Connect with us

National

തീവ്രവാദത്തിന് എതിരായ പോരാട്ടം ഒരു മതത്തിനും എതിരല്ല: പ്രധാനമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി: തീവ്രവാദത്തിനെതിരായ പോരാട്ടം ഒരു മതത്തിനുമെതിരല്ലെന്നും യുവാക്കളെ തെറ്റിദ്ധരിപ്പിക്കുന്ന മാനസികാവസ്ഥ ക്ക് എതിരെയാണ് പോരാട്ടമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനം സാധ്യമാകണമെങ്കില്‍ മുസ്‌ലിം യുവാക്കളുടെ ഒരു കൈയില്‍ ഖുര്‍ആനും മറുകൈയില്‍ കമ്പ്യൂട്ടറും വേണമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ ജോര്‍ദാന്‍ രാജാവ് പങ്കെടുത്ത ഇസ്ലാമിക പൈതൃക സംഗമത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ലോകത്തെ പ്രധാനപ്പെട്ട മതങ്ങളുടെ ഈറ്റില്ലമാണ് ഇന്ത്യ. എല്ലാ മതങ്ങളും മാനുഷിക മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു. 2500 വര്‍ഷം മുമ്പ് ബുദ്ധനും കഴിഞ്ഞ നൂറ്റാണ്ടില്‍ മഹാത്മാ ഗാന്ധിയും ലോകത്തെ കേള്‍പ്പിച്ചത് സമാധാനത്തിന്റെ സന്ദേശമാണ്. ബഹുസ്വരതയുടെ ആഘോഷം കൂടിയാണ് ഇന്ത്യന്‍ ജനാധിപത്യം. തീവ്രവാദവിരുദ്ധ പോരാട്ടത്തില്‍ ജോര്‍ദാന്‍ രാജാവ് നടത്തിയ പരിശ്രമങ്ങള്‍ വാക്കുകള്‍ക്ക് അതീതമാണെന്നും മോദി പറഞ്ഞു. എല്ലാ മതങ്ങളും നിലകൊള്ളുന്നത് മാനുഷിക മൂല്യങ്ങള്‍ക്ക് വേണ്ടിയാണ്. യുവാക്കള്‍ ഇസ്‌ലാമിലെ മനുഷ്യത്വപരമായ വശങ്ങളുമായി ബന്ധപ്പെടാനും ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കാനും പഠിക്കണമെന്ന് മോദി ഉപദേശിച്ചു.

മതത്തിന്റെ പേരില്‍ നടത്തുന്ന ആക്രമണം മതത്തിന്മേലുള്ള ആക്രമണമാണെന്ന് ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍ പറഞ്ഞു. മതത്തിന്റെ പേരില്‍ വിദ്വേഷം പ്രചരിപ്പിക്കുന്നവരെ നാം തിരിച്ചറിയുകയും അവഗണിക്കുകയും വേണം. വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്ക് ഇന്റര്‍നെറ്റ് അടക്കമുള്ളവ നിഷേധിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരും ചടങ്ങില്‍ പങ്കെടുത്തു.