കാര്‍ത്തി ചിദംബരത്തിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

Posted on: March 1, 2018 9:29 am | Last updated: March 1, 2018 at 11:56 am

ന്യൂഡല്‍ഹി: ഐ എന്‍ എക്‌സ് മീഡിയ തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ, പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കേസ് അന്വേഷണത്തോട് കാര്‍ത്തി സഹകരിക്കാത്തതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തതെന്നും അതിനാല്‍ 15 ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നും സിബിഐ ആവശ്യപ്പെടും. ലണ്ടനില്‍ നിന്ന് ചെന്നൈ വിമാനത്താവളത്തില്‍ തിരിച്ചെത്തിയ കാര്‍ത്തിയെ ഇന്നലെ രാവിലെയാണ് സി ബി ഐ അറസ്റ്റ് ചെയ്തത്.

ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കിയ കാര്‍ത്തി ചിദംബരത്തെ ഒരു ദിവസത്തേക്ക് സി ബി ഐ കസ്റ്റഡിയില്‍ വിട്ടു. കോടതി മുറിക്കുള്ളില്‍ വെച്ച് അഭിഭാഷകരുമായി സംസാരിക്കുന്നതിന് കാര്‍ത്തിക്ക് പത്ത് മിനുട്ട് സമയം മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് സുമീത് ആനന്ദ് അനുവദിച്ചു. 2007ല്‍ ധനമന്ത്രാലയത്തില്‍ സ്വാധീനം ചെലുത്തി വിദേശ ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ബോര്‍ഡ് വ്യവസ്ഥകള്‍ ലംഘിച്ച് ഐ എന്‍ എക്സ് മീഡിയക്ക് 305 കോടിയുടെ വിദേശ നിക്ഷേപത്തിന് അനുമതി വാങ്ങിനല്‍കിയെന്നാണ് കാര്‍ത്തിക്കെതിരായ ആരോപണം. പി ചിദംബരം കേന്ദ്ര ധനമന്ത്രിയായിരുന്ന കാലത്താണ് കാര്‍ത്തിക്കെതിരെ ആരോപണം ഉയര്‍ന്നത്. കാര്‍ത്തി ചിദംബരം ഐ എന്‍ എക്‌സില്‍ നിന്ന് കണ്‍സള്‍ട്ടേഷന്‍ ഫീസ് വാങ്ങിയതായും സി ബി ഐ കണ്ടെത്തിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ചിദംബരത്തിന്റെയും കാര്‍ത്തി ചിദംബരത്തിന്റെയും ചെന്നൈയിലെ വീടുകളില്‍ സി ബി ഐ നേരത്തെ പരിശോധന നടത്തിയിരുന്നു. കേസില്‍ കാര്‍ത്തി ചിദംബരത്തിന്റെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് എസ് ബാലകൃഷ്ണനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വിട്ട കോടതി നടപടിക്ക് പിറകെയാണ് കാര്‍ത്തിയുടെ അറസ്റ്റ്.

രാജ്യം വിടാതിരിക്കാന്‍ സി ബി ഐ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനെതിരെ കാര്‍ത്തി ചിദംബരം കോടതിയെ സമീപിച്ചിരുന്നു. സുപ്രീം കോടതി നല്‍കിയ അനുമതിയെ തുടര്‍ന്നാണ് കാര്‍ത്തി യു കെയിലേക്ക് പോയത്. കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലും ആരോപണവിധേയനായ കാര്‍ത്തിക്കെതിരെ കള്ളപ്പണ നിരോധന നിയമപ്രകാരവും അന്വേഷണം നടക്കുന്നുണ്ട്. എയര്‍സെല്‍- മാക്‌സിസ് കരാര്‍ സംബന്ധിച്ച കേസാണ് കാര്‍ത്തിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ( ഇ ഡി) പരിഗണനയിലുള്ളത്. ഐ എന്‍ എക്സ് മീഡിയ ഉടമകളായ പീറ്റര്‍, ഇന്ദ്രാണി മുഖര്‍ജി എന്നിവര്‍ ജയിലിലാണ്. ഇന്ദ്രാണി മുഖര്‍ജിയുടെ മകള്‍ ഷീന ബോറയെ കൊലപ്പെടുത്തിയെന്നതാണ് ഇരുവര്‍ക്കുമെതിരായ കുറ്റം. സി ബി ഐ, ഇ ഡി എന്നീ ഏജന്‍സികള്‍ തന്നെയും കുടുംബത്തെയും ലക്ഷ്യംവെച്ച് അനാവശ്യ പരിശോധനകള്‍ നടത്തുകയാണെന്ന് ചുണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ചിദംബരം സുപ്രീം കോടതിയില്‍ ഹരജി നല്‍കിയിരുന്നു.