സിറിയ: ദുരന്തത്തിന്റെ തോരാപെയ്ത്തിന് ഏഴാണ്ട്

Posted on: March 1, 2018 10:15 am | Last updated: March 1, 2018 at 1:26 pm

സിറിയ മനുഷ്യമനസ്സുകളിലെ വിങ്ങലാകാന്‍ തുടങ്ങിയിട്ട് ഏഴ് വര്‍ഷം തികയുകയാണ്. ദയനീയമായി ക്യാമറകളെ നോക്കുന്ന കുഞ്ഞുങ്ങളുടെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും ഹൃദയങ്ങളിലേക്ക് മിസൈലുകളേക്കാള്‍ വേഗത്തില്‍ തറച്ചുകയറുകയാണ്. 2011 മാര്‍ച്ചില്‍ തെക്കന്‍ നഗരമായ ദേരയില്‍ ആരംഭിച്ച വിമത പ്രക്ഷോഭം സിറിയന്‍ നഗരങ്ങളെ കുരുതിക്കളങ്ങളുടെ തെരുവാക്കി മാറ്റിയിരിക്കുകയാണ്. സിറിയയില്‍ നിന്നുള്ള കൊടുംക്രൂരതകളുടെ കഥകള്‍ ലോകം കണ്ണീരോടെ കേട്ട് തുടങ്ങിയിട്ട് കാലം കുറച്ചായി.
അലെപ്പോ, ദമസ്‌കസ്, ഇദ്‌ലിബ്, റഖ, ദേര്‍അസൂര്‍, ഹംസ്, ഹമ, ഹൗത തുടങ്ങി സിറിയയിലെ ചരിത്രപ്രാധാന്യമുള്ള നഗരങ്ങളും ഗ്രാമങ്ങളും കരളലിയിപ്പിക്കുന്ന ദുരന്തങ്ങളുടെ പര്യായമായിരിക്കുകയാണ്. ചിന്നഭിന്നമായ മൃതദേഹങ്ങളുടെയും ഭയന്നുകരയുന്ന കുഞ്ഞുങ്ങളുടെയും ചോരയൊലിപ്പിച്ച് കിടക്കുന്ന വൃദ്ധരുടെയും ചിത്രങ്ങള്‍ക്കൊപ്പമാണ് സിറിയന്‍ നഗരങ്ങളുടെ പേര് ഇന്ന് ഓര്‍മിക്കപ്പെടുന്നത്.

സാംസ്‌കാരികപരമായും ചരിത്രപരമായും ഏറെ സവിശേഷതയുണ്ടായിരുന്ന ഒരു രാജ്യം കഴിഞ്ഞ ഏഴ് വര്‍ഷങ്ങള്‍ കൊണ്ട് നിലവിളികളുടെയും കണ്ണുനീരിന്റെയും പ്രതീകമായി മാറിയതിന്റെ ഉത്തരവാദിത്വം ഇത്രയും കാലം ഗ്യാലറിയിലിരുന്ന് കളികാണുന്ന ലാഘവത്തില്‍ സിറിയയെ നോക്കിയ ലോകരാജ്യങ്ങള്‍ക്കുണ്ട്. ആയുധവില്‍പ്പനക്കുള്ള വിപണിയായി സിറിയയെ കണക്കാക്കിയ അമേരിക്കക്കും റഷ്യക്കും ഒരുപോലെ അവകാശപ്പെട്ടതാണ് ആ രാജ്യത്തില്‍ നിന്നുയരുന്ന നിലവിളികളുടെ പിതൃത്വം. സഹോദര രാജ്യത്ത് നിന്ന് ദുരിതങ്ങളുടെ കറുത്ത പുക അന്തരീക്ഷത്തിലേക്കുയര്‍ന്നപ്പോഴും ചേരിതിരിഞ്ഞ് പരസ്പരം കുറ്റപ്പെടുത്തിയ അറബ് രാജ്യങ്ങള്‍ അലെപ്പോയിലെയും ദമസ്‌കസിലെയും കുഞ്ഞുങ്ങളുടെ അലര്‍ച്ച കേട്ടിരിക്കുകയാണ് ഇപ്പോഴും. ശീതീകരിച്ച മുറിയില്‍ നിന്നുള്ള പ്രമേയങ്ങള്‍ക്കപ്പുറത്തേക്ക് സിറിയന്‍ കക്ഷികളെ ഒരുമേശക്കിരുപുറവും ഇരുത്താന്‍ അമേരിക്കയുടെ റബ്ബര്‍ സ്റ്റാമ്പായ ഐക്യരാഷ്ട്ര സഭക്കും സാധിച്ചിട്ടില്ല. നിലവിളികള്‍ താരാട്ടാക്കിയ ബശര്‍ അല്‍ അസദും പടിഞ്ഞാറിന്റെ ബോംബായി മാറിയ ഫ്രീ സിറിയന്‍ ആര്‍മിയും (വിമത സേന) മാത്രമല്ല സിറിയയുടെ ശാപം.

