ചെങ്കൊടി ഉയര്‍ന്നു; സിപിഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം

Posted on: March 1, 2018 9:20 am | Last updated: March 1, 2018 at 11:16 am
SHARE

മലപ്പുറം: ധീരസ്മരണകളുറങ്ങുന്ന വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ മണ്ണില്‍ ഇരുപത്തിമൂന്നാമത് സി പി ഐ സംസ്ഥാന സമ്മേളനത്തിന് പതാക ഉയര്‍ന്നു. ആവേശം തുടിക്കുന്ന വിപ്ലവഗാനങ്ങളുടെ മുഴക്കങ്ങള്‍ പ്രതിധ്വനി സൃഷ്ടിച്ച സായാഹ്‌നത്തില്‍ നൂറ്കണക്കിന് പ്രവര്‍ത്തകരുടെയും നേതാക്കളുടെയും അകമ്പടിയോടെയെത്തിയ കൊടിമര ജാഥയും പതാകമര ജാഥയും സമ്മേളന നഗരിയില്‍ സംഗമിച്ചു.
പട്ടാമ്പിയില്‍ ഇ പി ഗോപാലന്റെ സ്മൃതി മണ്ഡപത്തില്‍ നിന്ന് വി ചാമുണ്ണിയുടെ നേതൃത്വത്തില്‍ എത്തിച്ചേര്‍ന്ന കൊടിമരം സി പി ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. കെ പ്രകാശ് ബാബുവും അന്തിക്കാട് രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് കെ രാജന്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ കൊണ്ടുവന്ന പതാക സി പി ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരിയും ഏറ്റുവാങ്ങി.

മലപ്പുറം ജില്ലയിലെ മുതിര്‍ന്ന സി പി ഐ നേതാവ് പ്രൊഫ. ഇ പി മുഹമ്മദലി പതാക ഉയര്‍ത്തി. തുടര്‍ന്ന് മലപ്പുറം ജില്ലയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളുടെ സ്മരണ ഉയര്‍ത്തി 23 സ്മൃതി പതാകകള്‍ സമ്മേളന നഗരിയില്‍ ഉയര്‍ന്നു. സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ദേശീയ എക്‌സിക്യൂട്ടീവ് അംഗങ്ങളായ കെഇ ഇസ്മാഈല്‍, ബിനോയ് വിശ്വം, മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, വി എസ് സുനില്‍കുമാര്‍, സ്വാഗതസംഘം ചെയര്‍മാന്‍ കെ പി രാജേന്ദ്രന്‍, സ്വാഗതസംഘം കണ്‍വീനര്‍ പി പി സുനീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന് റെഡ് സല്യൂട്ട് എന്ന് നാമകരണം ചെയ്ത സാംസ്‌കാരിക സായാഹ്നത്തില്‍ വിപ്ലവഗായിക പി കെ മേദിനിയെ ആദരിച്ചു. ടി വി ബാലന്‍ അധ്യക്ഷത വഹിച്ചു. പി കെ ഗോപി, ലില്ലി തോമസ് പാലോക്കാരന്‍, എ ഷാജഹാന്‍, ഡോ. വള്ളിക്കാവ് മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു. പ്രശസ്ത ഗായകര്‍ നേതൃത്വം നല്‍കിയ വിപ്ലവഗാന സന്ധ്യ സമ്മേളന സമാരംഭ രാവിനെ അവിസ്മരണീയമാക്കി.

ഇന്ന് രാവിലെ ഇ ചന്ദ്രശേഖരന്‍ നായര്‍ നഗറില്‍ സി പി ഐ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. പി ശ്രീധരന്‍ മാസ്റ്ററുടെ സ്മൃതി മണ്ഡപത്തില്‍ സി പി ഐ സംസ്ഥാന എക്‌സി. അംഗം കമല സദാനന്ദന്‍ കൈമാറുന്ന ദിപശിഖ എ ഐ എസ് എഫ് നേതാവ് ചിഞ്ചു ബാബുവിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥിനികള്‍ സമ്മേളന നഗരിയിലെത്തിക്കും. ദീപശിഖ ഇ ചന്ദ്രശേഖരന്‍ നായര്‍ നഗറില്‍ (റോസ് ലോഞ്ച് ഓഡിറ്റോറിയം) അഡ്വ. കെ പി രാജേന്ദ്രന്‍ ഏറ്റുവാങ്ങും. തുടര്‍ന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാവ് സി എ കുര്യന്‍ പതാക ഉയര്‍ത്തുന്നതോടെ പ്രതിനിധി സമ്മേളന നടപടികള്‍ക്ക് തുടക്കമാകും. വൈകിട്ട് മലപ്പുറം മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ സാംസ്‌കാരിക സമ്മേളനം സി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ആലങ്കോട് ലീലാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. കെ പി രാമനുണ്ണി, എം എന്‍ കാരശ്ശേരി, കുരീപ്പുഴ ശ്രീകുമാര്‍, റഫീഖ് അഹമ്മദ്, വയലാര്‍ ശരത്ചന്ദ്ര വര്‍മ, വിനയന്‍, ഇ എ രാജേന്ദ്രന്‍, ഭാഗ്യലക്ഷ്മി, ചേര്‍ത്തല ജയന്‍ സംസാരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here