വൈദികനെ കപ്യാര്‍ കുത്തിക്കൊന്നു

Posted on: March 1, 2018 2:11 pm | Last updated: March 1, 2018 at 8:26 pm

കൊച്ചി: മലയാറ്റൂര്‍ കുരിശുമുടിയില്‍ വൈദികന്‍ കുത്തേറ്റ് മരിച്ചു. മലയാറ്റൂര്‍ കുരിശുമുടി റെക്ടറും കൊച്ചി ചേരാനെല്ലൂര്‍ സ്വദേശിയുമായ ഫാദര്‍ സേവ്യര്‍ തേലക്കാടാ(52)ണ് മരിച്ചത്. പള്ളിയിലെ മുന്‍ കപ്യാരായ ജോണിയാണ് ഫാദറിനെ കുത്തിയത്. സംഭവത്തിന് ശേഷം കാട്ടിലേക്ക് ഓടി രക്ഷപ്പെട്ട ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കുരിശുമലയിലെ ആറാം സ്ഥലത്ത് വെച്ചാണ് സംഭവം.

മോശം പെരുമാറ്റത്തിന്റെ പേരില്‍ കപ്യാരെ മൂന്ന് മാസം മുമ്പ് പള്ളിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. എന്നാല്‍, ഇന്ന് ഉച്ചയോടെ തന്നെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ജോണി പള്ളിയിലെത്തി. പിന്നാലെ ഫാദറുമായി വാക്തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. തിരിച്ചെടുക്കില്ലെന്നായിരുന്നു ഫാദറിന്റെ നിലപാട്. ഇതില്‍ ക്ഷുഭിതനായ ജോണി അരയില്‍ ഒളിപ്പിച്ചിരുന്ന കത്തിയെടുത്ത് സേവ്യറെ കുത്തുകയായിരുന്നുവെന്നാണ് വിവരം.

ഫാദറിന്റെ നിലവിളി കേട്ടെത്തിയ മറ്റു വൈദികര്‍ അദ്ദേഹത്തെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. കാലിന് കുത്തേറ്റ ഫാദര്‍ ചോരവാര്‍ന്ന് മരിക്കുകയായിരുന്നു.