്‍ വരും. നശീകരണ പ്രവര്‍ത്തനത്തിനാണോ അതല്ല, പുനര്‍നിര്‍മാണത്തിനാണോ രാഷ്ട്രീയം എന്ന് പറയുന്നത്?
മനുഷ്യരെ കൊല്ലുക എന്നത് ഒരു നിസ്സാര കാര്യമാക്കി മാറ്റിയതില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് പങ്കുണ്ടെന്ന് പറഞ്ഞാല്‍ തെറ്റാകില്ല. വിവിധ പാര്‍ട്ടികളില്‍ പെട്ട അഞ്ഞൂറോളം പ്രവര്‍ത്തകര്‍ കേരളത്തില്‍ കൊല ചെയ്യപ്പെട്ടിട്ടുണ്ട്. ഇവരുടെ അനാഥകളും വിധവകളും അഭയമില്ലാത്തവരുമായ ആശ്രിതരുടെ നിലവിളികള്‍ ആര്‍ക്കാണ് അവസാനിപ്പിക്കാനാകുക? ഏറ്റവും ഒടുവിലായി രാഷ്ട്രീയ കാരണത്താല്‍ കൊല ചെയ്യപ്പെട്ട കണ്ണൂര്‍ മട്ടന്നൂരിലെ ശുഐബിന്റെ സഹോദരി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട, പ്രധാന കാര്യം, എന്റെ സഹോദരന്‍ ഈ ശൃംഖലയിലെ അവസാനത്തെ കണ്ണിയാകണം എന്നാണ്. ഇത് മുഖ്യമന്ത്രിയോട് മാത്രമുള്ള അപേക്ഷയല്ല. എല്ലാ രാഷ്ട്രീയ കക്ഷികളോടും കൊല ചെയ്യപ്പെട്ടവരുടെ അനാഥ മക്കള്‍ക്കും വിധവകള്‍ക്കും സഹോദരി മാര്‍ക്കും പറയാനുള്ള ആദ്യ അഭ്യര്‍ഥനയാണിത്. രാഷ്ട്ര സേവനത്തെ ബഹുമാനത്തോടെ കാണുന്ന എല്ലാ കേരളീയരുടെയും അഭ്യര്‍ഥനയാണ്.

പല രാഷ്ട്രീയ പാര്‍ട്ടികളും ഒരാശയത്തിന്റെയും അവലംബമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. അടിസ്ഥാന ലക്ഷ്യങ്ങളും നയനിലപാടുകളും രൂപപ്പെടുത്തിയെടുക്കാതെ നമ്മുടെ രാഷ്ട്രീയ രംഗം നന്നാവുമെന്ന് തോന്നുന്നില്ല. അണികള്‍ക്ക് ആദര്‍ശവും ലക്ഷ്യവും പഠിപ്പിക്കുന്ന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്ന രാഷ്ട്രീയ കക്ഷികള്‍ ഇന്ന് അപൂര്‍വമാണ്. എന്തെങ്കിലും ക്യാമ്പുകള്‍ നടന്നാല്‍ തന്നെ അവിടെ അതിവൈകാരികതയാണ് പ്രസരിപ്പിക്കുന്നത്.
ജനസേവനവും നാടിന്റെ വികസനവുമാണ് ലക്ഷ്യമെന്ന് ബോധ്യമുള്ള പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാറിന്റെ ഒരു പിന്തുണയുമില്ലെങ്കിലും മികച്ച രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കാന്‍ സാധിക്കും. ഇതിന് അധികാരം ആവശ്യമില്ല. സാമുദായിക സംഘടനകള്‍ നടത്തുന്ന വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഇതിനുള്ള വ്യക്തമായ തെളിവാണ്. മുസ്‌ലിം ലീഗടക്കമുള്ള ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ മേഖലയിലേക്ക് ചിന്തിച്ചു തുടങ്ങിയതും തൃശൂരില്‍ സമാപിച്ച സി പി എം സമ്മേളനം അണികളോട് ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തേക്ക് ഇറങ്ങാന്‍ ആഹ്വാനം ചെയ്തതും ശുഭസൂചനയാണെന്ന് പറയാതെ വയ്യ.

അധികാര രാഷ്ട്രീയം മാത്രം ലക്ഷ്യമാക്കുന്നതാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങളോട് അകലം പാലിക്കാന്‍ പുതിയ തലമുറയെ പ്രേരിപ്പിക്കുന്ന മറ്റൊരു ഘടകം. പരസ്പരവിരുദ്ധമായ ലക്ഷ്യവും നയനിലപാടുകളും ഉയര്‍ത്തിപ്പിടിച്ചവര്‍ അധികാരം പങ്കിട്ടെടുക്കാന്‍ ആദര്‍ശം മാറ്റിവെക്കുന്നത് കാണുമ്പോള്‍ പുതിയ തലമുറക്ക് അത് ഉള്‍ക്കൊള്ളാന്‍ കഴിയില്ല.
അധികാരം പിടിക്കാന്‍ വര്‍ഗീയത അടക്കമുള്ള രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കുന്ന കാര്യങ്ങളും ആയുധമാക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെയാണ്. ഇതാണോ രാഷ്ട്രീയ പ്രവര്‍ത്തനം? ഒരു രാജ്യത്തെ ജനതയെ ഒന്നിപ്പിച്ചു നിര്‍ത്തി, അവസര സമത്വവും വികസനവും എല്ലാവര്‍ക്കും ലഭ്യമാക്കിയുള്ള രാഷ്ട്രീയ നിലപാടിലേക്ക് മടങ്ങിവരാതിരുന്നാല്‍ ഈ ജനാധിപത്യത്തിന്റെ ഭാവി ഇനി എത്ര കാലമായിരിക്കുമെന്ന് കണ്ടറിയേണ്ടി വരും.

 

 

Latest