വെടിനിര്‍ത്തല്‍ എന്നാല്‍ ബോംബ് വര്‍ഷമോ..?

Posted on: March 2, 2018 12:30 am | Last updated: March 1, 2018 at 11:59 pm
SHARE

ദമസ്‌കസ്: വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും സിറിയന്‍ തലസ്ഥാനമായ ദമസ്‌കസിന് സമീപത്തെ വെടിയൊച്ചകള്‍ നിലച്ചിട്ടില്ല. യു എന്നിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ സിറിയയില്‍ ആക്രമണം നടത്തുന്ന റഷ്യയും വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ വിമത കേന്ദ്രങ്ങളില്‍ ഇപ്പോഴും ബോംബാക്രമണങ്ങളും വ്യോമാക്രമണങ്ങളും തുടരുകയാണെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്. വെടിനിര്‍ത്തലെന്ന് കേള്‍ക്കുമ്പോള്‍ തെക്കന്‍ ഗൗതയിലെ ജനങ്ങള്‍ പരിഹസിക്കുകയാണ്. ജനവാസ കേന്ദ്രങ്ങളിലും കെട്ടിടങ്ങള്‍ക്കും മീതെയും ബോംബ് വര്‍ഷ
ിക്കുന്നതിനെയാണോ അന്താരാഷ്ട്ര സമൂഹം വെടിനിര്‍ത്തലെന്ന് വിളിക്കുന്നതെന്ന് പുച്ഛത്തോടെ സിറിയന്‍ നിവാസികള്‍ ചോദിക്കുന്നു.

30 ദിവസത്തെ വെടിനിര്‍ത്തലിനാണ് യു എന്‍ രക്ഷാസമിതി ആഹ്വാനം ചെയ്തത്. എന്നാല്‍, ദിവസേന അഞ്ച് മണിക്കൂര്‍ സംഘര്‍ഷ മേഖലയില്‍ ഏറ്റുമുട്ടല്‍ അവസാനിപ്പിക്കണമെന്നാണ് റഷ്യയുടെ നിര്‍ദേശം. ഈ രണ്ട് വെടിനിര്‍ത്തല്‍ പ്രഖ്യാപനവും ആവശ്യമായ രീതിയില്‍ നടപ്പായിട്ടില്ലെന്നാണ് സിറിയയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നത്.

സംഘര്‍ഷ ഭൂമിയില്‍ കഴിയുന്ന ജനങ്ങള്‍ക്ക് സുരക്ഷിതമായി രക്ഷപ്പെടാനുള്ള അവസരം ഒരുക്കിയിരുന്നെങ്കിലും ഇങ്ങനെ പലായനം ചെയ്യുന്ന ജനങ്ങള്‍ക്ക് നേരെയും വിമതര്‍ ആക്രമണം നടത്തിയതായി കഴിഞ്ഞ ദിവസം സിറിയ ആരോപിച്ചിരുന്നു. എന്നാല്‍, വിമതര കേന്ദ്രങ്ങളില്‍ സിറിയന്‍ സൈന്യം നിരന്തരമായി ആക്രമണം നടത്തിക്കൊണ്ടിരിക്കുകയാണെന്നും വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് ശേഷം കരസേന സജീവമായി രംഗത്തെത്തിയിട്ടുണ്ടെന്നും വിമത പക്ഷം ആരോപിക്കുന്നു. തലസ്ഥാന മേഖലയില്‍ നിന്ന് വിമതരെ തുരത്തുകയെന്ന ലക്ഷ്യമാണ് സിറിയക്കും സഖ്യമായ റഷ്യക്കമുള്ളത്. റഷ്യയുടെ പ്രഖ്യാപനം അനുസരിച്ചുള്ള അഞ്ച് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന വെടിനിര്‍ത്തലില്‍ വ്യോമാക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍, ബോംബാക്രമണങ്ങളും സൈന്യവും വിമതരും തമ്മിലുള്ള ഏറ്റുമുട്ടലും സജീവമായി നടക്കുന്നുണ്ട്. ഏറ്റുമുട്ടല്‍ അവസാനിക്കാത്ത സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനവും സന്നദ്ധ പ്രവര്‍ത്തനവും നടത്താന്‍ സാധിക്കില്ലെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്.
11 ദിവസമായി തെക്കന്‍ ഗൗതയില്‍ നടക്കുന്ന ഏറ്റുമുട്ടലിനിടെ ഇതുവരെ 500ലധികമാളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ആയിരത്തോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നും സന്നദ്ധ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുണ്ട്. അടിയന്തര സഹായം ആവശ്യമുള്ള ലക്ഷക്കണക്കിനാളുകള്‍ നിലവില്‍ തെക്കന്‍ ഗൗതയിലുണ്ടെന്നാണ് യു എന്‍ കണ്ടെത്തല്‍.

അതേസമയം, യു എന്നിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനം നടപ്പാക്കാന്‍ സിറിയന്‍ സര്‍ക്കാറിന് മേല്‍ സമ്മര്‍ദം ചെലുത്താനുള്ള ശ്രമവുമായി ലോകരാജ്യങ്ങള്‍ മുന്നോട്ടെത്തി. അസദ് സര്‍ക്കാറിനോട് വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ നിരന്തരം ആവശ്യപ്പെടണമെന്നും സമര്‍ദ്ദം ചെലുത്തണമെന്നും
സിറിയന്‍ സഖ്യമായ റഷ്യയോടും ഇറാനോടും ഫ്രാന്‍സ് ആവശ്യപ്പെട്ടു.

അതിനിടെ, വെടിനിര്‍ത്തല്‍ ലംഘിച്ച് ഇന്നലെയുണ്ടായ ആക്രമണത്തില്‍ അഞ്ച് സാധാരണക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ദമസ്‌കസില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അബ്ദുല്‍ മാലിക് അബൗദ് വ്യക്തമാക്കി. കൊല്ലപ്പെട്ടവരില്‍ ഒരു കുട്ടിയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സിവില്‍ ഡിഫന്‍സ് വിഭാഗമായ വൈറ്റ് ഹെല്‍മെറ്റ്‌സ് വക്താക്കള്‍ അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here