സ്‌കൂളില്‍ തോക്കുമായെത്തിയ വിദ്യാര്‍ഥി അറസ്റ്റില്‍

Posted on: March 2, 2018 1:00 am | Last updated: March 2, 2018 at 12:02 am

ഗുഡ്ഗാവ്: ഹരിയാനയിലെ സ്വകാര്യ സ്‌കൂളില്‍ തോക്കുമായെത്തിയ പത്താം ക്ലാസ് വിദ്യാര്‍ഥി പിടിയില്‍. ഡല്‍ഹി- ഗുഡ്ഗാവ് എക്‌സ്പ്രസ് ഹൈവേക്ക് സമീപം ഝാര്‍സ പ്രേം കോളനിയില്‍ നിന്നുള്ള 16കാരനാണ് പിടിയിലായത്. മരുമല്‍ സ്‌കൂള്‍ പ്രിന്‍സിപ്പലും ജീവനക്കാരും ചേര്‍ന്നാണ് വിദ്യാര്‍ഥിയില്‍ നിന്ന് പിസ്റ്റള്‍ കണ്ടെത്തിയത്. ഇവര്‍ വിവരമറിയിച്ച് എത്തിയ പോലീസ് വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്തു.

വിദ്യാര്‍ഥിയെ ചോദ്യം ചെയ്തതില്‍ നിന്ന്, ആശിഷ് എന്ന സുഹൃത്തിന്റേതാണ് തോക്ക് എന്ന് വ്യക്തമായതായി സിറ്റി പോലീസ് സ്റ്റേഷന്‍ മേധാവി വിജയ് കുമാര്‍ പറഞ്ഞു. സഹപാഠികള്‍ക്ക് മുന്നില്‍ ‘ഷൈന്‍ ചെയ്യുന്നതിന്’ വേണ്ടിയാണ് പത്താം ക്ലാസുകാരന്‍ തോക്ക് സ്‌കൂളില്‍ കൊണ്ടുവന്നതെന്നും പോലീസ് പറഞ്ഞു. ആശിഷിന് വേണ്ടി പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.