ട്രംപിന്റെ വിശ്വസ്ത ഹോപ് ഹിക്‌സ് വൈറ്റ് ഹൗസ് കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ സ്ഥാനം രാജിവെച്ചു

Posted on: March 1, 2018 9:59 am | Last updated: March 1, 2018 at 12:54 pm

വാഷിഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അടുത്ത അനുയായി ഹോപ് ഹിക്‌സ് വൈറ്റ് ഹൗസ് കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് രാജിവെച്ചു. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ റഷ്യന്‍ ഇടപെടലുമായി ബന്ധപ്പെട്ട് വൈറ്റ് ഹൗസ് ഇന്റലിജന്‍സ് കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല്‍കി ഒരു ദിവസത്തിന് ശേഷമാണ് ഹിക്‌സിന്റെ രാജി.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് ഹിക്‌സ് കമ്യൂണിക്കേഷന്‍ ഡയറക്ടറായി സ്ഥാനമേറ്റത്. സ്‌കാരാമൂചി പുറത്താക്കപ്പെട്ടതിന് പിന്നാലെയായിരുന്നു ഹിക്‌സിന്റെ സ്ഥാനാരോഹണം.

ട്രംപിന്റെ മകള്‍ ഇവാന്‍കയുടെ സ്ഥാപനത്തില്‍ മോഡലും പബ്ലിക് റിലേഷന്‍സ് ഓഫീസറുമായി ജോലി ചെയ്തിരുന്ന ഹിക്‌സ് ട്രംപിന്റെ പ്രചാരണ സംഘത്തിലും അംഗമായിരുന്നു. ഹിക്‌സിന്റെ രാജിക്ക് റഷ്യന്‍ ഇടപെടലുമായി ബന്ധമൊന്നുമില്ലെന്ന് വൈറ്റ് ഹൗസ് വക്താവ് സാറാ സാന്‍ഡേഴ്‌സ് പറഞ്ഞു.