Connect with us

Kerala

മുരുകന്റെ മരണം;ഡോക്ടര്‍മാരോട് സര്‍ക്കാര്‍ വിശദീകരണം തേടി

Published

|

Last Updated

തിരുവനന്തപുരം: വാഹനാപകടത്തില്‍ പരുക്കേറ്റ തമിഴ്‌നാട് സ്വദേശി മുരുകന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ ലഭിക്കാതെ മരിച്ചതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാരോട് വിശദീകരണം തേടി. ഡോക്ടര്‍മാര്‍ക്ക് സംഭവിച്ച വീഴ്ചയില്‍ വിശദീകരണം നല്‍കാനാണ് ആരോഗ്യ സെക്രട്ടറിയുടെ ഉത്തരവ്.

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോ. പാട്രിക് പോള്‍, ഡോ. ശ്രീകാന്ത് വലസപ്പള്ളി എന്നിവരോടാണ് ആരോഗ്യ വകുപ്പ് സെക്രട്ടറി വിശദീകരണം തേടിയത്. മുരുകനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാതിരുന്നത് എന്തുകൊണ്ട്, ചികിത്സ തേടിയ വിവരം രേഖകളില്‍ ഉള്‍പ്പെടുത്തിയില്ല തുടങ്ങിയ കാര്യങ്ങളാണ് ഡോക്ടര്‍മാര്‍ വിശദീകരിക്കേണ്ടത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സംഭവത്തെക്കുറിച്ച് അന്വേഷിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ച മുരുകനെ ജൂനിയര്‍ റസിഡന്റ് ഡോ.പാട്രിക് ഡ്യൂട്ടി നഴ്‌സിനൊപ്പം ആബുലന്‍സിലെത്തി കണ്ടെങ്കിലും അത് ആശുപത്രി രേഖകളില്‍ രേഖപ്പെടുത്തിയിട്ടില്ല. വെന്റിലേറ്റര്‍ ഒഴിവുണ്ടോ എന്ന് പരിശോധിച്ചശേഷം ആബ്യുബാഗ് നല്‍കാമെന്ന് അറിയിച്ചെങ്കിലും മുരുകനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനുള്ള തുടര്‍ നടപടികള്‍ ഉണ്ടായില്ല. ഒ പി ടിക്കറ്റടക്കം എടുക്കണമെന്ന നിര്‍ദേശവും നല്‍കിയില്ല . ഇതാണ് ഡോ. പാട്രിക്കിന് പറ്റിയ വീഴ്ച. മുരുകന്റെ ഗുരുതരാവസ്ഥ അറിയിച്ചിട്ടും ഡ്യൂട്ടി മെഡിക്കല്‍ ഓഫീസറായിരുന്ന ഡോ. ശ്രീകാന്ത് മുരുകനെ കണ്ടില്ല. മുരുകന്‍ ചികിത്സ തേടിയത് ആശുപത്രി രേഖകളിലുമാക്കിയില്ലെന്നാണ് ശ്രീകാന്തിന്റെ വീഴ്ചകളായി കണ്ടെത്തിയിരിക്കുന്നത്. ഇരുവരും വിശദീകരണം ഉടന്‍ നല്‍കണമെന്നാണ് ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവ്.
വിശദീകരണം ലഭിച്ചശേഷമാകും ഇവര്‍ക്കെതിരെ വകുപ്പുതല നടപടികള്‍ സ്വീകരിക്കുന്നതിലടക്കം അന്തിമ തീരുമാനമെടുക്കുക. ഡോക്ടര്‍മാര്‍ വിചാരിച്ചിരുന്നെങ്കില്‍ മുരുകനെ രക്ഷിക്കാമായിരുന്നു എന്നാണ് ആരോഗ്യ വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത്. മുരുകന്റെ കാര്യത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഗുരുതരമായ അലംഭാവമാണ് കാട്ടിയത്. ഒരു വി വി ഐ പി വെന്റിലേറ്ററും 16 സ്റ്റാന്‍ഡ് ബൈ വെന്റിലേറ്ററും ഒഴിവുണ്ടായിരുന്നിട്ടും മുരുകനെ പ്രവേശിപ്പിക്കാന്‍ തയ്യാറായില്ല. മുരുകന്റെ തലക്കേറ്റ മാരകമായ പരുക്ക് മരണ കാരണമാകുമെന്ന് അറിഞ്ഞിട്ടും ചി
കിത്സ നിഷേധിക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 16നാണ് അപകടത്തില്‍ മുരുകന്‍ മരിച്ചത്. മുരുകനെ ആദ്യം പോലീസ് കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സ്ഥിതി അതീവ ഗുരുതരമായതിനാല്‍ മേവറത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചപ്പോഴേക്കും വെന്റിലേറ്റര്‍ സൗകര്യമില്ലാത്തതിനാല്‍ തിരികെ കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു വരുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.

 

 

Latest