സിറിയ: സാമൂഹിക മാധ്യമങ്ങളില്‍ സൈബര്‍ പ്രതിരോധം

'നന്മയുടെ കണികയില്ലാത്തവര്‍ കുഴിച്ചു മൂടുന്നത് ജീവനുള്ള മനുഷ്യരെയാണ്. തെറിച്ചു വീണ രക്ത തുള്ളികളിലേക്ക് നോക്കൂ സ്വാതന്ത്ര്യത്തിനു വേണ്ടി എഴുതിയ മഹാ കാവ്യങ്ങളായി നമുക്ക് വായിച്ചെടുക്കാം' സിറിയയുടെ നൊമ്പര കാഴ്ചകള്‍ കോറിയിട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന കവിതയിലെ വരികളാണിത്.
Posted on: March 1, 2018 10:20 am | Last updated: March 1, 2018 at 10:20 am

ദുബൈ: ‘നന്മയുടെ കണികയില്ലാത്തവര്‍ കുഴിച്ചു മൂടുന്നത് ജീവനുള്ള മനുഷ്യരെയാണ്. തെറിച്ചു വീണ രക്ത തുള്ളികളിലേക്ക് നോക്കൂ സ്വാതന്ത്ര്യത്തിനു വേണ്ടി എഴുതിയ മഹാ കാവ്യങ്ങളായി നമുക്ക് വായിച്ചെടുക്കാം’ സിറിയയുടെ നൊമ്പര കാഴ്ചകള്‍ കോറിയിട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന കവിതയിലെ വരികളാണിത്. സിറിയന്‍ ജനതയുടെ നിസ്സഹായതക്ക് മേല്‍ വിമതരും സൈന്യവും നടത്തുന്ന കൂട്ടക്കുരുതിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത പ്രതിഷേധമാണുയരുന്നത്. സിറിയയുടെ കണ്ണീരിനൊപ്പം ചേര്‍ന്ന സൈബര്‍ലോകം അടുത്ത കാലത്തുയര്‍ത്തിയ ഏറ്റവും വലിയ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. സാംസ്‌കാരിക-സാമൂഹിക-കലാ മേഖലകളിലുള്ള നിരവധി പേരാണ് ഫേസ്ബുക്കിലും ട്വിറ്ററിലും പ്രതിഷേധം രേഖപ്പെടുത്തുന്നത്. #SyriaIsBleeding എന്ന ഹാഷ് ടാഗോടെയാണ് സൈബബര്‍ ലോകത്ത് പ്രതിഷേധം നുരയുന്നത്.

തെക്കന്‍ ഹൗതയില്‍ റഷ്യയുടെയും സിറിയയുടെയും യുദ്ധവിമാനങ്ങളുടെ ബോംബാക്രമണങ്ങളില്‍ നുറൂകണക്കിന് സാധാരണക്കാരാണ് കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നത്. ആക്രമണവുമായി ബന്ധപ്പെട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുയര്‍ന്ന ശ്രദ്ധേയമായ ഇടപെടലുകള്‍ക്കെല്ലാം വലിയ പ്രതികരണമാണ് ലഭിക്കുന്നത്. സിറിയന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സ്വന്തം ചിത്രങ്ങള്‍ മാറ്റി പലരും പിഞ്ചുകുട്ടികളുടെ കൂട്ടകുരുതിയുടെ ദ്യശ്യങ്ങളാണ് ഫേസ്ബുക്കിലും മറ്റും പ്രൊഫൈല്‍ ഫോട്ടോയും കവര്‍ ഫോട്ടോയുമാക്കിയിരിക്കുന്നത്. നിരപരാധികളുടെ വേദനക്കൊപ്പം ആര്‍ജവത്തോടെ നിലകൊണ്ട ലോക ചലനങ്ങളെ ആവേശത്തോടെ സ്വീകരിക്കുന്നതിനൊപ്പം പ്രതികരണശേഷി നഷ്ടപ്പെട്ടവര്‍ക്കെതിരെയും സോഷ്യല്‍ മീഡിയയില്‍ രോഷപ്രകടനമുണ്ട്. അടുത്ത കാലത്തായി സാമൂഹിക മാധ്യമങ്ങളില്‍ നിന്നുയര്‍ന്ന സംഘടിതമായ ആക്രമണമാണ് സൈന്യം നേരിടുന്നതെങ്കില്‍ സമീപ കാലത്തെങ്ങും ലഭിക്കാത്ത പിന്തുണയാണ് വിമതര്‍ക്ക് ലഭിക്കുന്നത്. അതിനിടെ, ഹൗതയില്‍ മനുഷ്യാവകാശ സഹായങ്ങളെത്തിക്കാന്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തുള്ള റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന്റെ പ്രഖ്യാപനം സാമൂഹിക മാധ്യമങ്ങളിലൂടെ പലരും സ്വാഗതം ചെയ്തു.

മിസൈല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട സ്വന്തം പിഞ്ചോമനകളുടെ കവിളത്ത് ഒരു ചുംബനം പോലും നല്‍കാന്‍ കഴിയാത്ത നിസ്സഹായരായ ഉമ്മമാരുടെയും ഒരിറ്റ് ദാഹ ജലത്തിനായി കേഴുന്ന കുരുന്നുകളുടെയും നിസ്സഹായ ചിത്രങ്ങളുമായി പ്രതിഷേധം കൊഴുപ്പിക്കുകയാണ് സാമൂഹിക മാധ്യമങ്ങള്‍. ബശര്‍ അല്‍ അസദിന്റെ സൈന്യവും വിമതരും നശിപ്പിക്കുന്നത് ജനങ്ങളുടെ സ്വസ്ഥതയാണെന്നാണ് സാമൂഹിക മാധ്യമങ്ങളിലെ കുറിപ്പുകള്‍ വ്യക്തമാക്കുന്നത്. സൈന്യത്തിന്റെയും വിമതരുടെയും ചെറുത്തുനില്‍പ്പുകള്‍ക്കിടയില്‍ ഞെരിഞ്ഞമരുന്ന ലക്ഷക്കണക്കിന് ജീവനുകളെ കുറിച്ച് ഇനിയും ഗൗരവത്തില്‍ ഒരു മുഖ്യധാരാ ഏജന്‍സികളും ചിന്തിക്കുന്നില്ല എന്ന വാസ്തവം സോഷ്യല്‍ മീഡിയകള്‍ തുറന്നുകാട്ടുന്നു.