ചൈന ഏകാധിപത്യത്തിലേക്കോ?

Posted on: March 1, 2018 6:44 am | Last updated: February 28, 2018 at 11:19 pm

ചൈനീസ് പ്രസിഡന്റ് സി ജിന്‍പിംഗിന് അപരിമിതമായ അധികാരം കരഗതമാകാന്‍ പോകുകയാണ്. അത് ചൈനയുടെ മാത്രം കാര്യമായി തള്ളിക്കളയാവുന്ന ഒന്നല്ല. ലോകത്ത് ഒന്നാം നമ്പര്‍ ശക്തിയെന്ന ഖ്യാതിയിലേക്ക് കുതിക്കുന്ന ചൈന മുന്നോട്ടുവെക്കുന്ന അധികാരഘടന സ്വേച്ഛാധിപത്യ പ്രവണതകള്‍ ഉള്‍ക്കൊള്ളുന്നതായി തീരുന്നുവെന്നത് ജനാധിപത്യത്തെയും ജനങ്ങളുടെ സ്വയം നിര്‍ണയ ശേഷിയെയും സംബന്ധിച്ചുള്ള ലോകത്തിന്റെ പ്രതീക്ഷകളെ ചുരുക്കിക്കളയുന്നുണ്ട്. അയല്‍രാജ്യത്ത് അത്തരമൊരു പ്രവണത ശക്തിയാര്‍ജിക്കുന്നത് ഇന്ത്യയെ സംബന്ധിച്ചും പ്രധാനമാണ്. തുടര്‍ച്ചയായ രണ്ട് ഊഴങ്ങള്‍ക്ക് ശേഷം പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ മാറണമെന്നതാണ് നിലവിലെ ചൈനീസ് കീഴ്‌വഴക്കം. 1980കളില്‍ ഡെംഗ് സിയാവോപിംഗ് ആണ് ഇത്തരമൊരു ചട്ടം കൊണ്ടുവരാന്‍ മുന്‍കൈയെടുത്തത്. അനന്തമായ അധികാരത്തുടര്‍ച്ച ന്യായീകരിക്കാവുന്നതല്ലെന്നും പാര്‍ട്ടിക്ക് മേലെ പ്രതിഷ്ഠിച്ച വ്യക്തിയെ സൃഷ്ടിക്കാനേ അത് ഉപകരിക്കൂവെന്നുമുള്ള തിരിച്ചറിവാണ് ഇത്തരമൊരു ചട്ടത്തിലേക്ക് വഴി തെളിയിച്ചത്. 68 വയസ്സു കഴിഞ്ഞാല്‍ നേതാക്കള്‍ ഉന്നത രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കണമെന്ന കീഴ്‌വഴക്കവും നിലനില്‍ക്കുന്നുണ്ട്. പരമ്പരാഗത ജനാധിപത്യത്തിലെ വോട്ടെടുപ്പ് പോലുള്ള ഒരു സംവിധാനവും ചൈനയെപ്പോലെ കമ്യൂണിസ്റ്റ് ഭരണം നിലനില്‍ക്കുന്ന രാജ്യത്ത് ഉണ്ടാകില്ലെന്നിരിക്കെ ‘ചൈനീസ് സവിശേഷത’കളുള്ള അധികാര നിയന്ത്രണ ഉപാധി രൂപപ്പെടുത്തുകയാണ് ഡെംഗ് ചെയ്തത്. ഈ കീഴ്‌വഴക്കം പൊളിച്ചെഴുതുവാനാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്ലീനം തീരുമാനിച്ചിരിക്കുന്നത്. അതോടെ രണ്ടാമൂഴം കഴിഞ്ഞും അനിശ്ചിത കാലം ജിന്‍ പിംഗിന് അധികാരത്തില്‍ തുടരാം. 68 വയസ്സു കഴിഞ്ഞാലും പ്രശ്‌നമില്ല. സര്‍ക്കാര്‍ തലത്തില്‍ അംഗീകാരം ലഭിക്കുന്നതോടെ ഇത് നിലവില്‍ വരും. 2023ന് ശേഷവും അധികാരത്തില്‍ തുടരാന്‍ ഇതോടെ സി ജിന്‍പിംഗിന് സാധിക്കും. ആഗോളതലത്തില്‍ തന്നെ, തിരുവായ്ക്ക് എതിര്‍വായില്ലാത്ത രാഷ്ട്രത്തലവനായി അദ്ദേഹം പരിണമിക്കും. മൂന്ന് പതിറ്റാണ്ട് അധികാരം കൈയാളിയ പാര്‍ട്ടി സ്ഥാപക നേതാവ് മാവോ സേതൂങിനെയും കവച്ച് വെച്ചാകും ജിന്‍പിംഗ് കുതിക്കുക.

അമേരിക്കന്‍ പ്രസിഡന്റിന് വിപുലമായ അധികാരങ്ങളുണ്ട്. വീറ്റോയടക്കമുള്ള ആ അധികാര പരിധി പക്ഷേ, കോണ്‍ഗ്രസിനാല്‍ നിയന്ത്രിതമാണ്. ഫെഡറല്‍ സ്‌റ്റേറ്റുകളുടെ സ്വയംഭരണ, നിയമനിര്‍മാണ അധികാരങ്ങളും അദ്ദേഹത്തിന്റെ തന്നിഷ്ടത്തെ പിരിമിതപ്പെടുത്തുന്നു. ട്രംപിന്റെ കാര്യം പ്രത്യേകമായെടുത്താല്‍ അദ്ദേഹം നിരവധിയായ ആഭ്യന്തര പ്രതിസന്ധികളുടെ തടവറയിലാണെന്ന് കാണാനാകും. സി ജിന്‍പിംഗ് രണ്ടാമൂഴത്തിനപ്പുറത്തേക്ക് സഞ്ചരിക്കുന്നതിന് മുമ്പ് തന്നെ അധികാര കേന്ദ്രീകരണത്തിന്റെ ആള്‍രൂപമായി മാറിക്കഴിഞ്ഞിരുന്നു. പാര്‍ട്ടി അദ്ദേഹത്തിന്റെ കൈപ്പിടിയിലാണ്. സെന്‍ട്രല്‍ മിലിട്ടറി കമ്മീഷന്‍ ചെയര്‍മാനുമാണ്. ധനകാര്യ സമിതിയുടെയും പരിഷ്‌കരണ സമിതിയുടെയും തലപ്പത്തും അദ്ദേഹം തന്നെ. മാവോ സേതൂങിന് ശേഷം, ജീവിച്ചിരിക്കെ ചൈനീസ് ഭരണഘടനയില്‍ പേര് ചേര്‍ക്കപ്പെടുന്ന വ്യക്തിയാണ് സി ജിന്‍പിംഗ്. ‘ചൈനീസ് സവിശേഷതകളോട് കൂടിയ സോഷ്യലിസത്തിനായി പുതു യുഗത്തില്‍ സി ജിന്‍പിംഗ് ഉയര്‍ത്തിയ ചിന്തകള്‍’ സുപ്രധാന മാര്‍ഗ നിര്‍ദേശക തത്വമായി ഭരണഘടനയില്‍ ഉള്‍പ്പെടുത്തുകയാണ് ചെയ്തത്. ചൈനീസ് സ്വപ്‌നം സഫലമാകാന്‍ പോകുന്നത് സി ജിന്‍പിംഗിലൂടെയാണെന്ന് അത് ഉദ്‌ഘോഷിക്കുന്നു. ഈ ഭരണഘടനാ പ്രഖ്യാപനത്തിലൂടെ ഭരണാധികാരി എന്ന നിലയില്‍ നിന്ന് അവിരാമമായ ശക്തി സ്രോതസ്സെന്ന കാല്‍പ്പനിക ഭാവത്തിലേക്ക് ഈ 64കാരനെ ഉയര്‍ത്തുകയാണ് ചെയ്തത്.