2000ല്‍ പിതാവ് ഹാഫിസ് അല്‍ അസദ് മരിച്ച ശേഷം അധികാരം ഏറ്റെടുത്ത ബശര്‍ അല്‍ അസദിനെതിരെ 2011ലാണ് വിമത സ്വരം ഉയരുന്നത്. അറബ് വസന്തത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് തെരുവിലിറങ്ങിയ വിമതര്‍ അസദിന് ശക്തമായ പ്രതിരോധം തീര്‍ത്തുകൊണ്ടിരുന്നു. റഷ്യയുമായും ഇറാനുമായും അടുത്ത ബന്ധം പുലര്‍ത്തിയ അസദിനെ തകര്‍ക്കാന്‍ അമേരിക്ക വിമതര്‍ക്ക് തുര്‍ക്കി വഴി ആയുധങ്ങളെത്തിച്ചതോടെ തെരുവുകള്‍ രക്തക്കളമായി തുടങ്ങി.
അഴിമതി ആരോപണവും തൊഴിലില്ലായ്മയും ഉയര്‍ത്തിയായിരുന്നു പ്രക്ഷോഭമെങ്കിലും വൈകാതെ അത് അസദിന്റെ രാജിക്കായുള്ള അലമുറയായി മാറി. ഈജിപ്തിലും ലിബിയയിലും നടന്നതിന് സമാനമായി അധികാരത്തോടുള്ള അടങ്ങാത്ത ആര്‍ത്തിയായിരുന്നു സിറിയന്‍ പ്രക്ഷോഭങ്ങളുടെയും പ്രേരണ. മാറ്റം ആഗ്രഹിക്കുന്ന ജനങ്ങളുടെ പിന്തുണ പലഭാഗങ്ങളില്‍ നിന്നായി വിമത നേതാക്കള്‍ക്ക് ലഭിക്കുകയും ചെയ്തു.
മാസങ്ങള്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും വിമതര്‍ക്ക് മേല്‍കൈ നേടാന്‍ സാധിച്ചു. ബലക്ഷയം സംഭവിച്ച സിറിയന്‍ സൈന്യത്തില്‍ നിന്ന് അധികാരം പിടിച്ചെടുത്ത പ്രദേശങ്ങളില്‍ മാതൃകാപരമായ രീതിയില്‍ ഭരണം നടത്താന്‍ വിമതര്‍ പരാജയപ്പെട്ടു. ഗോത്രങ്ങളുടെയും രാഷ്ട്രീയത്തിന്റെയും പേരില്‍ നിരവധി ചെറുസംഘങ്ങളായി വിമതര്‍ വേര്‍പിരിഞ്ഞു. പലയിടങ്ങളിലും വിമതര്‍ തമ്മില്‍ പരസ്പരം പോരടിച്ചു. അല്‍ഖാഇദയുമായി ബന്ധമുള്ള തീവ്രവാദി സംഘടനകളായി ചില വിമത വിഭാഗം മാറി. ശത്രുപാളയത്തിലെ ഈ ബലഹീനത കൃത്യമായി മുതലെടുക്കാന്‍ ബശര്‍ അല്‍ അസദിന് സാധിച്ചു. ചില വിമത വിഭാഗങ്ങള്‍ക്ക് അമേരിക്കയുടെ സഹായം ലഭിച്ചതോടെ അസദിന് ശക്തമായ പിന്തുണയുമായി റഷ്യന്‍ സേന സിറിയന്‍ മണ്ണില്‍ നിലയുറപ്പിച്ചു.

സാധാരണക്കാരനെ സംബന്ധിച്ചെടുത്തോളം ചുറ്റുഭാഗം മുഴുവനും ശത്രുക്കളായിരുന്നു. വിമതരെ സഹായിക്കുന്നുവെന്നാരോപിച്ച് സിറിയന്‍ സൈന്യവും സര്‍ക്കാറിനെ പിന്തുണച്ചെന്നാരോപിച്ച് വിമതരും രാജ്യത്തെ സാധാരണക്കാരെ വേട്ടയാടിക്കൊണ്ടിരുന്നു. വിമതര്‍ക്ക് സ്വാധീനമുള്ള പ്രദേശങ്ങളില്‍ സിറിയയുടെയും റഷ്യയുടെയും സൈന്യം ബോംബ് വര്‍ഷിക്കുമ്പോള്‍ ആയിരക്കണക്കിന് സാധാരണക്കാരും പിടഞ്ഞുവീണുമരിച്ചു. സര്‍ക്കാറിന് സ്വാധീനമുള്ള മേഖലയില്‍ അമേരിക്കയുടെ സഹായത്തോടെ വിമതരും സമാനമായ രീതിയില്‍ തന്നെയാണ് ആക്രമണം നടത്തിയത്. ഇതിനിടെ വിമതരുടെ പേരില്‍ തീവ്രസലഫിസ്റ്റ് വിഭാഗമായ ഇസിലും വടക്കന്‍ സിറിയയില്‍ ശക്തിപ്രാപിച്ചു.
രണ്ടര ലക്ഷം പേര്‍ സിറിയന്‍ ആഭ്യന്തര കലാപത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് 2015ലെ യു എന്‍ കണക്കില്‍ വ്യക്തമാക്കുന്നത്. ഇതിന് ശേഷം സിറിയയിലെ മരണക്കണക്കെടുക്കാന്‍ യു എന്‍ ഉദ്യോഗസ്ഥര്‍ എത്തിയിട്ടില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് 56 ലക്ഷം ജനങ്ങള്‍ പലായനം ചെയ്തതായും യു എന്‍ കണക്കുകള്‍ പറയുന്നുണ്ട്. ബ്രിട്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടന 2017 ഡിസംബറില്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം മൂന്നര ലക്ഷം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് വ്യക്തമാക്കുന്നത്. എന്നാല്‍ ഈ റിപ്പോര്‍ട്ടിലൊന്നും കാണാതായ 56,900 വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല.