Connect with us

Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: പ്രതികള്‍ക്ക് 21 വര്‍ഷം കഠിനതടവ്‌

Published

|

Last Updated

തൃശൂര്‍: പ്രായപൂര്‍ത്തിയാവാത്ത പട്ടിക ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ സ്വാധീനിച്ച് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയും പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ചെയ്ത കേസില്‍ പ്രതികള്‍ക്ക് 21 വര്‍ഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. ചാവക്കാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒന്നാം പ്രതിയായ കടപ്പുറം കോട്ടപ്പടി തെക്കന്‍വീട്ടില്‍ ഫാറൂഖ് എന്ന മുഹമ്മദ് ഫാറൂഖ് (42), രണ്ടാം പ്രതി മണത്തല പുതിയറ ദേശത്ത് ചാലില്‍ വീട്ടില്‍ ഹനീഫ (68) എന്നിവരെയാണ് തൃശൂര്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എ ബദറുദ്ദീന്‍ ശിക്ഷിച്ചത്.

പിഴസംഖ്യ അടച്ചാല്‍ അത് കേസിലെ ഇരക്ക് നല്‍കണമെന്നും അടയ്ക്കാത്ത പക്ഷം എട്ടു മാസം കൂടി കൂടുതല്‍ തടവ് പ്രതികള്‍ അനുഭവിക്കണമെന്നും വിധിയില്‍ പ്രത്യേകം പറയുന്നുണ്ട്. 2006 ഡിസംബര്‍ 31ന് വൈകീട്ട് ആറിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
2008 ലാണ് പോലീസ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. 16 വയസുകാരിയെ ഒന്നു മുതല്‍ മൂന്നു വരെയുള്ള പ്രതികള്‍ വിളിച്ചുകൊണ്ടുപോയി ഹനീഫയുടെ വീട്ടിലെത്തിച്ച് ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയും ശ്രമം പരാജയപ്പെട്ടപ്പോള്‍ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. മൂന്നാം പ്രതിയായ നിയാസ് (40) കോടതിയില്‍ നിന്നും ജാമ്യം നേടിയ ശേഷം ഒളിവില്‍ പോയതിനാല്‍ വിചാരണ നേരിട്ടിട്ടില്ല.
വളരെ ഗൗരവതരമായ കുറ്റകൃത്യം ചെയ്ത പ്രതികള്‍ യാതൊരു വിധ ദയയും അര്‍ഹിക്കുന്നില്ലെന്നുള്ള ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടറുടെ വാദം അംഗീകരിച്ചാണ് കോടതി പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. 366 എ വകുപ്പ് പ്രകാരം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വാധീനിച്ച് ലൈംഗിക പീഡനം നടത്തുന്നതിനു വേണ്ടി തട്ടിക്കൊണ്ടു പോയതിന് ഏഴ് വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും, 376 പ്രകാരം ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതിന് ഏഴ് വര്‍ഷം കഠിന തടവും, 377 പ്രകാരം പ്രകൃതിവിരുദ്ധ പീഡനത്തിന് ഏഴ് വര്‍ഷം കഠിന തടവും, 50,000 രൂപ പിഴയുമാണ് വിധിച്ചത്.
ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്ന് വിധിയില്‍ പ്രസ്താവിച്ചിട്ടുണ്ട്. ഇപ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ക്ക് 21 വര്‍ഷം ശിക്ഷ വിധിക്കുന്നത് അപൂര്‍വമാണ്. പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ ഡി ബാബു ഹാജരായി.