Connect with us

National

കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത ലോക്പാല്‍ യോഗം കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: ലോക്പാല്‍ സമിതിയുമായി ബന്ധപ്പെട്ട യോഗത്തില്‍ കോണ്‍ഗ്രസ് പ്രതിനിധി മല്ലികാര്‍ജ്ജുര്‍ ഗാര്‍ഗെയെ പ്രത്യേക ക്ഷണിതാവായി മാത്രം ക്ഷണിച്ചതില്‍ പ്രതിഷേധിച്ച് കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത ലോക്പാല്‍ യോഗം കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചു.

ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ തുടങ്ങിയര്‍ പങ്കെടുക്കുന്ന യോഗത്തിലേക്കായിരുന്നു ലോക്‌സഭാ പ്രതിപക്ഷ നേതാവ് കൂടിയായ മല്ലികാര്‍ജുനയെ ക്ഷണിതാവ് പദവി മാത്രം നല്‍കി ക്ഷണിച്ചത്. പ്രത്യേക ക്ഷണിതാവെന്ന രീതിയില്‍ യോഗത്തില്‍ പങ്കെടുക്കില്ലെന്നും അഴിമതി വിരുദ്ധ സ്വതന്ത്ര അന്വേഷണ സമിതിയിലേക്ക് ക്ഷണിച്ചത് പ്രതിപക്ഷത്തിന്റെ പങ്കാളിത്തം ഉറപ്പിക്കാന്‍ മാത്രമാണെന്നും അദ്ദേഹം പ്രതികരിച്ചു.

എന്നാല്‍ യോഗത്തില്‍ പ്രതിപക്ഷത്തിന് സ്വതന്ത്രമായി ശബ്ദമുയര്‍ത്താനുള്ള അവകാശം നിഷേധിച്ചിരിക്കുകയാണെന്നും മല്ലികാര്‍ജുന കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ ശബ്ദത്തെ ഇല്ലാതാക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്തെ പ്രധാനമന്ത്രിയില്‍ നിന്ന് അല്‍പ്പംകൂടി മാന്യത പ്രതീക്ഷിക്കുന്നുണ്ട്. പ്രതിപക്ഷ നേതാവിനെ പ്രത്യേക ക്ഷണിതാവായി മാറ്റുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ലോക്പാല്‍ രൂപീകരണ പ്രക്രിയയില്‍ നിന്ന് പ്രതിപക്ഷത്തെ മാറ്റിനിര്‍ത്തുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു. അഴിമതിക്കെതിരെ ഫലപ്രദമായി ശബ്ദിക്കാന്‍ കഴിയുന്ന ഒരാളെ തിരഞ്ഞെടുക്കുന്ന പ്രത്യേക ക്ഷണിതാവ് എന്ന നിലയില്‍ യോഗത്തില്‍ പങ്കെടുത്താല്‍ ലോക്പാല്‍ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇടപെടാന്‍ അധികാരമുണ്ടായിരിക്കില്ലെന്നും ഈ സാഹചര്യത്തിലാണ് യോഗത്തില്‍ നിന്നു വിട്ടുനില്‍ക്കുന്നതെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ വിശദീകരിച്ചു.

അതേസമയം, കീഴ്‌വഴക്കമനുസരിച്ച് മൊത്തം ലോക്‌സഭാംഗങ്ങളുടെ പത്തിലൊന്ന് ശക്തിയുണ്ടെങ്കിലേ ഔദ്യോഗികമായി പ്രതിപക്ഷനേതാവ് എന്ന പദവി ലഭിക്കുവെന്നും കോണ്‍ഗ്രസിന് സഭയില്‍ ഈ അംഗബലമില്ലെന്നും അതിനാണ് ഖാര്‍ഗയെ ക്ഷണിതാവ് പദവി നല്‍കിയതെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. നിലവിലെ ചട്ടപ്രകാരം 54 അംഗങ്ങളെങ്കിലും ചുരുങ്ങിയത് കോണ്‍ഗ്രസിന് വേണം എന്നാല്‍ ഇപ്പോള്‍ 48 അംഗങ്ങള്‍ മാത്രമാണുള്ളതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ് ഇല്ലെങ്കില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ പാര്‍ട്ടിയുടെ നേതാവിനെ ലോക്പാല്‍ സെലക്ഷന്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച ബില്ല് മൂന്നുവര്‍ഷമായി പാര്‍ലമെന്റിന്റെ പരിഗണനയിലാണ്.

അഴിമതി തുച്ചുനീക്കുന്നതിന്റെ ഭാഗമായി ലോക്പാല്‍ രൂപീകരിക്കുമെന്നത് ബി.ജെ.പിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു. ലോക്‌സഭയില്‍ “ഔദ്യോഗിക” പ്രതിപക്ഷ നേതാവ് ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അധികാരത്തിലെത്ത്ി നാലുവര്‍ഷം പിന്നിട്ടിട്ടും നരേന്ദ്രമോദി സര്‍ക്കാര്‍ ലോക്പാല്‍ നിയമനം നീട്ടിക്കൊണ്ടുപോയത്. പ്രധാനമന്ത്രിയാണ് ലോക്പാല്‍ സെലക്ഷന്‍ കമ്മിറ്റി അധ്യക്ഷന്‍.

ലോക്‌സഭാ സ്പീക്കര്‍, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ്, സുപ്രിംകോടതി ചീഫ് ജസ്റ്റിസോ അല്ലെങ്കില്‍ അദ്ദേഹം നാമനിര്‍ദ്ദേശം ചെയ്യുന്ന മറ്റൊരു ജഡ്ജിയോ രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്യുന്ന പ്രമുഖ അഭിഭാഷകന്‍ എന്നിവരാണ് ലോക്പാല്‍ തിരഞ്ഞെടുപ്പു കമ്മിറ്റിയിലെ മറ്റു അംഗങ്ങള്‍.

 

---- facebook comment plugin here -----

Latest