സി ജിന്‍പിംഗിലേക്ക് അധികാരം കേന്ദ്രീകരിക്കുന്നതിനെ രണ്ട് നിലയിലാണ് വിലയിരുത്തപ്പെടുന്നത്. പുതിയ വെല്ലുവിളികള്‍ നേരിടാന്‍ നയത്തുടര്‍ച്ച മാത്രം പോര. വ്യക്തികളുടെ തുടര്‍ച്ച തന്നെ വേണമെന്നും കരുത്തുറ്റ ചൈന ലോകത്തിന്റെയാകെ ആവശ്യമാണെന്നും ചിലര്‍ വാദിക്കുന്നു. അമേരിക്ക മുന്നോട്ടു വെക്കുന്ന ഏകധ്രുവ ലോക ഭീഷണിയെ നേരിടാന്‍ ഇന്ന് സോവിയറ്റ് യൂനിയനില്ല. ഈ കുറവ് നികത്താന്‍ ശക്തമായ ചൈന വേണം എന്നതാണ് ന്യായം. എന്നാല്‍ അധികാര കേന്ദ്രീകരണം ഏത് സംവിധാനത്തെയും ദുഷിപ്പിക്കുകയേ ഉള്ളൂവെന്നതാണ് മുന്നിട്ട് നില്‍ക്കുന്ന വിലയിരുത്തല്‍. അതിന്റെ സൂചനകള്‍ ചൈനയില്‍ ഇപ്പോള്‍ തന്നെ കണ്ടു തുടങ്ങിയിരിക്കുന്നു. സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന വിമര്‍ശനങ്ങളെ അതിക്രൂരമായാണ് ചൈന നേരിടുന്നത്. വിവര വിസ്‌ഫോടനത്തിന്റെ കാലത്തും തങ്ങളുടെ ജനതയെ തുറസ്സിലേക്ക് തുറന്ന് വിടാന്‍ ആ രാജ്യം ഒരുക്കമല്ല. ജിന്‍ പിംഗിനെ വിമര്‍ശിക്കുന്നത് പാര്‍ട്ടിയെ വിമര്‍ശിക്കുന്നതിനും അതുവഴി രാഷ്ട്രത്തെ വിമര്‍ശിക്കുന്നതിനും തുല്യമായാണ് കാണുന്നത്. പാര്‍ട്ടിയായിരിക്കും കേന്ദ്ര സ്ഥാനത്ത്; അംഗങ്ങള്‍ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനത്തിന് തയ്യാറാകണമെന്ന ആഹ്വാനം അച്ചടക്കത്തിന്റെ വാള്‍ചുഴറ്റലാണ്. വിമതസ്വരങ്ങള്‍ അത് ഏത് നിലയിലായാലും വെച്ചു പൊറുപ്പിക്കില്ല. സി ജിന്‍പിംഗ് യുഗത്തില്‍ കൂടുതല്‍ ആത്മവിശ്വാസം നിറഞ്ഞതും ആധികാരികവും അതുകൊണ്ട് തന്നെ അക്രമാസക്തവുമായ വിദേശ നയമാകും കാണാനാവുക. സൗത്ത് ചൈനീസ് കടലിലും ടിബറ്റിലും ഇന്ത്യന്‍ അതിര്‍ത്തിയിലും തായ്‌വാനിലും ഇത് തന്നെയാകും നയം. ‘ചൈനീസ് സുഹൃത്തു’ക്കള്‍ക്ക് മേല്‍ ആരെങ്കിലും അവരുടെ അധികാരം അടിച്ചേല്‍പ്പിച്ചാല്‍ നോക്കി നില്‍ക്കില്ലെന്ന പ്രഖ്യാപനവും ഇതില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. വിപണി കൂടുതല്‍ തുറന്ന് വെക്കുകയും കൂടുതല്‍ രാജ്യങ്ങളുമായി സാമ്പത്തിക സഹകരണം തുടരുകയും ചെയ്യുകയെന്ന പരിഷ്‌കരണ ദൗത്യം വ്യാപകമാകും.

അറബ്- ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മുല്ലപ്പൂ വിപ്ലവം പോലുള്ള എടുത്തു ചാട്ടങ്ങള്‍ നടന്നത് ദീര്‍ഘകാലം അധികാരത്തില്‍ തുടര്‍ന്ന നേതാക്കള്‍ക്കെതിരെയായിരുന്നല്ലോ. ആ പ്രക്ഷോഭങ്ങളിലെല്ലാം അമേരിക്കയുടെയും സഖ്യ കക്ഷികളുടെയും കൈയുണ്ടായിരുന്നു. പാശ്ചാത്യ ജനാധിപത്യ യുക്തി അടിച്ചേല്‍പ്പിക്കലായിരുന്നു അത്. ചൈനയുടെ കാര്യം വരുമ്പോള്‍ ആരും മിണ്ടുന്നില്ലല്ലോ. അത് ചൈനയുടെ ആഭ്യന്തര കാര്യമാണെന്നാണ് യു എസ് പ്രതികരിച്ചത്. ശക്തന്‍ എപ്പോഴും ശക്തന്‍ തന്നെ.