Connect with us

Gulf

അഡ്നോക് തൊഴിലാളികളുടെ ആരോഗ്യ പരിചരണം വി പി എസിന്

Published

|

Last Updated

റുവൈസ് ഹോസ്പിറ്റല്‍

റുവൈസ്: അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയുടെ (അഡ്നോക്) കീഴില്‍ പ്രവര്‍ത്തിക്കുന്ന റുവൈസ് ഹോസ്പിറ്റലിന്റെ ഓപറേഷന്‍സ് പ്രവര്‍ത്തികള്‍ക്ക് എന്‍ എം സി ഹെല്‍ത്‌കെയര്‍ ഗ്രൂപ്പിനെ ചുമതല പെടുത്തിയെന്ന് അധികൃതര്‍. ലോകോത്തരവും സവിശേഷവുമായ ആരോഗ്യ പരിചരണ സംവിധാനങ്ങള്‍ ഒരുക്കുന്നതിനാണ് അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍ എം സി ഗ്രൂപ്പിനെ ഏല്‍പിച്ചിട്ടുള്ളത്. റുവൈസിലെയും അല്‍ ദഫ്റ പടിഞ്ഞാറന്‍ മേഖലയിലെയും ജനങ്ങള്‍ക്ക് മികച്ച ആരോഗ്യ പരിചരണം ഒരുക്കുന്നതിനാണ് ഹോസ്പിറ്റല്‍ പ്രവര്‍ത്തിക്കുന്നത്. കമ്പനിയുടെ സ്മാര്‍ട് ഗ്രോത് സ്ട്രാറ്റജി ആശയങ്ങള്‍ക്ക് കൂടുതല്‍ കരുത്തു പകരുന്നതിനാണ് പുതിയ നവീകരണ പ്രവര്‍ത്തികള്‍. അഡ്നോക്കിന്റെ ഒന്‍ഷോര്‍, ഓഫ്‌ഷോര്‍ മേഖലയിലെ മെഡിക്കല്‍ സേവനങ്ങള്‍ക്ക് അബുദാബിയിലെ തന്നെ വി പി എസ് ഹെല്‍ത്‌കെയര്‍ ഗ്രൂപിനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്.

നിലവിലെ മെഡിക്കല്‍ സൗകര്യങ്ങള്‍ കൂടുതല്‍ വിപുലീകരിച്ചു സവിശേഷമായ സേവനങ്ങള്‍ ഒരുക്കുന്നതിനാണ് എന്‍ എം സി ഗ്രൂപ്പുമായി ധാരണയിലെത്തിയിട്ടുള്ളത്. വി പി എസ് ഗ്രൂപ്പുമായി ഉണ്ടാക്കിയ ധാരണയില്‍ അഡ്നോക്കിന്റെ വിവിധ പദ്ധതി പ്രദേശങ്ങളിലെ തൊഴിലാളികള്‍ക്ക് മികച്ച മെഡിക്കല്‍ സേവനങ്ങളൊരുക്കുന്നു.
ഇതുമായി ബന്ധപ്പെട്ട ധാരണ പത്രം ഒപ്പിടല്‍ ചടങ്ങില്‍ അഡ്നോക് ബിസിനസ് ആന്‍ഡ് കോമേഴ്ഷ്യല്‍ സപ്പോര്‍ട് ഡയറക്ടര്‍ റശീദ് സഊദ് അല്‍ ശംസി, വി പി എസ് ഹെല്‍ത്‌കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ ഷംശീര്‍ വയലില്‍, എന്‍ എം സി ഹെല്‍ത്‌കെയര്‍ എക്‌സിക്യൂടീവ് ഡയറക്ടര്‍ പ്രമോദ് മങ്ങാട്ട് എന്നിവര്‍ പങ്കെടുത്തു.

കമ്പനിയുടെ കീഴില്‍ ലോകോത്തരവും ഉന്നതവുമായ ആരോഗ്യ പരിചരണ സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനാണ് ധാരണയായിട്ടുള്ളത്. കമ്പനിയുടെ തൊഴിലാളികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും മികച്ച ജീവിത രീതി പ്രധാനം ചെയ്യുന്നതിനാണ് തങ്ങള്‍ ലക്ഷ്യമിടുന്നത്. കമ്പനിയുടെ ചുമതലകള്‍ ഏറ്റെടുത്തു പ്രവര്‍ത്തിക്കുന്ന ഇതര കോണ്‍ട്രാക്ടിങ് കമ്പനിയുടെ തൊഴില്‍ സേനക്കും ആരോഗ്യ സേവന രംഗത്തു മികച്ച സേവനങ്ങള്‍ ഒരുക്കുമെന്ന് റശീദ് സഊദ് അല്‍ ശംസി പറഞ്ഞു.
ആഗോള തലത്തില്‍ മികച്ച സേവനങ്ങള്‍ ഒരുക്കുന്ന സംരംഭങ്ങളുമായി കമ്പനി കൈകോര്‍ക്കുന്നതിലൂടെ സ്മാര്‍ട് ഗ്രോത് സ്ട്രാറ്റജി 2030ന്റെ ലക്ഷ്യ സാക്ഷാത്കാരം വളരെ എളുപ്പത്തിലാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശീയ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ അഡ്നോക് കമ്പനിയുടെ ആരോഗ്യ സേവന രംഗത്തേക്ക് തങ്ങളെ തിരഞ്ഞെടുത്തതില്‍ അതീവ സന്തുഷ്ടരാണെന്നും ഉന്നതമായ സേവനങ്ങള്‍ ഒരുക്കി മേഖയിലെ ആരോഗ്യ രംഗം കൂടുതല്‍ മികവുറ്റതാക്കുമെന്നും പ്രമോദ് മങ്ങാട്ട്, ഷംഷീര്‍ വയലില്‍ എന്നിവര്‍ പറഞ്ഞു.