നിലക്കാത്ത തട്ടിപ്പ്; സി ബി ഐക്ക് കാനറ ബേങ്ക് പരാതി നല്‍കി

Posted on: March 1, 2018 11:51 pm | Last updated: March 1, 2018 at 11:51 pm

ന്യൂഡല്‍ഹി: പൊതുമേഖലാ ബേങ്കുകളില്‍ നിന്ന് കോടികള്‍ തട്ടിയ വാര്‍ത്തകള്‍ക്ക് പിറകെ വ്യാജ രേഖകള്‍ സമര്‍പ്പിച്ച് ബേങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് കൊല്‍ക്കത്ത ആസ്ഥാനമായ കമ്പനി 515 കോടി തട്ടിയതായി പരാതി. കൊല്‍ക്കത്ത ആസ്ഥാനമായുള്ള ആര്‍ പി ഇന്‍ഫോ സിസ്റ്റം എന്ന സ്ഥാപനവും അതിന്റെ ഡയറക്ടര്‍മാരും ചേര്‍ന്ന് 515 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയുമായി കാനറ ബേങ്കാണ് രംഗത്തെത്തിയത്. ഇത് സംബന്ധിച്ച് സി ബി ഐക്ക് ബേങ്ക് പരാതി നല്‍കി.

ബേങ്ക് ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയെ തുടര്‍ന്ന് വ്യാജരേഖകളും കത്തുകളും നല്‍കി 2012 മുതല്‍ ഇവര്‍ പണം തട്ടിച്ചുവെന്ന് പരാതിയില്‍ പറയുന്നു. പരാതിയില്‍ കൊല്‍ക്കത്തയിലെ കമ്പ്യൂട്ടര്‍ നിര്‍മാണ കമ്പനിയായ ആര്‍ പി ഇന്‍ഫോ സിസ്റ്റത്തിനെതിരെ സി ബി ഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പഞ്ചാബ് നാഷനല്‍ ബേങ്ക് (പി എന്‍ ബി) തട്ടിപ്പ്, റോട്ടോമാക് കേസ് എന്നിവക്ക് പിന്നാലെയാണ് പുതിയ ബേങ്ക് തട്ടിപ്പുകൂടി വെളിച്ചത്തുവരുന്നത്.

കമ്പനി പ്രവര്‍ത്തനങ്ങള്‍ക്കായി പത്ത് ബേങ്കുകളടങ്ങിയ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 2015ല്‍ വായ്പയെടുത്താണ് തട്ടിപ്പ് നടത്തിയതെന്നും കാനറ ബേങ്ക് പരാതിയില്‍ പറയുന്നു. അതേസമയം, കണ്‍സോര്‍ഷ്യത്തിന് നേതൃത്വം നല്‍കുന്നത് തങ്ങളല്ലെന്നും കണ്‍സോര്‍ഷ്യത്തിലെ മറ്റു ബേങ്കുകള്‍ പരാതി നല്‍കാന്‍ കാനറ ബേങ്കിനെ ചുമതലപ്പെടുത്തുകയായിരുന്നുവെന്നും ബേങ്ക് അധികൃതര്‍ പറഞ്ഞു. 2015ല്‍ തന്നെ ഇതുസംബന്ധിച്ച പരാതി റിസര്‍വ് ബേങ്കിന് കൈമാറിയതായും ബേങ്ക് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. പ്രഥമവിവര റിപ്പോര്‍ട്ട് അനുസരിച്ച് മൊത്തം 515.15 കോടി രൂപയുടെ തട്ടിപ്പ് സംബന്ധിച്ചാണ് ഫെബ്രുവരി 26ന് കാനറ ബേങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഡി വി പ്രസാദ് റാവു ആര്‍ പി ഇന്‍ഫോ സിസ്റ്റത്തിനെതിരെ പരാതി നല്‍കിയത്. ഡയറക്ടര്‍മാരായ ശിവജി പഞ്ജ, കൗസ്തവ് റോയ്, വിനയ് ബഫ്‌ന, ഫിനാന്‍സ് വൈസ് പ്രസിഡന്റ് ഡെബ്‌നാഥ് പാല്‍ എന്നിവര്‍ ചേര്‍ന്ന് ബേങ്കുകളുടെ കണ്‍സോര്‍ഷ്യത്തെ കബളിപ്പിച്ചുവെന്നാണ് പരാതി.

ആര്‍ പി ഇന്‍ഫോ സിസ്റ്റത്തിന്റെ ഡയറക്ടര്‍മാരിലൊരാളായ ശിവജി പഞ്ജയ്‌ക്കെതിരെ നേരത്തേയും തട്ടിപ്പിന് കേസുകളുള്ളതാണ്. കണ്‍സോര്‍ഷ്യത്തില്‍ കാനറ ബേങ്ക് കൂടാതെ സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യ, സ്റ്റേറ്റ് ബേങ്ക് ഓഫ് ബിക്കാനിര്‍ ആന്‍ഡ് ജയ്പൂര്‍, യൂനിയന്‍ ബേങ്ക് ഓഫ് ഇന്ത്യ, അലഹാബാദ് ബേങ്ക്, ഓറിയന്റല്‍ ബേങ്ക് ഓഫ് കോമേഴ്‌സ്, സെന്‍ട്രല്‍ ബേങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷനല്‍ ബേങ്ക്, സ്റ്റേറ്റ് ബേങ്ക് ഓഫ് പാട്യാല, ഫെഡറല്‍ ബേങ്ക് എന്നിവയാണുള്ളത്.