റെയില്‍ ശൃംഖല വിപുലീകരിക്കാന്‍ മന്ത്രിസഭാ തീരുമാനം

Posted on: March 1, 2018 9:37 pm | Last updated: March 1, 2018 at 9:37 pm
SHARE
അബുദാബിയില്‍ മന്ത്രിസഭാ യോഗത്തിനിടക്ക് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാനും

അബുദാബി: യു എ ഇയിലെ റെയില്‍ ഗതാഗത വികസന കുതിപ്പിന് കരുത്തേകുന്ന തീരുമാനവുമായി യു എ ഇ ക്യാബിനറ്റ് മന്ത്രിസഭാ യോഗം. മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിച്ച, പുതിയ നിര്‍ദേശത്തിലാണ് റെയില്‍ വികസനത്തിന് കൂടുതല്‍ പ്രതീക്ഷ നല്‍കുന്ന ഘടകങ്ങളുള്ളത്. റെയില്‍ ശൃഖലയുമായി ബന്ധപ്പെട്ട പദ്ധതി പ്രവര്‍ത്തനം, സുരക്ഷ എന്നിവക്ക് ഒരുക്കുന്ന നിയമ നിര്‍മാണത്തിനായി മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച നടന്നുവെന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ട്വീറ്റ് ചെയ്തു.

നിലവില്‍ ഇത്തിഹാദ് റെയിലിന്റെ ഭാഗമായുള്ള റെയില്‍വേ പാതയിലൂടെ ഹബ്ഷാനില്‍ നിന്ന് റുവൈസിലേക്ക് സള്‍ഫര്‍ എത്തിക്കുന്ന പ്രവര്‍ത്തികള്‍ക്ക് ഗുഡ്‌സ് ട്രെയിനുകള്‍ ഓടുന്നുണ്ട്. രാജ്യത്തെ വടക്കേയറ്റം മുതല്‍ തെക്കറ്റം വരെ ബന്ധിപ്പിക്കുന്നതും സഊദി അറേബ്യ മറ്റ് ജി സി സി രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ നഗരങ്ങളെ കൂട്ടിയിണക്കുന്നതുമായ ഇത്തിഹാദ് പദ്ധതിക്ക് 2013ലാണ് തുടക്കം കുറിച്ചത്.
അതേസമയം, രണ്ടു വര്‍ഷം മുന്‍പ് ദുബൈയിലേക്കും അല്‍ ഐനിലേക്കുമുള്ള ചരക്ക് ഗതാഗതത്തിനായുള്ള 628 കിലോമീറ്റര്‍ റെയില്‍ പാത പദ്ധതി ഒഴിവാക്കുന്നുവെന്ന് ഇത്തിഹാദ് റെയില്‍ അധികൃതര്‍ അറിയിച്ചിരുന്നു. സഊദി അതിര്‍ത്തി പ്രദേശമായ ഗുവൈഫാത് വരെ ദീര്‍ഘിപ്പിക്കുന്നതായിരുന്നു ഈ ഘട്ടം. പദ്ധതിയുടെ യു എ ഇയിലെ അവസാന ഘട്ടം വടക്കന്‍ എമിറേറ്റുകളെ ബന്ധിപ്പിക്കുന്ന 279 കിലോമീറ്റര്‍ ശൃഖലയാണ്. റാസ് അല്‍ ഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളെ ബന്ധപ്പെടുത്തി ചരക്ക് ഗതാഗതത്തിനായി പ്രാരംഭ ഘട്ടത്തിലും പിന്നീട് യാത്ര ട്രെയിനുകളുടെയും സര്‍വീസ് ആരംഭിക്കുന്നതായിരുന്നു പദ്ധതി.

എന്നാല്‍, പുതിയ ബില്ല് പ്രാബല്യത്തില്‍ വരുന്നതോടെ ഇത്തിഹാദ് റെയില്‍ പദ്ധതിക്കായി ഒരുക്കിയ രൂപകല്‍പനയില്‍ അല്‍പം മാറ്റം വരുത്തി പുതുക്കിയ റെയില്‍ ശൃഖലയുടെ സഹായത്തോടെയാണ് പദ്ധതി ആവിഷ്‌കരിക്കുക. പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ആശയങ്ങള്‍ കണ്ടെത്തുന്നതിനും നടത്തിപ്പിനും ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റി ചെയര്‍മാന്‍ മതാര്‍ മുഹമ്മദ് അല്‍ തായറിനെ അംഗമായി തിരഞ്ഞെടുത്തിരുന്നു. പദ്ധതിയുടെ മേധാവിയായി ശൈഖ് ദിയാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെയും നിയമിച്ചിരുന്നു. പുതിയ മന്ത്രിസഭാ തീരുമാനങ്ങള്‍ ഇത്തരം നീക്കങ്ങള്‍ക്ക് ശക്തി പകര്‍ന്ന് യു എ ഇയുടെ വിവിധ എമിറേറ്റുകളെ ബന്ധിപ്പിക്കുന്ന റെയില്‍ ഗതാഗത പദ്ധതിക്ക് ഉണര്‍വ് പകരുമെന്നാണ് സൂചന.

 

 

LEAVE A REPLY

Please enter your comment!
Please enter your name here