Connect with us

Uae

കൊച്ചിയിലും യാത്രക്കാരന്റെ ബാഗേജില്‍ നിന്ന് സാധനങ്ങള്‍ കവര്‍ന്നു

Published

|

Last Updated

ദുബൈ: കോഴിക്കോടിന് പിന്നാലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലും യാത്രക്കാരുടെ വിലപിടിപ്പുള്ള വസ്തുക്കള്‍ കവര്‍ച്ച ചെയ്തു. ഷാര്‍ജയില്‍ നിന്ന് ചൊവ്വാഴ്ച കൊച്ചിയിലേക്ക് പോയ യുവാവിന്റെ ബാഗ് കുത്തിത്തുറന്ന് വിലകൂടിയ വാച്ചുകളും മറ്റു വസ്തുക്കളും കവര്‍ച്ച ചെയ്തു. തൃശൂര്‍ ചാവക്കാട് സ്വദേശി നൗഷാദ് പാപ്പാളിയുടെ സാധനങ്ങളാണ് നഷ്ടപ്പെട്ടത്. ഇതുസംബന്ധിച്ച് ഇദ്ദേഹം എയര്‍ അറേബ്യ അധികൃതര്‍ക്ക് പരാതി നല്‍കി.

ദിവസങ്ങള്‍ക്ക് മുന്‍പ് സന്ദര്‍ശക വിസയില്‍ യുഎഇയിലെത്തി മടങ്ങിയതായിരുന്നു നൗഷാദ്. ഭാര്യയുടെ ബന്ധുവിന്റെ വിവാഹത്തിന് സമ്മാനം നല്‍കാന്‍ വേണ്ടി വാങ്ങിയ ഏകദേശം 61,000 രൂപ (3500 ദിര്‍ഹം) വിലമതിക്കുന്ന ഏറ്റവും പുതിയ മോഡല്‍ സിറ്റിസണ്‍ വാച്ചും 150 ദിര്‍ഹം വീതം വിലയുള്ള രണ്ട് ലേഡീസ് വാച്ചുകളും കുറച്ച് സൗന്ദര്യവര്‍ധക വസ്തുക്കളുമാണ് നഷ്ടമായതെന്ന് നൗഷാദ് പറഞ്ഞു.

ചൊവ്വാഴ്ച ഉച്ചക്ക് 1.20നുള്ള എയര്‍ അറേബ്യ വിമാനത്തിലാണ് നൗഷാദ് കൊച്ചിയിലേക്ക് യാത്ര തിരിച്ചത്. ചെറിയ പൂട്ട് ഇട്ടിരുന്ന 20 കിലോ ഗ്രാം ഭാരമുള്ള നീല ബാഗും 10 കിലോ വരുന്ന മറ്റൊരു ബാഗുമാണ് കൈയിലുണ്ടായിരുന്നത്. ഇന്ത്യന്‍ സമയം വൈകിട്ട് ആറരയോടെ കൊച്ചിയില്‍ വിമാനമിറങ്ങി. എന്നാല്‍, മറ്റെല്ലാ യാത്രക്കാരുടെയും ബാഗേജുകള്‍ ലഭിച്ചിട്ടും നൗഷാദിന്റെ നീല ബാഗ് വന്നില്ല. ഏറ്റവും അവസാനത്തെ ആളും സ്ഥലം വിടും വരെ കണ്‍വെയര്‍ ബെല്‍റ്റിനടുത്ത് കാത്തിരുന്നു. ഒടുവില്‍ ബാഗ് എത്തിയപ്പോള്‍ പൂട്ട് പൊളിച്ച് തുറന്നിട്ട നിലയിലായിരുന്നു. പരിശോധിച്ചപ്പോള്‍ വാച്ചുകളും മറ്റും നഷ്ടപ്പെട്ടതായി കണ്ടു. ഇതേ തുടര്‍ന്ന് എയര്‍ അറേബ്യ അധികൃതരെ സമീപിക്കുകയായിരുന്നു. സംഭവം അന്വേഷിക്കാമെന്ന് ഉറപ്പു നല്‍കുകയും നഷ്ടപ്പെട്ട സാധനങ്ങളുടെ വിശദ വിവരം എഴുതി നല്‍കുകയും ചെയ്തു. തന്റെ വാച്ച് പോയതില്‍ വലിയ വിഷമമില്ല. പക്ഷേ, രണ്ടോ മൂന്നോ വര്‍ഷത്തിന് ശേഷം പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി വാങ്ങിയ സാധനങ്ങള്‍ ഇതുപോലെ നഷ്ടപ്പെടുന്നതിലാണ് വിഷമമെന്ന് നൗശാദ് പറഞ്ഞു.
ഈ മാസം 21ന് കരിപ്പൂര്‍ എത്തിയ ആറ് യാത്രക്കാരുടെ ബാഗേജിലെ വിലകൂടിയ സാധാനങ്ങള്‍ മോഷണം പോയിരുന്നു. ഇവര്‍ എയര്‍ ഇന്ത്യാ എക്സ്പ്രസിന്റെ ഐ എക്സ് 344 ദുബൈ-കോഴിക്കോട് വിമാനത്തിലെ യാത്രക്കാക്കാരായിരുന്നു. ഇതില്‍ ഒരാളുടെ പാസ്‌പോര്‍ട്ടും നഷ്ടമായി. വിമാനത്തിലെ ചെക്ക് ഇന്‍ ബാഗേജുകളില്‍ നിന്നാണ് സാധനങ്ങള്‍ നഷ്ടമായത്. മോഷണം നടന്നത് കോഴിക്കോട്ടല്ല എന്നായിരുന്നു അധികൃതരുടെ ഭാഷ്യം.

ഇതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലും മറ്റും ഏറെ പ്രതിഷേധമുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് വിമാനത്താവളത്തില്‍ കൂടുതല്‍ സിസിടിവി ക്യാമറ സ്ഥാപിക്കുമെന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവിക്കുകയുണ്ടായി. അതേസമയം, കഴിഞ്ഞ ദിവസം ഇത്തരത്തില്‍ സാധനങ്ങള്‍ മോഷ്ടിച്ച ഇന്ത്യക്കാരനായ ജീവനക്കാരനെ ദുബൈ രാജ്യാന്തര വിമാനത്താവളത്തില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

 

Latest